അനൽ ഹഖ് ! അനൽ ഹഖ്! അനൽ ഹഖ് ! പതിഞ്ഞ ശബ്ദത്തിൽ മന്ത്രിച്ച് കൊണ്ട് കരിഞ്ഞ പുല്ലു ഒരു പന്തു പോലെ മണലിന്‍റെ മീതെ ഉരുണ്ടു പോയി. ഞാൻ കണ്ണുകൾ തുറന്നപ്പോൾ തെളിഞ്ഞ പുഴ പോലെ ആകാശം എന്റെ മീതെ നിറഞ്ഞൊഴുകുന്നത് കണ്ടു. കണ്ണഞ്ചിപ്പിക്കുന്ന നീലനിറം. നേരം പുലർന്ന ഒരുപാട് കഴിഞ്ഞിരുന്നു. വരണ്ടുങ്ങിയ ഒരു ആറ്റിന്റെ ഉള്ളിൽ ഞാൻ കിടന്നു.എന്റെ പകുതി ദേഹം മണലിൽ താണിരുന്നു. ഇത് ഏതു ദിവസം? ഇന്നലെയുടെ അടുത്ത ദിവസം , അതുമാത്രമേ സത്യം.
അനങ്ങാൻ മനസ്സില്ലാതെ കുറേസമയം ഞാൻ വെളിച്ചത്തിൽ ലയിച്ചു അവിടെ കിടന്നു. ഒരു നൂറാണ്ടിന്റെ ഇരുട്ട് മാറിയത് പോലെ തോന്നി. വെളിച്ചം എന്റെ ചർമ്മത്തിലൂടെ അകത്തു കടന്നു എല്ലുകളെ തൊട്ട് ചൂട് പകർന്നു . കണ്ണ് അടച്ചപ്പോൾ ഇന്നലത്തെ ചുവന്ന നിറം തിളങ്ങി.
ഞാൻ എണീറ്റിരുന്നപ്പോൾ കണ്ടു ഞാൻ കിടന്നിരുന്നത് ഒരു ബൃഹത്തായ ഉറൂഗ്ഗിന്റെ മടിയിൽ. മരുഭൂമിയുടെ ഞരമ്പ്. അത്തൻഹാ എന്ന മഹാനദിക്കുള്ളിൽ ശൂന്യത ഒഴുകുന്ന ഒരു കാട്ടാറ്. രണ്ട് വശത്തും നാല്പതടിയോളം പൊക്കമുള്ള മണൽകരകൾ പൊന്തി നിന്നു. രാത്രി മുഴുവൻ കാറ്റ് ഗർജിച്ചുകൊണ്ടു ഒഴുകിപ്പോയ ആ പുഴയിൽ അപ്പോഴൊന്നുമില്ല. എല്ലാം വറ്റി നിശബ്ദമായി കഴിഞ്ഞിരുന്നു.
മണൽ ശരീരത്തിൽ നിന്നും കുതറി വീഴ്ത്തി ഞാൻ എണീറ്റു. എല്ലാം ഒരു സ്വപ്നമെന്ന് ചിന്തിച്ചപ്പോൾ കാലുകൾക്ക് നടുവിൽ വസ്ത്രത്തിന്റെ പരുപരുപ്പ് ഞാനറിഞ്ഞു. നാണത്തോടെ സ്വയം പുഞ്ചിരിച്ചുകൊണ്ട് രാത്രിയുടെ ഹൂറികളെ ഓർത്തു. എൻറെ അന്ധകാമത്തിൻറെ കളിത്തോഴികൾ. സ്നേഹത്തോടെ എന്റെ സുന്ദരൻ ശൈത്താനെയും ഓർത്തു. പടച്ചവൻ മാത്രമല്ല പടച്ചതും വിശുദ്ധമെന്നു അവൻ പറയുന്നു. എങ്ങനെ ഞാൻ മറുത്തു പറയും?
നിഴലിന്റെ എതിർദിക്കിലേക്ക് നടന്നു ചെന്ന് ഞാൻ ആ മണൽപുഴ കടന്നു. കണ്ണിന്റെ മുന്നിൽ പിന്നെയും ഒരു മഹനീയമായ മരുഭൂമിയുടെ പരവതാനി . എല്ലാ ദിക്കിലും ഒന്നുപോലെ ശ്രദ്ധിച്ച് തലോടി തലോടി ഞൊറി മാററി വിരിച്ചു വച്ചിരിക്കുന്നു. ഞാൻ വഴി തെറ്റി ഒരുപാട് പോന്നിട്ടുണ്ടാവും. ഏതോ ഒരു ദിക്കിൽ സൂര്യൻ ജ്വലിച്ചുകൊണ്ടു പൊങ്ങി.
എന്റെ വസ്ത്രം കാറ്റിൽ ഉലഞ്ഞു . ചർമ്മത്തിൽ പുലരിത്തണുപ്പിന്റെ രോമാഞ്ചം. എൻറെ കൈയ്യിൽ ഇസ്മായിൽ തന്നയച്ച പിസ്ത ഉണ്ടായിരുന്നു. ഒക്കെ ഇന്നലെയാണ്. കാലം പൊക്കിയെടുത്ത് ചുഴറ്റിയതിൽ എല്ലാം എന്നോ എവിടെയോ എന്നോ പൊഴിഞ്ഞു പോയിരിക്കുന്നു.
ഉപ്പിലിട്ടതായതുകൊണ്ട് പിസ്തയിൽ ഒരിക്കൽ ഒരെണ്ണം മാത്രം വായിലിട്ട് കുറച്ചു വെള്ളത്തോടൊപ്പം നുണച്ചു അൽപാൽപമായി ഞാൻ കഴിച്ചു. ഇനിയും പത്ത് കവിൾ വെള്ളം എന്റെ തുകൽ സഞ്ചിയിൽ ഉണ്ടാവും . കാലെടുത്തുവയ്ക്കുന്ന ഓരോ തവണയും വെറും പത്ത് കവിൾ വെള്ളം എന്ന് ഞാൻ ചിന്തിച്ചു. അത് എന്നെ ഓർമ്മിക്കാൻ എന്ന വണ്ണം തുകൽ സഞ്ചിയിൽ വെള്ളത്തിന്റെ തുളുമ്പുന്ന ശബ്ദം കേട്ടുകൊണ്ടിരുന്നു. ഇന്നുച്ചയ്ക്കുള്ളിൽ ഞാൻ ഒരു ഉറവ കണ്ടെത്തണം. ബദുക്കൾ മരുഭൂമിയിൽ എവിടെയോ കണ്ടെത്തി മണൽ മടക്കുകൾക്കുള്ളിൽ ഒളിപ്പിച്ചു വച്ചിരിക്കുന്ന ഒരു കിണറു. അതിനേക്കാൾ ഇപ്പോൾ എനിക്ക് വേണ്ടത് ഒരു നിഴൽ. മണ്ണിന്റെ മീതെ പടരുന്ന ഒരു തുണ്ട് കാരുണ്യം. ഒരേ ഒരു മരം.
