ഉച്ചകഴിഞ്ഞ്, വെറുതെ മരുഭൂവിൽ നോട്ടം ഓടിച്ചിരുന്നപ്പോൾ ആ കാഴ്ച കണ്ടു എന്റെ ദേഹം നടുങ്ങിപ്പോയി. ഹൃദയം കല്ല് പോലെയായി. ഞാൻ പ്രാർത്ഥിച്ചു, “പടച്ചവനെ എന്നെ ശപിക്കരുത്”. അതൊരു പെണ്ണിന്റെ രൂപം. കാറ്റിൽ തലമുടി അഴിഞ്ഞു തിരയിളകിക്കൊണ്ടിരുന്നു. അവളുടെ രൂപം വളരെ അകലെ ഒരു ചെറിയ പുള്ളിയായി ആദ്യം കണ്ടു. അവളുടെ കറുത്ത വസ്ത്രം കാറ്റിൽ ഇളകി. കാനൽജലത്തിൽ കാണുന്നതുപോലെ തെളിഞ്ഞും പിന്നെ മറഞ്ഞും. എന്റെ മനസ്സ് നിറയെ എന്തോ അറിയാത്ത ഭയം ഇരുണ്ടു നിന്നു. ഞാൻ സ്വയം പറഞ്ഞു “ഇല്ല! ഇല്ല! ഇതെനിക്ക് സമ്മതിച്ചുകൊടുക്കാൻ പറ്റില്ല. ഇതല്ല. ഇങ്ങനെയല്ല.”. ഇവിടെ ഇങ്ങനെ ഒരു പെണ്ണ് വരുവാൻ ഒരു വഴിയുമില്ല .”പടച്ചവനെ! അളവില്ലാത്ത കരുണയുടെ ഉറവിടമേ! എനിക്കിനി ഈ ഭാരം സഹിക്കാനാവില്ല. ഈ മഹനീയമായ പ്രേമം, ഈ ഒടുങ്ങാത്ത മോഹം, ഈ ഉണങ്ങാത്ത വൃണം എനിക്ക് ഇനി വേണ്ട. ഞാൻ ഇവിടെ മരിക്കാം” എന്റെ ചുണ്ടുകൾ പിന്നെയും പിന്നെയും എന്തോ പ്രാർത്ഥിക്കുകയായിരുന്നു.
ആ രൂപം കാറ്റിൽ ഇളകിക്കൊണ്ട് മരീചികയുടെ തിരശ്ശീലയിൽ നിന്നും വെള്ളം കിനിഞ്ഞു തുള്ളിയാകുന്നതുപോലെ രൂപം കൊണ്ട് എൻറെ അടുത്ത് വന്നു . അതിന്റെ രൂപം തെളിഞ്ഞപ്പോൾ അറിഞ്ഞു, അത് പെണ്ണല്ല. എന്റെ മനസ്സ് എല്ലാ കെട്ടുകളിൽ നിന്നും സ്വയം ഊരി തുള്ളിച്ചാടി. ഭാരമില്ലാതെ കാറ്റിൽ ഇളകി കളിച്ചു . അതെ അതൊരു മനുഷ്യൻ. മനുഷ്യൻ തന്നെ. പുണ്യം ചെയ്ത ഒരു ജന്മം.
എന്റെ മനസ്സ് ഉരുകിത്തിളച്ചു കവിഞ്ഞൊഴുക .കണ്ണുകളിൽ കണ്ണുനീർ വന്നു മറച്ചു. അതിലൂടെ ഞാൻ കണ്ടു, മനുഷ്യൻ! മനുഷ്യപുത്രൻ! ആദമിന്റെ മകൻ! എന്നെ നോക്കി വരികയായിരുന്നു അവൻ. എത്ര തലയെടുപ്പ്! എത്ര തിളക്കം! മനുഷ്യൻ !മനുഷ്യൻ! മനുഷ്യൻ! ഞാൻ പിന്നെയും പിന്നെയും മനസ്സിൽ പറഞ്ഞു. “പടച്ചവനേ, നിന്റെ ഏത് അത്ഭുത സിദ്ധി മനുഷ്യനെ ഈ മണ്ണിൽ സൃഷ്ട്ടിച്ചു! ഏത് സ്വർഗ്ഗലോകത്തിൽ നിന്നു അവന്റെ രൂപം നീ കണ്ടെടുത്തു!”
ഞാൻ കൈകൾ വീശി ഒച്ച ഉണ്ടാക്കി. “കൂട്ടുകാരാ” എന്റെ ശബ്ദം പൊന്തിയില്ല. തൊണ്ട മുഴുവനായും പൊട്ടിക്കഴിഞ്ഞിരുന്നു. ശക്തി മുഴുവൻ ഒന്നാക്കി ഞാൻ എണീറ്റു. “കൂട്ടുകാരാ! ഇങ്ങോട്ട്! ഇവിടെ!” കാലുകളുടെ അടിയിൽ മുള്ളു പരത്തിയിട്ടത്പോലെ ഉള്ളങ്കാലിലെ വ്രണങ്ങൾ നീറി. ഞാൻ അത് കൂട്ടാക്കിയില്ല.ആവുന്നത്ര വേഗത്തിൽ അവനെ നോക്കി ഞാൻ ഓടി. അവൻ അര മൈൽ അകലെ ആയിരിക്കാം. എന്നെ കണ്ടതായി തോന്നിയില്ല. നടത്തത്തിലോ ഭാവത്തിലോ ഒരു മാറ്റവും കണ്ടില്ല.. കറുത്ത വസ്ത്രം മാത്രം പറന്നു ഉലഞ്ഞുകൊണ്ടിരുന്നു. കൈ വീശിക്കാട്ടിക്കൊണ്ടു ഞാൻ അവനെ നോക്കി ഓടി.