ഒരു നിശ്ചയവും ഇല്ലാതെ ഞാൻ നടന്നുകൊണ്ടിരുന്നു.നോട്ടം ചെന്നെത്തുന്ന അകലം വരെ ഒന്നും കണ്ടില്ല. മണൽകുന്നുകളും കള്ളിച്ചെടികളും ഒക്കെ എവിടെയോ അകന്ന അകന്നു കിടന്നു. ചുവന്ന മണൽ മാത്രം എല്ലാ നോട്ടത്തിലും നിറഞ്ഞു . സൂര്യൻ പൊന്തിയപ്പോൾ മരീചിക കണ്ടുതുടങ്ങി. അകലെ ഒരു ചിറ നിന്ന് തിളച്ചു . സൂര്യൻ അതിൽ വീണുരുകി ഒന്നു നൂറായി കിടന്നു കളിച്ചു. കണ്ണ് നിറയ്ക്കുന്ന അതിൻറെ വെളിച്ചം . ഒരുപാട് ദൂരം എനിക്ക് അങ്ങിനെ പോകാൻ കഴിയും എന്ന് തോന്നിയില്ല. ദ്ദേഹം മുഴുവൻ പേശികൾ കൊത്തി നുറുക്കിയത് പോലെ വേദനിച്ചു. വെയില് നിമിഷംതോറും ഉഗ്രമായി കൊണ്ടിരിക്കുന്നു.
ഇന്നലത്തെ ഉഗ്രവെയിലിൽ നിന്നും എന്നെ ശരിക്കും രക്ഷിച്ചത് മണൽകൊടുങ്കാറ്റ് തന്നെ. അതില്ലെങ്കിൽ ഞാൻ എപ്പോഴോ മരിച്ചുപോകുമായിരുന്നു . മരുഭൂമിയിൽ എവിടെയോ ആ ഒട്ടകം പോലെ ഉണങ്ങി കിടക്കും. ഞാൻ ഉറക്കെ വിളിച്ചു പറഞ്ഞു. അതേ എപ്പോഴോ മരിച്ചിരിയ്ക്കും. മരിച്ചതിനു ശേഷം സമയമുണ്ടോ? മരിച്ചിരിക്കും! മരിച്ചതിനു ശേഷം എവിടെ ഇരിക്കും? ഞാൻ ഇല്ലാതെ ഈ മരുഭൂമി എന്തായിരിക്കും ? പരിപൂർണ്ണമായ ശൂന്യത. ശൂന്യത എന്നാൽ വെയിൽ നിന്ന് കത്തുന്ന ഇരുട്ട്. ഈ മരുഭൂമിയുടെ ഏകാന്തത ഇപ്പോൾ ഇല്ലാതാക്കുന്നവൻ ഞാൻ.
കാണുന്നതൊക്കെ ഭ്രാന്തമായ ഒരു സ്വപ്നം പോലെ. കാലത്തിന്റെ കണ്ണികൾ പൊട്ടിച്ച് എന്നിലേക്ക് കടക്കുന്ന ഒരു സ്വപ്നം. ഒറ്റ കൈകൊണ്ട് അതിനെ മായ്ച്ചു കളയാൻ തോന്നിയെങ്കിലും അടുത്തക്ഷണം തന്നെ പൂർവാധികം ശക്തിയോടെ അതിനെ വാരിയെടുത്തു പുൽകി. തള്ളി എറിഞ്ഞപ്പോൾ പകച്ചും, വാരിയെടുത്തപ്പോൾ പിന്നെയും പകച്ചും അത് എന്റെ ഒപ്പമുണ്ടായിരുന്നു . ഞാൻ എന്ന സ്വപ്നം. ഏത് ക്ഷണവും ഞാൻ ഉണർന്നെഴുന്നേൽക്കും. അപ്പോൾ ഇത് എവിടെ പോകും? തന്റെ മധുരസുന്ദര ഏകാന്തതയിലേക്ക്. ഈ പ്രപഞ്ചത്തിൻ്റെ അനന്തമായ ഏകാന്തത. അതിന്റെ ഒരു തുള്ളി അല്ലേ ഞാൻ ഇവിടെ ഇതാ അറിയുന്നത്?
മരുഭൂമിയുടെ ഏകാന്ത വാക്കുകൾക്കു അതീതം. ഓരോ മണ്ണിൽത്തരിയും ഒറ്റയ്ക്ക്. ഓരോ പുല്ലും ചെടിയും മരവും ജീവിയും ഒറ്റയ്ക്ക്. ഒരയ്ക്കു എന്നാൽ എന്ത്?
പരമകാരുണികന്റെ ഒപ്പം ഇരിക്കുയാക്കല്ലേ അത്? പരിപൂർണ്ണമായ ഏകാകി അവൻ ഒരാൾ മാത്രമല്ലേ? ഇത് അവൻ എഴുന്നള്ളുവാൻ വിരിച്ച് പരവതാനി. ഇവിടെയിതാ ഏകാന്തതയിൽ അവൻ ഉണരുന്നു. എന്റെ ഉള്ളിൽ നിന്നും വാക്കുകൾ പൊന്തിവന്നു. നെറ്റിപ്പൊട്ടിൽ ആഞ്ഞടിച്ചത് പോലെ. അനൽ ഹഖ് ! പിന്നെയും പിന്നെയും എന്റെ ചുണ്ടുകൾ പറഞ്ഞു അനൽ ഹഖ് ! ഞാനാണ് അറുതി സത്യം! സത്യാന്തം! അനൽ ഹഖ്!
എന്തൊര് ഈശ്വര നിന്ദ! എവിടെ നിന്ന് വരുന്നു ദൈവനിന്ദയുടെ ഈ ശബ്ദം? പടച്ചവനെ എന്നോട് പൊറുക്കുക! എന്നാൽ എങ്ങും മാറ്റൊലി കൊണ്ടു ആ വാക്ക്. ഓരോ മണൽത്തരിയും ഓരോ ചെറുകാറ്റും ഓരോ ചലനവും പറഞ്ഞു, അനൽ ഹഖ് ! അനൽ ഹഖ്!
ഞാൻ വളരെ ചെറിയവൻ. ഈ മണൽത്തരിയെക്കാൾ ചെറുത്. കാലത്തിന്റെ കാണാത്ത വെള്ളപ്പൊക്കത്തിൽ ഉണങ്ങി മറയുന്ന ജീവി. അതെ, എന്റെ ചുണ്ടുകൾ പറഞ്ഞു, അനൽ ഹഖ്!
എന്റെ കാലുകൾ വിറച്ചു ദേഹം നടുങ്ങി, രോമാഞ്ചം ഉണ്ടായി. മരുഭൂമി കത്തി എരിയുന്നത് പോലെ ആ വാക്കിന്റെ അഗ്നി. അവൻ ഏത് ക്ഷണവും പ്രത്യക്ഷപ്പെടാം. മൂസ നബി കേട്ട ആ ശബ്ദം. മരുഭൂമിയുടെ കരിഞ്ഞ ചെടിയിൽ അഗ്നിയായി അവൻ കണ്ടു ബോധംകെട്ട് വീണ ആ സന്ദർഭം. പൊട്ടിവിരിഞ്ഞു ആ വാക്കു, അനൽ ഹഖ് !
ഇല്ല! ഇല്ല! ഞാൻ അല്പൻ. കീടത്തെക്കാൾ അണുവിനേക്കാൾ ചെറിയവൻ. പ്രപഞ്ചമഹാസത്വമേ എന്നോട് ക്ഷമിക്കുക. മണൽത്തരികൾ ഓരോന്നും ചിരിച്ചു തുള്ളി. അനൽ ഹഖ്!
മൻസൂർ അൽ ഹല്ലാജിനെ ചാമ്പലാക്കിയ ചിതയിലെ അഗ്നി. അദ്ദേഹത്തിൻറെ ചാരം അലിഞ്ഞൊഴുകിയ യൂപ്രട്ടീസ് മഹാനദി. എവിടെയോ അതൊഴുകിക്കൊണ്ടിരിക്കുന്നു, ശാന്തമായി. കാലുകൾ തെറ്റി, അടിപതറി ഞാൻ നടന്നു. ഉരുകി ഉരുകി ഒന്നായിക്കഴിഞ്ഞിരുന്നു മാനവും ഭൂമിയും. അഗ്നിചൂടിയ മരുഭൂമി നിന്ന് ദ്രസിച്ചു.
പെട്ടെന്ന് മഹനീയമായ മുഴക്കത്തോട്കൂടി ഒരു മണിയൊച്ച ആകാശത്തിൽ നിന്ന് ഇടിവെട്ടു പോലെ ഉരുണ്ട് ഉരുണ്ടു വന്നു. ചെവി അടച്ചുകൊണ്ട് അതിന്റെ മാറ്റൊലി എന്നും നിറഞ്ഞു. തല പൊട്ടുന്നത് പോലെ വേദന. കൈകൊണ്ട് തല പിടിച്ച് ഞാൻ മണ്ണിൽ വീണു. ഞരമ്പുകളിൽ കാച്ചിയ ലോഹം ഒഴുകുന്ന പോലെ. കാതും കണ്ണും അടച്ചു, ശരീരം ചുരുട്ടി മണലിൽ ഞാൻ കിടന്നു . തലയ്ക്കുള്ളിൽ മർമ്മരം. പിന്നെയും പിന്നെയും.അനൽ ഹഖ്!
തൊണ്ട കീറുന്നത് പോലെ ഞാൻ അലറി വിളിച്ചു. അല്ല, അല്ല, അല്ല. എന്നിൽ നിന്നും അവൻ പറഞ്ഞു, ഞാൻ! ഞാൻ! ഞാൻ!
മരുഭൂമിയായി ഞാൻ വിരിഞ്ഞു . അതിലൊരു പൊടിയുടെ തരിയായി ഞാൻ ഉണ്ടായിരുന്നു. ഞാൻ കൈ അനക്കിയപ്പോൾ കൊടുങ്കാറ്റ് പൊന്തി. എന്റെ ശ്വാസത്തിന്റെ ജ്വാലയിൽ മരങ്ങൾ കത്തി. ചെറിയൊരു പാവ പോലെ ഞാൻ അവനെ പൊക്കിയെടുത്ത് എന്നോടൊന്നു ചേർത്തുപിടിച്ചു. എന്നിൽ ജനിച്ചവൻ. എന്നെ ജയിച്ചവൻ. അവൻ എന്നോട് പറഞ്ഞു, അനൽ ഹഖ്!
പിന്നെയും ആ മണിയൊച്ച. നിലം പൊട്ടി നുറുങ്ങുന്നതുപോലെ അത് മുഴങ്ങി. ആദി ബ്രഹ്‌മാണ്ഡത്തെ സൃഷ്ടിച്ച ആദ്യനാദത്തിന്റെ ഒരു തുള്ളി പോലെ ആ ശബ്ദം. അതൊരു വസ്തു പോലെ എന്റെ ഉള്ളിൽ ഉരുണ്ടു പൊന്തി. എഴുന്നേൽക്കുക ! കടന്നുപോവുക!
അതിനുശേഷം ഞാൻ ദൂരം എന്ന ഒന്നറിഞ്ഞില്ല. കാലമില്ലാത്ത ആ ക്ഷണത്തിൽ തന്നെ എല്ലാം നിലച്ചു കഴിഞ്ഞിരുന്നു.വേദനയും ഭയവും ഒക്കെ വെറുമൊരു പുകയായി മാറി എങ്ങോ അകന്നു. കാലമില്ലാതെ ഞാൻ എങ്ങും പരന്നിരുന്നു. ഇനിയൊന്നും ഭയക്കാനില്ല. ഇവയൊക്കെ എന്നെ ഞാൻ കടന്നുപോകുന്നവ മാത്രം. എനിക്ക് മരണമില്ല. മരിക്കുന്ന ആ ക്ഷണം തന്നെ ഞാൻ പിന്നെയും ഉണർന്നുവരും. അതെ, എനിക്ക് മരണമില്ല.