പെട്ടെന്ന് അവൻ എന്നെ കണ്ടു. പക്ഷേ അവന് യാതൊരു പ്രതികരണവും നൽകാനായില്ല. അവനും നന്നേ തളർന്നിരുന്നു എന്ന് ഞാൻ കണ്ടു .പൊട്ടിച്ചിരിച്ചുകൊണ്ട് , തുള്ളിച്ചാടിക്കൊണ്ടു അവനെ ഞാൻ പിന്നെയും പിന്നെയും വിളിച്ചു . അവൻ മറുപടിയൊന്നും പറഞ്ഞില്ല. പക്ഷെ വിചിത്രമായ എന്തോ പാടുന്നത് പോലെ, അല്ലെങ്കിൽ കരയുന്നത് പോലെ ഒരൊച്ച കേട്ടു. അത് അവന്റേ ശബ്ദമോ? കൊടുംചൂടിൽ അവന്റെ ചിന്ത കലങ്ങി കഴിഞ്ഞുവോ? ഈ മരുഭൂമിയിൽ ഭ്രാന്തർ അല്ലാതെ വേറെ ആർക്ക് ഒറ്റയ്ക്ക് ഇങ്ങനെ നടക്കാൻ കഴിയും?
ഞാൻ അടുത്ത് ചെന്നപ്പോൾ എന്നെ കണ്ട ഞെട്ടലിൽ അവൻ ഒന്ന് ഉലഞ്ഞു. അവൻ വീഴാൻ പോയപ്പോൾ ഞാൻ താങ്ങിപ്പിടിച്ചു.അവൻ്റെ ശരീരത്തിൽ നിന്നും മൂത്രത്തിന്റെ ഗന്ധം. നെറ്റിയിലും കവിളുകളിലെയും എല്ലുകൾ പൊട്ടി ചോര ഒലിച്ച വ്രണങ്ങൾ കരിഞ്ഞു കറുത്ത് ഒട്ടിപ്പിടിച്ചിരുന്നു.ആവേശത്തോടെ അവനെന്നെ മുറുകെ പുണർന്നു. എന്റെ കൈപിടിച്ചുകൊണ്ട് കാലുകൾ തളർന്നു മുട്ടുകുത്തി നിലത്തിരുന്നു. ഞാനും അടുത്ത് മുട്ടുകുത്തി അവനെ കെട്ടിപ്പിടിച്ചു. അവൻ പറഞ്ഞത് എന്തോ ചോദ്യങ്ങൾ പോലെ തോന്നി. പിന്നെ എനിക്ക് മനസ്സിലായി, അവൻ പറയുന്നത് അപരിചിതരോടുള്ള അറബികളുടെ അന്വേഷണം. എന്റെ വീട്ടുകാർ എല്ലാവരും സുഖമോ? എൻറെ ഭാര്യമാരും കുട്ടികളും സുഖമോ?എന്റെ ആടുകളും ഒട്ടകങ്ങളും സുഖമായിരിക്കുന്നുവോ? ഞാൻ പറഞ്ഞു, അതെ എല്ലാം സുഖം. എല്ലാം എപ്പോഴും സുഖം.സുഖമല്ലാതെ മറ്റൊന്നുമില്ല.
“ഞാൻ കട്ടിട്ടില്ല സഹോദരാ” എന്ന് പറഞ്ഞുകൊണ്ട് അവൻ ബോധംകെട്ടു വീണു. എനിക്ക് എന്ത് ചെയ്യണമെന്ന് മനസ്സിലായില്ല. പിന്നെയും മരത്തിന്റെ അടിയിലേക്ക് പോകാൻ ഒരുപാട് ദൂരമുണ്ട് .അതുവരെ അവനെ വലിച്ചുകൊണ്ടു പോകാൻ പറ്റില്ല. മരുഭൂമിയുടെ ചുട്ടുപഴുത്ത മണൽ അവനെ കൊന്നുകളയും.അവനെ പൊക്കിക്കൊണ്ട് പോകാൻ എനിക്ക് ആരോഗ്യം ഇല്ല. എന്റെ കുപ്പായം കൊണ്ട് അവൻറെ മീതെ നിഴൽ ഉണ്ടാക്കിക്കൊണ്ടു ഞാൻ അടുത്ത് തന്നെ നിന്നു . അവനെ തൊട്ടുണർത്തി വിളിച്ചു നോക്കി.”സഹോദരാ! എഴുന്നേൽക്കൂ സഹോദരാ! എഴുന്നേൽക്കൂ.”. അവനൊരു അനക്കവുമില്ല. ശവംപോലെ അവൻ മണലിൽ കിടന്നു.
അവന്റെ മുഖം ഞാൻ തട്ടി നോക്കി. ഉണരുന്നില്ല . മൂക്കിൽ കൈ വച്ചപ്പോൾ ശ്വാസമുണ്ടു എന്ന് കണ്ടു. സന്ധ്യയ്ക്ക് ഇനിയും മൂന്നു മണിക്കൂറെങ്കിലും ഉണ്ട്. അത് വരെ അവൻ അവിടെ കിടക്കാൻ പറ്റില്ല. അവനെ ഉണർത്തിയേ പറ്റൂ. ഞാൻ എന്റെ ബാക്കി വെള്ളമെടുത്ത് അവന്റെ മുഖം നനച്ചു. അപ്പോൾ അവന്റെ മുഖം ഞാൻ ശ്രദ്ധിചു. മുഖം ആകപ്പാടെ വലിയൊരു വ്രണമായിതോന്നി. മുഖത്തിലെ ചർമം മരത്തിനെ പരുക്കൻ പട്ട പോലെ വിണ്ടു പൊട്ടി കരിഞ്ഞിരുന്നു . പെട്ടെന്ന് എന്തോ തോന്നി ഞാൻ എന്റെ മുഖം തൊട്ടു നോക്കിയപ്പോൾ അതും അതേപോലെതന്നെ എന്ന് അറിഞ്ഞു.
അവൻ ചെറുപ്പക്കാരൻ, ഇരുപതു വയസ്സ് ഉണ്ടാകും. മുഖത്ത് ചെറിയ മീശയും താടിയും . ശരീരം മുഴുവൻ ചോര ഉണങ്ങിയ ആഴമുള്ള പുണ്ണ്. കൈമുട്ടിലും കാൽമുട്ടിലും ഒക്കെ ചോരപ്പുണ്ണുകൾ. ഒരുപാട് ചോര നഷ്ടപ്പെട്ടുകഴിഞ്ഞു എന്ന് തോന്നി. അവൻറെ ഉടൽ ഞാൻ പരിശോധിച്ചുനോക്കി. ദേഹത്ത് ഒരിടത്തും കുടിവെള്ളമോ ഭക്ഷണമോ ഇല്ല. അരയിൽ ഒരു ചെറിയ കത്തി. അവൻറെ കൈയിൽ വേറൊന്നുമില്ല.