ചക്രവാളം നോക്കി ഞാൻ നടന്നു . അകലെ മരീചികയുടെ ചിറയിൽ സൂര്യൻ ജ്വലിച്ചു നിന്നു. പെട്ടെന്ന് മരുഭൂമിയിൽ ഞാൻ ഒറ്റയ്ക്കല്ല എന്ന് കണ്ടു. ഒരു മണൽവിരിയൻ പാമ്പ് നിലത്ത് ഊർന്നുപോയ തടം. വളഞ്ഞു പോകുന്ന തിരകളായിട്ടല്ല, എണ്ണം കുറിച്ചിട്ട ചെറിയ നെടുങ്ങൻ വരകളായിട്ട് . ഒന്ന് ,രണ്ട്, മൂന്ന്… മരുഭൂമിയെ പിളർന്നുകൊണ്ട് പോയി ആയിരക്കണക്കിന് ചെറിയ വരകളുടെ നിര. അന്തമില്ലായ്മയിൽ നിന്ന് അന്ത അന്തമില്ലായ്മയിലേക്ക് ഒരു മഹാസംഖ്യ .
അങ്ങകലെ ഏതാനും മാൻകൂട്ടങ്ങകളെ ഞാൻ കണ്ടു. കാനൽ ജലത്തിൽ അവയുടെ ബിംബം പ്രതിഫലിച്ചു അടുത്ത് കിടന്നു . അവ എന്നെ നോക്കി പകച്ചു നിന്നു . അഞ്ചാറെണ്ണം ഉണ്ടാവും, ഓരോന്നും ഓരോ ദിക്കിലേക്ക് ഉടൽതിരിച്ചു ,നോട്ടം എന്നിലാക്കി, നാലഞ്ചു കൂട്ടങ്ങളായി നിന്നു .വെളുപ്പും കറുപ്പും ഇടകലർന്ന ഉറപ്പുള്ള ശരീരങ്ങൾ .മൂർച്ചയുള്ള നീണ്ട കൊമ്പുകൾ . ഈ മരുഭൂമിയിൽ അവ എന്തു കഴിക്കുന്നു? ശില്പം പോലെ അനങ്ങാതെ അവ നിന്നു . ഏതോ പുരാതന മനുഷ്യൻ കണ്ട കാഴ്ചയുടെ ബാക്കി കാലം മറന്നു അങ്ങനെ നിലച്ചത് പോലെ. അകാലമിരുണ്ട ഗുഹാച്ചിത്രങ്ങൾ.
ഞാൻ പിന്നെയും നടന്നു തുടങ്ങി. ഈ മാൻകൂട്ടങ്ങളെ പിന്തുടർന്ന് പോകാൻ പാടില്ല. അവയുടെ കാലുകളും കണ്ണുകളും മരുഭൂമിയെ അറിഞ്ഞവ. അവ ഒരുപാട് ദൂരം കടന്നു വന്നിട്ടുണ്ടാകും. ബാക്കിയായ വെള്ളം ഞാൻ എടുത്തു കുടിച്ചില്ല. എന്റെ ഉള്ളിൽ എന്തോ പറഞ്ഞു “ഇത് നിന്നെക്കൊണ്ടു കഴിയും!”. ഞാൻ നിന്ന് ചുറ്റി നോക്കി, മരീചികയുടെ തിളപ്പല്ലാതെ മറ്റൊരു അനക്കവും എങ്ങും ഇല്ല. സൂര്യൻ പൊങ്ങിക്കൊണ്ടിരുന്നു. ഉച്ചയുടെ സിംഹാസനം നോക്കി അവൻ ഉരുണ്ടു. എതിരില്ലാത്ത അധികാരത്തോടെ ജവാലാകിരീടധാരിയായി അവൻ അവവിടെ ഇരിക്കും
പിന്നെയും കുറെ സമയം നടന്നു പോയപ്പോൾ തെക്ക് ഒരുപാട് അകലെ ഒരു ഏകാങ്കിയായ ചെന്നായ നിൽക്കുന്നത് കണ്ടു . മരുഭൂമിയുടെ ചുവന്ന മണ്ണിന്റെ മീതെ അവന്റെ രൂപം വളരെ കൃത്യമായി കാണാം. ചാരനിറത്തിലുള്ള ഉടൽ ഒരുപാട് ദിവസത്തെ വിശപ്പ് കൊണ്ട് ഉണങ്ങി വളഞ്ഞിരുന്നു. കാറ്റിൽ മൂക്ക് പൊക്കി കൂർപ്പിച്ചു എന്നെ അവൻ മണം പിടിച്ചു. എന്റെ ചർമ്മത്തിന്റെ ഗന്ധവും, ദേഹം വെന്ത് കരിഞ്ഞു ഉണ്ടായ വ്രണങ്ങളുടെ ചൂരും അവനു കിട്ടിക്കഴിഞ്ഞട്ടുണ്ട്. അര മൈലിനപ്പുറത്തെങ്കിലും അവൻ ചിന്തിക്കുന്നത് എനിക്ക് കാണാൻ കഴിഞ്ഞു. ഇത്രയും ദൂരം ഓടിവന്ന് തുരത്തിപ്പിടിക്കാനുള്ള മൂല്യം ഈ ഇരയ്ക്കുണ്ടോ? ഇര ചാവോട് അടുത്തു കഴിഞ്ഞുവോ? ഞാൻ ചാകുമോ എന്ന് ഇപ്പോൾ പറയേണ്ടത് അവൻ.
കാതു പൊക്കി മലർത്തിപ്പിടിച്ചു ഒരുപാട് നേരം അവൻ അനങ്ങാതെ നോക്കി നിന്നു . പിന്നെ അവൻ തീരുമാനിച്ചു. ഇല്ല, ഇപ്പോഴല്ല. തലതാഴ്ത്തി അവൻ മരുഭൂമിയിലെങ്ങോ ഓടി മറഞ്ഞു .ഞാൻ കണ്ണ് ഓടിച്ച് നോക്കിയപ്പോൾ എങ്ങും അവനില്ല. ആദ്യം ഒരാശ്വാസവും പിന്നെ ഒരു തരം നിരാശയും എന്നിൽ നിറഞ്ഞു. മരുഭൂമിയിൽ എനിക്ക് കിട്ടിയ ആദ്യത്തെ തുണ. ഒരു പക്ഷേ എന്റെ ദേഹം തൊടാൻ സാധ്യതയുള്ള അവസാനത്തെ ജീവി. ഈ ദേഹം ഉണങ്ങി മണലിൽ വെറുതെ പോവില്ല എന്നുള്ള ഉറപ്പ്. ഞാൻ എങ്ങനെ അവനതു നിരസിക്കും? കണ്ണുകൾ ചുരുക്കി നോട്ടം കൂർപ്പിച്ച് ഞാൻ പിന്നെയും പിന്നെയും അവനെ തേടി.
“ബെഷീറേ, എഡോ” എന്ന് ഞാൻ കൂക്കിവിളിച്ചു . “പൊന്നു മോനെ , ബെഷീറേ! ഞാനിതാ മരിക്കാൻ പോവുന്നു” . ഞാൻ വിളിച്ചു പറഞ്ഞു.
“ബെഷീറേ, വന്നെന്നെ തിന്നടാ…” എൻറെ ശബ്ദം മാറ്റൊലിപോലുമില്ലാതെ കാറ്റിൽ മറഞ്ഞു.
നാല് ദിക്കും കണ്ണയച്ച് നോക്കിയപ്പോൾ ഇസ്മായിൽ പറഞ്ഞ ആ പാറമുഖം വളരെ അകലെ കണ്ടു. പത്തിരുപതു മൈൽ ദൂരം ഉണ്ടാകും. മരുഭൂമിയുടെ വളഞ്ഞ സമനിലത്തിൽ തള്ളവിരൽ കനത്തിൽ അതിന്റെ മുകൾഭാഗം മാത്രം കണ്ടു . അവൻ പറഞ്ഞ അതേ രൂപം, രണ്ടു മുഖങ്ങൾ തമ്മിൽ നോക്കിയിരിക്കുന്നത് പോലെ. അവിടെ കിണർ ഉണ്ടെന്ന് അവൻ പറഞ്ഞു. എന്റെ ഓർമ്മ വച്ചു നോക്കിയാൽ അവ ഈന്തമരങ്ങളുടെ പൊക്കമുള്ള പാറകൾ. അവിടെ നിന്നു നോക്കിയപ്പോൾ മരുഭൂമിയുടെ ചർമത്തിന്റെ മീതെ രണ്ട് ചെറിയ പാലുണ്ണികൾ പോലെ അവ നിൽക്കുന്നത് കണ്ടു . മരുഭൂമിയുടെ കാനൽജലം കണ്ണുകളെ പറ്റിക്കുന്നത്. ചിലപ്പോൾ നാൽപ്പത് മൈൽ അപ്പുറത്തുള്ള കാഴ്ച പോലും അതിലൂടെ ഒഴുകി വന്നെത്തും.
ഏതായാലും അവിടെ വരെ ചെന്നെത്തുന്നത് എനിക്ക് പറ്റില്ല. ചുരുങ്ങിയത് അഞ്ചു മണിക്കൂർ വെള്ളമില്ലാതെ യാത്ര ചെയ്യണം. അവിടെ വെള്ളം ഉണ്ടാവുമെന്നു ഒരു ഉറപ്പുമില്ല. ഞാൻ നേരെ നടക്കാൻ തീരുമാനിച്ചു . ഉച്ചയ്ക്ക് ഇനിയും ഏതാനും മണിക്കൂറുകൾ മാത്രം. പാറകളെ കണ്ടത് ഒരു ചെറിയ ആശ്വാസമേകി.ഞാൻ വഴി മാറി വന്നു എന്ന് മനസ്സിലായി , എന്നാൽ എത്ര ദൂരം എന്ന് അറിയില്ല. ഒരുപക്ഷേ ജീവനോടെ ഞാൻ ഈ മരുഭൂമിയിൽ നിന്നും രക്ഷപ്പെടാൻ പററുമായിരിക്കും. ഞാൻ നടന്നു കൊണ്ടിരിക്കുന്നു, അത് മാത്രം എൻറെ മനസ്സിൽ ആവർത്തിച്ച ചിന്ത.
മണലിൽ നിന്നും അഗ്നി പൊന്തിത്തുടങ്ങി. ജലഭ്രാന്തി നാല് വശത്തും വന്ന് ചുറ്റി അലകൊണ്ടു. ദാഹം കൊണ്ട് എന്റെ തൊണ്ട ഓരോ ശ്വാസത്തിനും കണ്ണാടി ചില്ലുകൾ തമ്മിലുരസുന്നത്തു പോലെ ഒച്ച ഉണ്ടാക്കി . പാദങ്ങളും കൈയും ചുവന്ന വ്രണങ്ങളായി. പക്ഷേ ഞാൻ ഒന്നും അറിഞ്ഞില്ല. ഉടൽ ഒരു ഒഴിഞ്ഞ പാത്രം, ആത്മാവ് അതിന്റെ ഉള്ളിൽ കിടന്നു തുളുമ്പി.
ഉച്ച സമീപിച്ചു. കാഴ്ചകളിൽ ഒരു മാറ്റവുമില്ല . അകലെ ആ പാറ മുഖം മാത്രം ചെറുതായിട്ടൊന്ന് എന്നെ നോക്കി തിരിഞ്ഞത് പോലെ. അകലെ ആകാശത്തിൽ മേഘം എന്നൊന്നില്ല. ചക്രവാളം മുതൽ ചക്രവാളം വരെ മാറ്റമില്ലാതെ നീലം. ഒരു ചെറു പാട് പോലും ഇല്ലാതെ വിശുദ്ധ കടൽ നീലം.
എന്റെ അകം മുഴുവൻ വെള്ളമായിരുന്നു. വെള്ളം കൊണ്ട് ഉണ്ടായ ചിന്തകൾ, ഭാവനകൾ, ഉൽഘണ്ഠകൾ, ഭ്രമങ്ങൾ. വെള്ളം കുടിക്കാൻ പാടില്ലെന്ന് ഞാൻ എന്നോട് ഉത്തവിട്ടിരുന്നു. എന്റെ ശക്തി മുഴുവൻ വെള്ളം കുടിക്കാതിരിക്കുന്നത്തിൽ ഉറപ്പിച്ചു. കാനൽവെള്ളം കണ്ണുകൊണ്ട് കുടിച്ചു കൊണ്ട് നടന്നു. സൂര്യൻ തലയ്ക്ക് മുകളിലെത്തിക്കഴിഞ്ഞു. സിംഹാസനത്തിൽ ഇരുന്നു അവൻ ചോദിച്ചു “അല്പമനുഷ്യ നീ എങ്ങോട്ടാ ?”