അവന്റെ വായിൽ പല്ലിന്റെ ഇടയ്ക്ക് വിരല് കടത്തി വായ വേർപെടുത്തി കുറച്ചു വെള്ളം ഉള്ളിലേക്ക് കടത്തി. അവന്റെ നാക്ക് ഇഴഞ്ഞുവന്നു വെള്ളം നുണച്ചിറക്കി. തൊണ്ടയിലൂടെ വെള്ളം കടന്നു പോകുന്നത് കാണാനായി. പൂട്ടിയ ഇമകൾക്കുള്ളിൽ മിഴികൾ ചലിക്കുന്നത് കണ്ടു. “സഹോദരാ എഴുന്നേൽക്ക്” എന്ന് ഞാൻ അവന്റെ കാതുകളിൽ പറഞ്ഞുകൊണ്ടിരുന്നു.
പതുക്കെ അവൻ കണ്ണ് തുറന്നു നോക്കി. പെട്ടെന്ന് അവന്റെ കൈ അരയിലുള്ള കത്തിയിലേക്ക് പോയി. ഞാൻ ബലമായി അവന്റെ കൈപിടിച്ച് തിരിച്ചു ആ കത്തി പറിച്ചെടുത്ത് എൻറെ അരയിൽ തിരുകി. അവൻറെ മറ്റെ കൈയുടെ മീതെ എൻറെ കാൽമുട്ട് ഊന്നി അതിനെ അനങ്ങാനാതാക്കിയിട്ട് ഞാൻ പറഞ്ഞു “സഹോദരാ, ഞാൻ നിന്നെ സഹായിക്കാൻ വന്നവൻ”. അവൻ എന്തോ പറയുന്നതുപോലെ ഒച്ച ഉണ്ടാക്കി. “വരൂ, എഴുന്നേൽക്കൂ. ഞാൻ നിന്നെ തണലിലേക്ക് കൊണ്ടുപോകാം.”
ഞാൻ അവൻറെ കൈ എൻറെ തോളിലിട്ട് അവൻറെ ശരീരം പൊക്കിക്കൊണ്ട് മണലിൽ പതുക്കെ നടന്നു തുടങ്ങി. അവന്റെ കാലുകൾ നടക്കാനാവാതെ കുഴഞ്ഞു. ചിന്തിക്കാനാവാത്ത വിധങ്ങളിൽ അവ മടങ്ങിച്ചെരിഞ്ഞു. എന്റെ മുഴുവൻ ബലവും അവനെ താങ്ങിയെടുത്ത് നടക്കാൻ വേണ്ടിവന്നു. ഉച്ചവയിൽ തീയായി കത്തുകയായിരുന്നു. രണ്ട് ശരീരങ്ങളുടെ ഭാരത്തോടെ ഞാൻ നടന്നു
പലതവണ നിന്ന് ശ്വാസം വീണ്ടെടുത്തും, ഇടയ്ക്ക് ബോധം നഷ്ടപ്പെട്ട അവനെ വിളിച്ചു ഉണർത്തിയും ഞാൻ മുമ്പോട്ടു പോയി. ഒരുപാട് നേരം കഴിഞ്ഞ് മരത്തണലിൽ എത്തി. .മരം അതിനുള്ളിൽ കുറെ പുതിയ പൂക്കൾ പൊഴിച്ച് ഞങ്ങളെ കാത്തു നിന്നു . അവനെ ഞാൻ വേരുകളുടെ നടുക്ക് ചരിച്ച് കിടത്തി. അവന്റെ ദേഹത്തിൽ നിന്നും മൂത്രത്തിന്റെ നാറ്റം എൻറെ ദേഹത്തും കടന്നിരുന്നു. അവൻ എന്തോ പുലമ്പി കൊണ്ടിരുന്നു.”ഇല്ല! ഇല്ല!” എന്ന് എന്തോ മറുത്തു പറഞ്ഞു . അവന്റെ ഉച്ചാരണം വെച്ചു നോക്കിയപ്പോൾ അവൻ പ്രധാനപ്പെട്ട അറബി വർഗ്ഗത്തിൽ ഉള്ളവനല്ല എന്ന് തോന്നി. മിക്കവാറും ഏതോ ചെറിയ ഗോത്രത്തിൽ പെട്ടവൻ. അവൻ കച്ചവടക്കാരനല്ല. എങ്കിൽ അവൻ വഴി തെറ്റി വന്നതല്ല. അവന്റെ ദേഹത്തിലെ പുണ്ണ് വെച്ച് നോക്കിയപ്പോൾ അവനെ അവർ അടിച്ചു അവശനാക്കി മരുഭൂമിയിലേക്ക് ഓടിചിരിക്കാം എന്ന് തോന്നി .അവൻറെ സ്വന്തം ആളുകൾ തന്നെ അത് ചെയ്തിട്ടുണ്ടാവും. വേറെ ഗോത്രക്കാരെങ്കിൽ കൊല്ലുമായിരുന്നു.
അവൻ എന്തെങ്കിലും കട്ടതാവാം. ബദുക്കൾ വളരെ അപൂർവമായിട്ട് മാത്രമേ കളവ് ചെയ്യാറുള്ളൂ. മരുഭൂമിയിൽ എവിടെയും കട്ട മുതൽ ഒളിപ്പിക്കാൻ പറ്റില്ല. മരുഭൂമിയിൽ ഒരാൾക്കും ഓടി ഒളിക്കാനും സ്ഥലമില്ല. ഒരാൾ കള്ളൻ എങ്കിൽ അവനെ വല്ലാതെ അപമാനിച്ചതിനുശേഷം അടിച്ചു നടക്കാൻ കഴിയാതേയാക്കി മരുഭൂമിയിലേക്ക് ഓടിക്കുക പതിവ്. അവന്റെ ഭാര്യയെയും മക്കളെയും അടിമകളായി ആ ഗോത്രവർഗ്ഗം എടുക്കും. അവനെ അപമാനിക്കുന്നതിന് വേണ്ടി ഉടൽ മുഴുവൻ അവർ മൂത്രമൊഴിചിരുന്നു. അതിന്റെ ചൂരു ചെന്നായ്കൾക്ക് വളരെ അകലെ തന്നെ കിട്ടും . അവനെ പിന്തുടർന്ന് അവ വരുന്നുണ്ടാകും. അവൻ കിടന്നിരുന്നുവെങ്കിൽ അവ അവനെ ഇപ്പോൾ തിന്നു ദഹിച്ചുകഴിഞ്ഞിരിക്കും.