അപ്പോൾ ഞാൻ അതിനെ കണ്ടു. സ്വപ്നമാണോ എന്നറിയില്ല. പക്ഷേ എൻറെ ഉടൽ മുഴുവൻ കുളിരു കോരിയിട്ടു. ഉണങ്ങി വെള്ളാങ്കല്ലു പോലെ ആയിക്കഴിഞ്ഞിരുന്നു കണ്ണുകളിൽ ഈർപ്പം കിനിഞ്ഞു. മഴയ്ക്കപ്പുറം എന്നപോലെ നനഞ്ഞു ഞെളിഞ് ഉലഞ്ഞാടി നിന്ന് ഒരു മരം. അതെ, ഒരു മരം! കൈ വീശി കാട്ടി എന്നെ വിളിക്കുന്നത് പോലെ അതിന്റെ ശാഖകൾ അനങ്ങി.ഒറ്റ മരം. ഞാൻ നടത്തം വേഗം കുട്ടി. ശരീരത്തിന്റെ ശക്തി മുഴുവൻ ഒന്നിച്ച് അതിനെ നോക്കി നടന്നു. അല്പാല്പമായി മരീചികയുടെ തിരശീലയിൽ നിന്നും അത് മുഴുത്തു വന്നു. മരം തന്നെ, കാഴ്ചഭ്രമം അല്ല.
ആഹ്ലാദം കൊണ്ട് ഞാൻ നിലവിളിച്ചു. “ഞാനിതാ വരുന്നു… ഞാൻ വരുന്നുണ്ട്…എങ്ങോട്ടും പോകരുത് !” എന്റെ പൊട്ടിയ ശബ്ദം വേറെ ആരുടേതോ എന്നപോലെ കേട്ടു. പടച്ചവനെ അത് എൻറെ ശബ്ദം!
കണ്ണുകൊണ്ട് കണ്ടതിനുശേഷം ഏതാണ്ട് അരമണിക്കൂർ നേരം കഴിഞ്ഞു ഞാൻ ആ മരത്തിന്റെ നിഴലിൽ ചെന്നെത്തി. അടുത്ത ചെല്ലുംതോറും എന്റെ കണ്ണ് മയങ്ങി,നോട്ടം ഇല്ലാതായി. വീഴും എന്നു തോന്നിയെങ്കിലും ഞാൻ വേച്ചുവേച്ചു നടന്നുകൊണ്ടുതന്നെയിരുന്നു. കുറച്ചു ദൂരം മാത്രം, ഇനിയും കുറച്ചു ദൂരം മാത്രം. അവസാനത്തെ നൂറടി അകലത്തേക്കു പോകുമ്പോൾ അറിയാതെ കൈ പൊക്കി ഞാനത് തൊടാൻ ശ്രമിച്ചു. ഓരോ കാൽച്ചുവടിനും അത് അകന്നകന്നു പോയി എന്നെ കളിപ്പിച്ചു. എന്റെ ശ്വാസം അകത്തുനിന്ന് ഒരു ചുഴി പോലെ പുറത്ത് എത്തി. ചീറുന്ന വന്യമൃഗത്തിന്റെ ഒച്ച പോലെ ഞാൻ മുച്ചുവിടുകയായിരുന്നു . കാലുകൾ പിന്നെയും പിന്നെയും ഉലഞ്ഞു ഇതാ,ഇതാ, ഇനിയും രണ്ടു മൂന്നു കാൽവെപ്പു. രണ്ടു കാൽവെപ്പു കുടി. രണ്ടു മൂന്ന് ശ്വാസംകൂടി.
ഞാൻ തളർന്നു അതിന്റെ ചുവട്ടിലെ നിഴലിൽ ചെന്ന് വീണു. തിളച്ച ചോര തലയ്ക്കുള്ളിലേക്കു നുരഞ്ഞു കയറിയപ്പോൾ കാഴ്ച്ചയില്ലാതായി. തണൽ! മരത്തിന്റെ തണൽ! തണുത്ത നീലത്തനാൽ! ഓർമ്മ നഷ്ടപ്പെടുന്നതിനു മുമ്പ് താങ്ങാനാവാത്ത സന്തോഷമായി എന്റെ ഉള്ളിൽ ആ വാക്കുകൾ ഉണ്ടായിരുന്നു . ആ നിറവിൻറെ അനന്ത നിശബ്ദതയിൽ ഞാൻ പതിച്ചു.
ബോധം വന്നപ്പോൾ ഒരുപാട് നേരം മരത്തിന്റെ ഇലകൾ ചലിക്കുന്ന ഒച്ച കേട്ടുകൊണ്ട് ഞാൻ കിടന്നു . എന്റെ കിനാവിൽ പുഴയും തെങ്ങുകളും വയലുകളും വന്നു മറഞ്ഞു, വേറൊരു ജീവിതത്തിൽ എവിടെയോ നിന്ന്.നെടുവീർപ്പോടെ ഞാൻ എണീക്കാൻ ശ്രമിച്ചു. അനങ്ങാൻ കഴിഞ്ഞില്ല. ഉടൽ എന്റെ നിയന്ത്രണത്തിന് അപ്പുറം മറ്റേതോ വസ്തു പോലെ മണ്ണിൽ കനത്ത് കനത്തു പതിഞ്ഞു കിടന്നു.
കണ്ണു തുറന്നപ്പോൾ എന്റെ മുന്നിൽ ഒരു വലിയ ഓന്ത് ഇഴഞ്ഞു പോകുന്നത് ഞാൻ കണ്ടു. ഓന്തല്ല, ഉടുമ്പ്. വളരെ അടുത്ത്, ഒന്ന് കൈ നീട്ടിയാൽ അതിനെ തൊടാൻ കഴിയും. പഹയൻ വളരെ ശ്രദ്ധിച്ച് ഓരോ കാലായി എടുത്തുവെച്ച് നടന്നു. അവന്നു ഞാൻ ഇവിടെ ഉള്ള കാര്യം അറിയാം. എന്നാൽ ചലനം മാത്രമേ അവന്റെ കണ്ണിൽ പെടും. ഞാൻ അനങ്ങാതിരുന്നത് കൊണ്ട് അവൻ ഇനിയും എന്നെ കണ്ടിട്ടില്ല.