ഇനിയെന്തു ചെയ്യും എന്ന് അറിയാതെ ഞാൻ മരത്തിന്റെ അടിയിൽ ചെരിഞ്ഞിരുന്നു. ചെറുപ്പക്കാരൻ, സുന്ദരൻ. അവൻ മരിച്ചു കൊണ്ടിരിക്കുന്നു എന്ന് വ്യക്തം. എനിക്ക് അവനെ രക്ഷിക്കാനാവില്ല എന്നതും. ഇനി ഒന്നും ചെയ്യാനാവില്ല.
സ്വർണ്ണപ്പുറങ്കാരൻ മരത്തിന്റെ മറുവശത്തുനിന്നും പതുക്കെ തല നീട്ടി എത്തിനോക്കി. ചെറിയൊരു ധൈര്യം അവന് വന്നു എന്ന് തോന്നി. ഞാൻ കഴിയുന്നത്ര ചലനം ഇല്ലാതെ അവൻറെ പൊന്നു തിളങ്ങുന്ന ഉടൽ നോക്കിക്കൊണ്ട് ഇരുന്നു. തലയെടുപ്പും മാന്യതയ്യും ഉള്ള നടത്തത്തോടെ അവൻ അടുത്തേക്ക് വന്നു. കൊഴുത്ത ഉടലിൽ ശ്വാസം തീത്തുരുത്തി പോലെ പെരുത്തും ചുരുങ്ങിയും അനങ്ങി. കാലുകളിൽ നാലു ഇളങ്കുഞ്ഞു വിരലുകൾ. കൈകളും ആറുമാസ കുട്ടിയുടെപോലെ. പക്ഷേ കഴുത്തിന്റെ അടുത്ത് ഞൊറികളായി മടങ്ങിയിരുന്ന ചർമം പ്രായവും പക്വതയും ഉള്ള വയസ്സനെപോലെ.
പൊന്നുകുട്ടൻ ദേഹം പതുക്കെ അനക്കി, ഓരോ കാൽവെപ്പും ശ്രദ്ധിച്ച് , ഇടയ്ക്കു നിന്ന് കണ്ണുരുട്ടി, മരിച്ചു കൊണ്ടിരുന്ന ചെറുപ്പക്കാരൻറെ അടുത്തേക്ക് വന്നു. അവന്റെ തലയിൽ ഉണങ്ങിയിരുന്ന ചോര മണപ്പിച്ചു നോക്കി. ചെറുപ്പക്കാരൻ ഒന്നും അറിയുന്നില്ല. അവന്റെ വായിൽ നിന്നും സന്നി ബാധിച്ചത് പോലെ ശ്വാസം ഒച്ചയോടെ വന്നുകൊണ്ടിരുന്നു. കനകവർണൻ കുറെ നേരം നിശബ്ദമായി എന്തോ ചിന്തിച്ച് നിന്നു. ഒന്ന് കണ്ണ് ചിമ്മി, തീരുമാനമെടുത്തത് തിരിഞ്ഞ് നടന്ന് അകന്നു.
അന്തിവെട്ടം കിനിഞ്ഞുകൊണ്ടിരുന്നു. സൂര്യൻ പൊന്നുപോലെ ഉരുകി ഇറങ്ങി. ചെറുപ്പക്കാരൻ പെട്ടെന്ന് ഉണർന്നു ഏന്നെ വിളിച്ചു. “സഹോദരാ, ഒരല്പം വെള്ളം” ശബ്ദം നന്നായി തെളിഞ്ഞിരുന്നു. അടുത്ത് ചെന്ന് നോക്കിയപ്പോൾ അവന്റെ ദേഹം ചുട്ടുപൊള്ളുന്നത് അറിഞ്ഞു. തലവസ്ത്രം അഴിച്ചു മാറ്റി ചട്ടയിലെ കുരുക്കുകളെല്ലാം തളർത്തി. എന്റെ കൈയിൽ ഉണ്ടായിരുന്ന വെള്ളം ഒരു കവിൾ കൊടുത്തു. ആവേശത്തോടെ അവൻ കുടിച്ചു .പിന്നെയും കുറച്ചു കൊടുക്കാൻ പോയപ്പോൾ മതി എന്ന് അവൻ കൈകാട്ടി.
ശ്വാസം നേരേയാക്കിയിട്ട് വ്യക്തമായി അവൻ പറഞ്ഞു, “സഹോദരാ എന്നോട് പൊറുക്കുക. എന്നോട് പൊറുക്കുക”. അവന്റെ കണ്ണുകളിൽ വെള്ളം നിറഞ്ഞു. അവൻ പറഞ്ഞു “സഹോദരാ ഞാനത് ചെയ്തത് എനിയ്ക്കുവേണ്ടിയല്ല. എന്റെ കുട്ടികൾക്കായി…”
ഞാൻ അവന്റെ കണ്ണുകളെ നോക്കി പറഞ്ഞു.”സഹോദരാ നീ ഈ ലോകത്ത് ജനിച്ചു, ഒരുപാട് ദുഃഖിച്ചു . ഇനി നിനക്ക് മാപ്പ് ഉണ്ടാകും”
അവൻ തേങ്ങിക്കൊണ്ട് എൻറെ കൈപിടിച്ച്ഞെരിച്ചു .ഞാനൊന്നും പറയാതെ അവനെ നോക്കിയിരുന്നു . സന്ധ്യയുടെ ചുവന്ന വെട്ടം അവന്റെ തലമുടിയിൽ പൊന്നു പുരട്ടി. അവന്റെ മുഖത്തും കണ്ണിലും ഒക്കെ പൊന്നു കലർന്നിരുന്നു. പതുക്കെ അവന്റെ ബോധം മാഞ്ഞു. അരമണിക്കൂർ കഴിഞ്ഞിട്ടുണ്ടാവും, അവന്റെ ശ്വാസം നിലച്ചു, ദേഹം തണുത്തു.
ഞാൻ കത്തിയമർന്നുകൊണ്ടിരുന്ന സൂര്യനെ നോക്കിക്കൊണ്ട് കുറെ നേരം ഇരുന്നു. കാറ്റിൽ മരത്തിന്റെ ഇലകൾ ചലിക്കുന്നതിൻറെ മർമ്മരം എനിക്കൊരു ശാന്തി ഉണ്ടാക്കി. മരണം മാത്രം ഉണ്ടാക്കുന്ന നിറവ്.
ആ ചെറുപ്പക്കാരനെ അവിടെ ആ മരത്തിന്റെ അടിയിൽ തന്നെ കുഴിച്ചിടാൻ ഞാൻ തീരുമാനിച്ചു. അവനെ വിധി എന്റെ അടുത്തേക്ക് കൊണ്ട് വന്നു ചേർത്തത്തന്നെ അതിന് വേണ്ടിയായിരിക്കും. ഞാൻ നാലു പാടും നോക്കിയപ്പോൾ എന്റെ ഇടുപ്പിൽ ഉണ്ടായിരുന്ന അവന്റെ കത്തിയിൽ കൈ തൊട്ടു. പെട്ടെന്ന് എന്തോ അറപ്പു തോന്നി ഞാൻ അത് വലിച്ചെറിഞ്ഞു, എന്ത് ദേഹം ഒന്ന് സമനില വീണ്ടെടുത്തപ്പോൾ മണലിൽ തോണ്ടാൻ എന്തെങ്കിലും കിട്ടുമോ എന്ന് പിന്നെയും ഞാൻ നോക്കി. മരത്തിൽ ഒരാൾ പൊക്കത്തിന് മുകളിൽ അതിന്റെ പട്ട പൊളിഞ്ഞ് നിൽക്കുന്നത് കണ്ടു. പറ്റിപ്പിടിച്ച് കയറി ആ പട്ട ഉരിച്ചെടുത്തു. എന്റെ കൈക്കുമ്പിളിനേക്കാൾ വലുതായി, ലേശം വളഞ്ഞ് ഒരു തവി പോലെ ഉണ്ടായിരുന്നു അത്. ഇരുട്ടുന്നതിനുള്ളിൽ കബറടക്കം കഴിയണമെന്ന് ഞാൻ തീരുമാനിച്ചു . വേഗം തോണ്ടി തുടങ്ങി.
കനകൻ താല്പര്യത്തോടെ എത്തിനോക്കി. “എന്താടാ ബഡുക്കൂസേ?” എന്ന് ഞാൻ ചോദിച്ചു അവൻ സംശയത്തോടെ തല ഒന്ന് ചെരിച്ചു.
“ഹോ നോക്കണ്ട കെട്ടാടാ… ഞങ്ങളുടെ ജാതിക്ക് ഇത് പോലെ ചില ഭ്രാന്തൊക്കെയുണ്ട്” എന്ന് ഞാൻ പറഞ്ഞു.
അവൻ തന്റെ വാല് വെറുതെ ഒന്ന് ആട്ടി. തൊള്ള പൊളിച്ചു എന്നെ ശ്രദ്ധിച്ചു. ഞാൻ ലേശം മണൽവാരി അവന്റെ മീതെ എറിഞ്ഞു . അവൻ ഒന്ന് ചീറി തലപൊക്കി. “പോട്ടെ, ഞാൻ കളിച്ചതല്ലേ … പോട്ടെ.” എന്ന് ഞാൻ പറഞ്ഞു. ഞങ്ങൾ ഒരു ഒത്തുതീർപ്പിലെത്തി .അവൻ അടുത്തുതന്നെ ഇരുന്നു ഞാൻ പണിയെടുക്കുന്നതു വയസൻ മേസ്തിരി പോലെ താല്പര്യത്തോടെ നോക്കി.
മൂന്നു അടി ആഴത്തിൽ ഒരു ചെറുകുഴി മതി എന്ന് ഞാൻ കരുതി. കുഴിക്കുന്നതിനു നടുക്ക് പലതവണ തലചുറ്റി ഞാൻ ഇരുന്നുപോയി. മണൽ ആയതുകൊണ്ട് കുഴിക്കുന്നത് വളരെ എളുപ്പമെങ്കിലും എനിക്ക് അത് വലിയ പണിയായിരുന്നു. രണ്ടു അടി ആഴത്തിന് താഴെ മരത്തിന്റെ വേരുകൾ വളരെ ശക്തമായി വല പോലെ പിണഞ്ഞു കണ്ടു . എന്റെ കൈയിൽ തോലുരിഞ്ഞ് ചുവന്ന മാംസം പുറത്തുവന്നു. ഓരോ തവണ കുഴികുത്തുമ്പോഴും വേദന തലയിലേക്ക് അടിച്ചു. രണ്ടര അടിക്കു അപ്പുറത്ത് തുടരാൻ കഴിഞ്ഞില്ല. അത് മതിയെന്ന് തോന്നി. മരുഭൂമിയുടെ കൊടും വിശപ്പ് രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ അവനെ തിന്ന് ദഹിക്കും.