ഞാൻ അവന്റെ ചലനം ശ്രദ്ധിച്ചു നോക്കി കിടന്നു. എന്തൊരു അഴക്! ഉടലിന്നു എത്ര സുന്ദരമായ ഒഴുക്ക് ! ജീവനിൽ പടച്ചവൻ നിറച്ച ആനന്ദം. ഈ ലോകത്തിനു മുഴുവൻ അവകാശി എന്നത് പോലെ അവൻ നടന്നു. അവന്റെ ഉടൽ നന്നേ കറുത്തിട്ടാണെങ്കിലും മുതുകത്ത് മാത്രം പൊന്നിന്റെ തിളക്കം. അതിൽ ചെറിയ കറുത്ത പുള്ളികൾ. പൊന്നുരുക്കുമ്പോൾ അതിൽ മലർന്നുവീണതുപോലെ. അത്ര സുന്ദരമായ മററൊരു ജീവിയേ ഞാൻ കണ്ടിട്ടില്ല. പക്ഷേ ഞാൻ അതിനെ രുചിച്ചിട്ടുണ്ട്. ഒരു ബദുവിന്റെ കൈപ്പുണ്യം. അറബികൾ അതിനെ ദൂബ് എന്നു വിളിച്ചു. കടുത്ത മരുഭൂമിയിൽ മാത്രം ജീവിക്കുന്നത്. ഇവയിൽ പുരുഷൻ മാത്രം നിറപ്പൊലിമയോടെ പൊന്നിന്റെ തിളക്കത്തോടെ അപൂർവമായ ഒരു ആഭരണം പോലെ തോന്നും.
ആ ബദു പറഞ്ഞത് എനിക്ക് ഓർമ്മ വന്നു, “കൂട്ടുകാരാ താങ്കൾ ദുബിൻറെ ഹദീസ് കേട്ടിട്ടുണ്ടോ ?”. അവൻ പറഞ്ഞു. ഒരിയ്ക്കൽ ഒരു ബദു മുഹമ്മദ് നബി (സൽ) യ്യുടെ മുന്നിലേക്ക് അഗാധമായ സ്നേഹത്തോടെ ദൂബിൻറെ മാംസം പാകംചെയ്തു കൊണ്ടുപോയി കാഴ്ചവച്ചു. പക്ഷേ അത് അദ്ദേഹം അറപ്പോടെ വേണ്ടെന്നു പറഞ്ഞു. അപ്പോൾ അടുത്തിരുന്ന പടത്തലവനായ ഖാലിദ് നബിയോട് ചോദിച്ചു. “ദൈവദൂതനായ നബിയേ, പറയുക! മുസ്ലിംകൾ ഇത് കഴിക്കാൻ പാടില്ലേ?”. എന്തെന്നാൽ ഖാലിദ് പദുകളെ നയിച്ചിരുന്ന കാലം മുതൽ ആ മാംസത്തിന്റെ രുചിക്ക് അടിമപ്പെട്ടിരുന്നു. നബി ഒന്നും പറയാതെ കുറെ നേരം ആലോചിച്ച്. ഖാലിദ് അദ്ദേഹത്തിന്റെ മുഖം ശ്രദ്ധിച്ചു നോക്കിക്കൊണ്ടിരുന്നു. എന്നിട്ട് നബി പറഞ്ഞു. “അല്ല. താങ്കൾക്ക് ഇഷ്ടമാണെങ്കിൽ കഴിക്കാം. എനിക്ക് എന്തോ ഇത് കഴിക്കാൻ മനസുവരുന്നില്ല” അത് കേട്ടപ്പോൾ വിളമ്പിവച്ച ആ മാംസം താൽപര്യത്തോടെ ഖാലിദ് എടുത്ത് കഴിച്ചു. നബി പുഞ്ചിരിയോടെ അത് നോക്കിയിരുന്നു.
ബദു പറഞ്ഞ ആ ഹദീസ് കേട്ടിട്ട് എനിക്ക് അർത്ഥം മനസ്സിലായില്ല .ഞാൻ അവനോട് ചോദിച്ചു “പിന്നീട് നബി മനസ്സ് മാറി അത് കഴിച്ചോ?”. ചിരിച്ചുകൊണ്ട് അവൻ പറഞ്ഞു. “ഇല്ല കൂട്ടുകാരാ അദ്ദേഹം അത് തള്ളിക്കളഞ്ഞു”. എനിക്ക് പിന്നെയും മനസ്സിലായില്ല. ഞാൻ ചോദിച്ചു “എന്നാൽ അത് ആരും കഴിക്കേണ്ട എന്ന് സൽ പറഞ്ഞുവോ?” അവൻ നിഷ്കളങ്കതയോടെ “ഇല്ലല്ലോ” എന്ന് പറഞ്ഞു. അത്രതന്നെയോ ആ ഹദീസ്? അതിന്റെ നീതി എന്തു? എത്ര വിചിത്രം! പക്ഷേ ഇപ്പോൾ ഓർത്തുനോക്കുമ്പോൾ നബിയുടെ ആ പുഞ്ചിരി ഓർമ്മയിൽ എത്തുന്നു. എത്ര കനിവ് !
ഞാൻ ഇഴഞ്ഞ് പൊയ്ക്കൊണ്ടിരുന്ന അവനെ ഉറക്കെ വിളിച്ചു “എടാ കള്ള ബടുക്കൂസേ, എടാ, നിൽക്കെടാ”. പെട്ടെന്ന് പൊക്കിയ അവൻറെ ഒറ്റക്കാൽ വായുവിൽ അനങ്ങാതെ നിന്നു. “ഞാൻ നിന്നെ കറിവെച്ച് തിന്നാൻ പോവുകയാണ് ,കേട്ടോടാ?”. അവൻ പെട്ടെന്ന് ഓടി നിഴലിനപ്പുറത്ത് വെയിലിൽ നിന്നു. എനിക്ക് തന്റെ പുറകുവശം കാണിച്ച്കൊണ്ട് നീണ്ട വാല് എന്നെ നോക്കി നീട്ടി ആട്ടി. തല ഒന്ന് ചരിച്ച് കടക്കണ്ണുകൊണ്ട് എന്നെ നോക്കി. തടിച്ച അവന്റെ വാലിൽ ചെതുമ്പുകൾ മുള്ളുകൾ പോലെ കൂർത്തുനിന്നു.