അവൻ മെലിഞ്ഞവൻ. എന്റെയത്രതന്നെ നീളം. ഞാൻ അകത്തു ഒന്ന് കിടന്നു നോക്കി . വലിയ ബുദ്ധിമുട്ടൊന്നുമില്ല . ചെരിഞ്ഞു കിടക്കുകയാണെങ്കിൽ നല്ല സൗകര്യം എന്നുതന്നെ പറയാം. പുറത്തിരിക്കുന്നതിനേക്കാൾ അകത്ത് സുഖമായിരിക്കാനും സാധ്യതയുണ്ട്. ഞാൻ തിരിഞ്ഞ് അവനോട് പറഞ്ഞു. “കൊള്ളാം. ഉണരേണ്ട ബുദ്ധിമുട്ട് ഇല്ലല്ലോ”
സൂര്യൻ മറഞ്ഞു കഴിഞ്ഞിരുന്നുവെങ്കിലും ആകാശത്ത് ലേശം വെളിച്ചം ഉണ്ടായിരുന്നു . ഞാൻ അവന്റെ ഉടൽ തൊട്ടുനോക്കി. മരക്കട്ട പോലെ കൈയും കാലും അതിനുള്ളിൽ തന്നെ മുറുകിയിരുന്നു. അവന്റെ ദേഹം വലിച്ചു കബർ കുഴിക്കുള്ളിലിറക്കി. കയ്യും കാലും നന്നായി ചേർത്തു വെച്ച് തു-ആ പറഞ്ഞു മണലിട്ട് മൂടി. “ഇന്നാലില്ലാഹി വ ഇന്നൈനലാഹി രജൂവുൻ!”
വളരെ ചെറുപ്പകാലത്ത് തന്നെ പ്രാർത്ഥന ചെയ്യുന്നതു നിർത്തി. അള്ളാഹുവിന്റെ അളവില്ലാത്ത ശക്തിയോടു ഭയം ഇല്ലാഞ്ഞിട്ടല്ല, അവൻറെ നിലയ്ക്കാത്ത കരുണയോടു വിശ്വസം ഉണ്ടായിരുന്നത് കൊണ്ട്. ഞാൻ മാത്രം അങ്ങനെ ഒരു പ്രാർത്ഥന ചെയ്യാൻ പാടില്ല എന്ന് തോന്നി. ഈ പ്രപഞ്ചമായ പ്രപഞ്ചങ്ങളിൽ എത്രയോ ജീവികൾ. എല്ലാവരെയും കാത്ത് സൂക്ഷിക്കുന്ന ഒരാളോട് എന്നെ മാത്രം നോക്കി കൊള്ളണം എന്ന് ചോദിക്കുന്നതിൽ ഒരു പന്തികേടില്ലേ? എട്ടു വയസ്സിൽ തന്നെ ഞാൻ ഖുർ-ആൻ പൂർണമായും പഠിച്ചു. ജീവനുള്ള എല്ലാം എന്നും എന്നെ തൊഴുന്നു എന്ന് ദൈവം പ്രവാചകനിലൂടെ പറയുന്നു. പറവകളും മൃഗങ്ങളും പ്രാണികളും സ്വന്തം ജീവിതം അല്ലാഹുവിന്റെ മുന്നിൽ തുറന്നു വച്ചിരിക്കുന്നു. അതിനേക്കാൾ വലിയ പ്രാർത്ഥന എന്തുണ്ട്? ഞാനും അങ്ങനെ ഒന്നും മറയ്ക്കാതെ അവന്റെ മുന്നിൽ നിൽക്കണം. ഇന്നിതാ എന്റെ കറുപ്പും വെളുപ്പും ഞാൻ തുറന്നു വെച്ചിരിക്കുന്നു. ഈ ലോകമായ ലോകത്തിനു മുന്നിൽ. പടച്ചവന്റെ മുന്നിൽ. ഓരോ തവണ ഒറ്റയ്ക്ക് ഇരിക്കുമ്പോഴും അത് ഒരു പ്രാർത്ഥനയാക്കുന്നു. ഓരോ തവണ എണീക്കുമ്പോഴും പുതിയ വസ്ത്രം പോലെ എന്നെ ഞാൻ പിന്നെയും ധരിക്കുന്നു. എന്റെ ജീവിതവും ഒരു നിത്യമായ പ്രാർത്ഥന ആയിത്തീരണമെന്ന് തോന്നി.
എന്നാൽ അന്ന് രാത്രി ഞാൻ പ്രാർത്ഥിച്ചു. ആ ചെറുപ്പക്കാരന് വേണ്ടി ഒരുപാട് നേരം മനസ്സ് നൊന്ത് കണ്ണുനീരോടെ തു -ആ പറഞ്ഞു. എണീറ്റപ്പോൾ ആകാശം മുഴുവൻ നക്ഷത്രങ്ങൾ പൂത്തു നിറഞ്ഞിരുന്നു. ദൈവമേ ഇത്ര അടുത്തുണ്ടോ നീ?
“അതേ! നിന്റെ കഴുത്തിന്റെ ഞരമ്പിനേക്കാൾ അടുത്ത്”
എന്റെ കണ്ണുകൾ പിന്നെയും നിറഞ്ഞു. ഞാൻ മരുഭൂമിയിൽ ഇറങ്ങി നടന്നു. ഭൂമിയുടെ മീതെ ഒരു വൈരകിരീടം പൊക്കി വെച്ചതുപോലെ നക്ഷത്രങ്ങൾ തിളങ്ങുന്ന ആകാശം. നിലാവില്ല . ഓരോ നക്ഷത്രത്തിനും ഒരു മുന്തിരിപ്പഴത്തിന്റെ മുഴുപ്പ്. തുടുത്ത് മുഴുത്ത് ഇതാ അടർന്നു താഴെ വീഴുമെന്ന് തോന്നി. അത്രയേറെ പ്രേമത്തോടെ മണ്ണിനെ നോക്കുന്ന കണ്ണുകൾ. അത്ര നോട്ടങ്ങകൾക്കു താഴെ ഈ ഭൂമി ഒരിക്കലും ഏകാങ്കിയല്ല. അവിടെയും ഇവിടെയും ഉൽക്കകൾ ആകാശത്ത് ചുവന്ന വര കീറിക്കൊണ്ട് കടന്നു പോയി. നക്ഷത്രങ്ങൾക്ക് ഇത്ര വെളിച്ചമുണ്ടോ? ഒന്ന് കൈവീശിയാൽ വാരി എടുക്കാമോ? ഞാൻ തളർന്ന് മണലിൽ മലർന്നു കിടന്നു. ഇത് നക്ഷത്രങ്ങളുടെ രാത്രി . അവയുടെ നോട്ടം കൊണ്ട് എന്റെ ദേഹം രോമാഞ്ചം കൊണ്ടു. എന്നെ അവയുടെ നോട്ടത്തിൽ നിന്നും മറയ്ക്കണമെന്ന് തോന്നിയതുപോലെ ഞാൻ മണൽ വാരിവാരി എന്റെ മീതെ ഇട്ടു. ഈ മണൽ മുഴുവൻ പണ്ടെപ്പഴോ പൊഴിഞ്ഞുവീണ നൂറുനൂറുകോടി താരകങ്ങൾ അല്ലേ?.
തണുത്ത കാറ്റ് അടിച്ചു. പതിഞ്ഞ രഹസ്യമായ കാറ്റു. വെന്ത് തണുത്ത ചാരം പോലുള്ള മണ്ണിൽ ആ കാറ്റ് കലർന്നപ്പോൾ മത്തു പിടിപ്പിക്കുന്ന മണ്ണിന്റെ മണം പൊങ്ങി. എണീറ്റ് നോക്കിയപ്പോൾ അകലെ ചക്രവാളത്തിൽ നിലച്ച തിരയുടെ വിളുമ്പ് പോലെ വെളിച്ചരേഖയിൽ രണ്ടു പുള്ളികൾ. ആ രണ്ടു പാറകൾ. തമ്മിൽ തമ്മിൽ സ്നേഹത്തോടെ നോക്കിയിരിക്കുന്ന രണ്ടു മുഖങ്ങൾ. “യാ അള്ളാ! നീ എന്റെ ശബ്ദം കേൾക്കുന്നുവോ?”
ഉത്തരമില്ല.നിശബ്തത. ഭയപ്പെടുത്തുന്ന പരിപൂർണ ഏകാന്തത.വളരെ വളരെ അടുത്തുതന്നെ ഉണ്ട് എന്നതിന്റെ ഏകാന്തത. കോടികോടി നോട്ടങ്ങൾക്ക് താഴെ എന്നതിൻറെ ഉഗ്രമായ ഏകാന്തത. പരിപൂർണ നിശബ്ദതയുടെ ക്രൂരമായ ഏകാന്തത. ഞാൻ എൻറെ മരം തേടി പോയി. ചുറ്റി നോക്കിയപ്പോൾ അവനെ കാണുന്നില്ല. എന്റെ ഹൃദയം ഒന്ന് തുടിച്ചു. പെട്ടെന്ന് ഇരുട്ടിൽ നിന്നും അവൻ പുറത്തേക്ക് വന്നു എന്നെ നോക്കി തലയാട്ടി. ഇരുട്ടിൽ നക്ഷത്രത്തിന്റെ വെളിച്ചത്തിൽ അവൻ്റെ രൂപരേഖ തെളിഞ്ഞു കണ്ടു.
മഹനീയമായ ആ രാത്രി മുഴുവൻ ഞാനാ മരത്തിന്റെ താഴെ കിടന്നു. കൂട്ടിന് ഒരു ഖബറും എന്റെ കള്ള ബഡുക്കൂസും. മനസ്സ് നിറഞ്ഞു തുളുമ്പിക്കൊണ്ടിരുന്നു. നക്ഷത്ര മഴയിൽ നിന്നും ഒരു ചെറിയ കുട പോലെ ആ മരം എന്ന് കാത്തു. എത്ര കോടി നക്ഷത്രങ്ങൾ! എത്രയെത്ര കോടി ക്ഷീരപഥങ്ങൾ. അവയിൽ ഒക്കെ കണക്കില്ലാതെ നിറഞ്ഞു കിടക്കുന്ന കോടാനുകോടാനുകൂടി ഗ്രഹങ്ങൾ. അവയുടെ രാത്രികളെ വെളിച്ചം കൊണ്ട് നിറയ്ക്കുന്ന, അവയിലെ സമുദ്രങ്ങളെ തിളപ്പിക്കുന്നു കോടാനുകോടാനുകോടി നിലാവുകൾ. എല്ലാം അവന്റെ ശ്വാസം കൊണ്ട് ദ്രശിച്ചുകൊണ്ടിരുന്നു. ചെറിയ കുട്ടിയുടെ കൊഞ്ചൽ പോലെ അവയുടെ ശബ്ദം കാറ്റിൽ ഉണ്ടായിരുന്നു. ഉറക്കത്തിൽ ചിണുങ്ങുന്ന പൈതലിൻറെ സ്വരം കനിഞ്ഞു ഒരു മന്ത്രമായി മാറുന്നതുപോലെ. ഇവയൊക്കെ മുലപ്പാല് മാറാത്ത വെറും കുട്ടികൾ. ഒടുങ്ങാത്ത വിശപ്പോടെ, വറ്റാത്ത ദാഹത്തോടെ അവ മുരണ്ടു. അണയ്ക്കാനാവാത്ത അഗ്നിയായി അവയുടെ ഉള്ളിൽ ജ്വലിച്ചു യുഗായുഗങ്ങളുടെ മഹാമോഹം.
എനിക്ക് മുമ്പ് പോയ അനന്തകോടി രാത്രികൾ. ഇനി വരാനിരിക്കുന്ന അനന്തകോടി രാത്രികൾ. അവയെല്ലാം ചേർന്ന് മഹനീയമായ ഇന്നായി മാറി. അന്തമില്ലാതെ ഈ മഹാരാത്രി. കണ്മുന്നിൽ ഞാൻ കാലത്തിനെ കണ്ടു. കാലമില്ലായ്മയിൽ ചെറിയ തുള്ളികളായിവീണു കൊണ്ടിരുന്നു പ്രപഞ്ച കാലം. ഓരോ ക്ഷണവും അന്തമില്ലാതെ തുറന്നു തുറന്നു വിരിഞ്ഞു. മുന്നിലും പിന്നിലും ഒന്നുമില്ലാത്ത തൽക്ഷണം. അണുവിനെക്കാൾ ചെറുത്. പ്രപഞ്ചങ്ങളേക്കാൾ വലുത് . ഒടുങ്ങാത്ത ഒരു വിരഹമായി അത് നിറഞ്ഞു നിന്നു. തീരാത്ത പ്രേമം. പ്രേമത്തിന്റെ ഭ്രാന്ത്.
നീ മാത്രം. മറ്റൊന്നുമില്ല. എവിടെയുമില്ലാതെ ഇവിടെങ്ങും ദുഃഖവും ഏകാന്തതയും നിറചിട്ട് അകലെ നിന്നു പുഞ്ചിരിക്കുന്നു നീ. കണ്ണില്ലാത്ത കുട്ടികളെപ്പോലെ ഞങ്ങൾ ഇവിടെ കരഞ്ഞു നിന്നെ വിളിക്കുന്നു. ഒച്ചയില്ലാതെ തേങ്ങുന്നു . ഉറക്കത്തിൽ വിങ്ങുന്നു. എന്നും വന്നു മുലയൂട്ടുന്നു നീ. രുചിയിൽ ഒന്ന് മയങ്ങുമ്പോൾ മറയുന്നു. ഞങ്ങൾ പ്രാർത്തനയോടെ കാത്തിരിക്കുന്നു. ക്ഷണങ്ങൾ, യുഗങ്ങൾ. യുഗക്ഷണം. മതി, ഞാൻ നിറവ് കൊള്ളുന്നു. എന്നെ വിളിച്ചു കൊണ്ടു പോവുക. എൻറെ ഈ ഉടൽ മണ്ണിൽ താഴട്ടെ . ഈ മരം എൻറെ ഉടൽ തിന്നു വളരട്ടെ. എന്റെ തുടിപ്പുകൾ ഈ മരത്തിന്റെ ഇലകളിൽ പച്ചയായി മരുഭൂമിയുടെ കാറ്റിൽ ഉലയട്ടെ. ഞാൻ ഇപ്പോൾ നിറഞ്ഞവൻ, പരിപൂർണൻ. ഈ രാത്രിയ്ക്കായി, ഈ ക്ഷണത്തിനുവേണ്ടി അല്ലെ ഞാൻ ഇത്രയും ദൂരം വന്നതു?
ആകാശത്ത് പിന്നെയും ആ മണിമുഴക്കം. മുൻപ് നട്ടുച്ചയ്ക്ക് എന്റെ ദേഹം വിറപ്പിച്ച്കൊണ്ട്, വേദനകൊണ്ട് പുളയിച്ച്കൊണ്ട് കേട്ട ആ ശബ്ദം. ആകാശത്തിന്റെ അങ്ങേ അറ്റത്തു നിന്നും അത് പതുക്കെ ഉരുണ്ടുരുണ്ട് വന്നു. ഓരോ ഒച്ചയും വേറെ വേറെയായി. തിരമാലകളായി . ഓരോ മുഴക്കവും അടുത്ത മുഴക്കത്തിൽ ചെന്നു മുട്ടി ലയിച്ചു. ആകാശം കമിഴ്ത്തി വെച്ച് വലിയൊരു നാഴികമണി പോലെയായി. ഭൂമി അതിൻറെ താഴെ കിടന്നു സ്പന്ദിച്ചു. മണൽ തരികൾ നിന്ന് തുടിച്ചു. അകലെ നക്ഷത്രങ്ങൾ തരിച്ചുനിന്നു. എന്റെ ശരീരം ഒപ്പം സ്പന്ദിച്ചു. നെറ്റിയുടെ നടുക്ക് ഒരു മഹാപ്രകാശം.എന്റെ ശരീരത്തിന്റെ വേദന മുഴുവൻ മധുരമായി മാറി. എന്നെ പൊക്കി തേനിലിട്ട് പുരട്ടിയെടുത്തത് പോലെ. എന്റെ വ്രണങ്ങളെല്ലാം മധുരിച്ചു. ശ്വാസത്തിൽ സുഗന്ധം. ഞാൻ കാറ്റിൽ പൊന്തി ഒഴുകി. എന്റെ ഉടലല്ല, ഞാൻ മാത്രം. ഒറ്റയ്ക്ക് നക്ഷത്രങ്ങൾ നിറഞ്ഞ ആകാശത്ത് ഞാൻ പറഞ്ഞലഞ്ഞു. എൻറെ ഉടൽ താഴെ എവിടെയോ മണ്ണിൽ കിടന്നു.
സ്പന്ദിക്കുന്ന ഒരു ചെറിയ തരിയായി ഞാൻ. എനിക്ക് ചുറ്റും വെളിച്ചമായി വിരിഞ്ഞ പ്രപഞ്ചം ഞാനെന്ന ചെറുതരിയെ വജ്രം പോലെ ജ്വലിപ്പിച്ചു. പിന്നെയും പിന്നെയും മാനം മുഴങ്ങി. ബാക്കിയുള്ളതു ഈ ചെറുതരി. അണുവിനേക്കാൾ ചെറുത്. അത് കളഞ്ഞേക്ക്. അനന്തമധുരമായ ശൂന്യത സ്നേഹത്തോടെ എന്നോട് പറഞ്ഞു, കളയുക.അഴിച്ചുകളയുക. “ഇല്ല എനിക്കാവില്ല.” അവസാനത്തെ തുള്ളി ജീവൻ കൊണ്ട് ഞാൻ അത് നിരസിച്ചു. എന്റെ പുന്നാര ചെറുതരിയല്ലേ? എൻറെ മധുരസുന്ദര ചെറുതരിയല്ലേ? എനിക്ക് പറ്റില്ല
മഹാപ്രകാശം പുഞ്ചിരിച്ചു.”പിന്നെ നിന്നെ എനിക്കറിയില്ലേടാ കള്ളഹിമാറെ”
പിന്നെയും ഞാൻ എന്റെ ശരീരത്തിൽ ഉണർന്നെണീറ്റു . നക്ഷത്രങ്ങൾ അർത്ഥമില്ലാത്ത വെളിച്ച മഹാപ്രവാഹമായി എനിക്ക് ചുറ്റും മിന്നിക്കൊണ്ടിരുന്നു. മരത്തിന്റെ ചെറിയ ഇലകൾ മരുഭൂമിയുടെ തണുത്ത ചെറുകാറ്റിൽ ഉലഞ്ഞു. കടുത്ത ദാഹം കൊണ്ട് എന്റെ തൊണ്ട മണൽ നിറച്ചത് പോലെ ഉണങ്ങിയിരുന്നു.