ഞാൻ എണീറ്റിരുന്നു. അവൻ പിന്നെയും ശ്രദ്ധിച്ചു കാൽ എടുത്തുവെച്ച് മുമ്പോട്ടുപോയി. വീണ്ടും അതേപോലെ എന്നെ നോക്കി വാൽ കൂർപ്പിച്ചു നിന്നു. ഞാൻ അനങ്ങിയപ്പോൾ അവൻ ഭീഷണിയെന്നോണം വാലനക്കി. “എടാ കള്ള ബെഷീറേ, നിന്റെ വേഷംകെട്ടൊക്കെ എന്നോട് വേണ്ട കേട്ടോടാ? ഞാനാളു വേറെയാ”,ഞാൻ അവനോടു പറഞ്ഞു. അവൻ ഒന്ന് ചീറി, വാൽ വേഗം ആട്ടിക്കൊണ്ട് എന്നെ നോക്കി പുറകിലോട്ട് വന്നു. ഞാൻ കൈയ്‌യൂന്നി എഴുന്നേൽക്കുക്കുന്നതുപോലെ ഒരു അനക്കം കാടി. അവൻ ഓടിപ്പോയി മണലിനുള്ളിൽ പകുതി ഉടൽ താഴ്ത്തി കണ്ണുരുട്ടി നോക്കിക്കൊണ്ടിരുന്നു. എനിക്ക് ചിരി വന്നു. “എന്റെ പൊന്നുമോനെ, പേടിക്കണ്ടടാ… കള്ളഹിമാറെ, അടുത്തതിങ്ങു വാ…”
ഞാൻ ആ മരത്തിൽ പുറം ചാരി ഇരുന്നു. അത് ഒരു കെജ്രി മരം. മരുഭൂമിയിൽ മാത്രം വളരുന്നത് .രാജസ്ഥാനിൽ ഞാൻ ഇത് ധാരാളം കണ്ടിട്ടുണ്ട്. മരുഭൂമിയിലെ ജനങ്ങക്കു ഇത് വളരെ വിശുദ്ധം. അറബികൾ ഇതിനെ കാബ് എന്ന് വിളിക്കും. മക്കയിൽ നിന്ന് വരുമ്പോൾ കാപ്പ് മരക്കാടുകളെ കണ്ടിരുന്നു. പക്ഷേ ഈ മരം ഒറ്റയാൻ. പത്ത് ഇരുപതു മൈൽ ദൂരത്തിലേക്ക് വേറെ മരം ഒന്നുമില്ല. ഇവിടെ ഉണ്ടായിരുന്ന കാബ്മരക്കാട് നശിച്ചതിൻറെ ബാക്കിയോ? അറിയില്ല .പക്ഷേ എത്ര വലിയ ഏകാന്തത!
ഞാൻ അതിൻറെ ഉടൽ ശ്രദ്ധിച്ച്. പല മുറിവുകളും വ്രണങ്ങകളും താങ്ങി വളർന്നത്. വ്രണങ്ങൾ പാടുകളായി, തഴമ്പിച്ചു മുരടിച്ചിരുന്നു.വലിയ ശാഖകൾ തന്നെ പൊട്ടിപ്പോയ തടമുണ്ടായിരുന്നു. എത്രയോ വേനലും മണൽകാറ്റും കണ്ട ഉടൽ. പ്രായത്തിൻറെ അകൽച്ചയുടെ മരുഭൂമിയെ ഉപ്പൂപ്പൻ എതിർത്തുനിന്നു. കാബ് മരങ്ങൾ വളരെ വളരെ മെല്ല വളരുന്നവ. അത്രയ്ക്കൊന്നും പൊക്കവും വണ്ണവും വയ്ക്കാറുമില്ല. തമിഴ്നാട്ടിലുള്ള കരുവേല മരം പോലെത്തന്നെ, കുടപോലെ മുള്ളും കുറ്റിലേയും ചെറുശാഖകളുമായി തഴച്ചു നിൽക്കും. മരുഭൂമിയിൽ ചില മരങ്ങൾ അഞ്ഞൂറ് കൊല്ലം വരെ ജീവിക്കും എന്നും കേട്ടിട്ടുണ്ട്. ഈ മരത്തിന് തന്നെ എങ്ങിനെയും ഇരുനൂറു വയസെങ്കിലും ഉണ്ടാകും. വലിയ പൊക്കമില്ല. കൂടിപ്പോയാൽ രണ്ടാൾ ഉയരം. പക്ഷെ ഉപ്പൂപ്പന്റെ വേരുകൾ നൂറിലേറെ അടി ആഴത്തിലേക്ക് ചെന്നിട്ടുണ്ടാവും.
ആ മരം നന്നായിൽ തളിരിട്ടിരുന്നു. ഏതാനും പൂക്കളുമുണ്ട്. അതിൻറെ തടിയുടെ പരുക്കൻ സ്വഭാവത്തിന്നും ആ മലരുകൾക്കും തളിരുകൾക്കും ഒരു ചേർച്ചയുമില്ല.. അവ മരുഭൂമിയുടെ ചുട്ടുപഴുത്ത കാറ്റിൽ ഉലഞ്ഞാടി രസിക്കുകയായിരുന്നു. “ഇതൊക്കെ ഒന്നുമില്ല മക്കളെ”എന്നതുപോലെ.
അപ്പോഴേക്കും മറ്റെ ബടുക്കൂസ് മെല്ലെ മണലിൽ നിന്ന് കയറി എൻറെ നോട്ടം വെട്ടിച്ചു ഏതാനും അടി ദൂരം അടുത്ത് വന്നു കഴിഞ്ഞിരുന്നു. അതവന്റെ സ്വന്തം മരം. അവിടെ ഒരു അന്യൻ വന്നു കുത്തിയിരിക്കുന്നതു കക്ഷിക്ക് തീരെ അങ്ങ് ഇഷ്ടമായില്ല. അത് ന്യായം. പക്ഷെ ഈ തീവെയിലിൽ ഞാനെങ്ങോട്ടു ചെല്ലും? സൂര്യൻ ഉച്ചനേരത്തെ പരമ ഗാംഭീര്യത്തോടെ ഭരിച്ചുകൊണ്ടേയിരുന്നു. എനിക്ക് ചുറ്റും കാനലിൻറെ തിളയ്ക്കുന്ന ജലം. കണ്ണാടി ഉരുകി ഒലിക്കുന്നു. അതിലൂടെ അവിടുത്തെ ഒരേ അടയാളമായി ആ ഇരട്ടപ്പാറകൾ കാണാം. എന്നെന്നേക്കുമായി മുകാമുകം നോക്കിയിരിക്കുന്നവ.
ഞാൻ കാലുകൾ നീട്ടി. എൻറെ ഉടലിൽ വ്രണങ്ങൾ പഴുത്ത് തുടങ്ങി.കൈവെള്ളകളിൽ തോലുരിഞ്ഞു വ്രണത്തിന്മേൽ മണ്ണും പൊടിയും അടിഞ്ഞു. അതൊന്നു ചീന്തിയെടുക്കാമെന്നു നോക്കിയപ്പോൾ കത്തുന്ന നീറ്റൽ. വെള്ളത്തിൽ നനച്ചു കുതിർത്തെടുക്കാനേ പറ്റൂ. ചെരുപ്പ് ഊരി എടുക്കാൻ നോക്കിയപ്പോൾ കാലിൻറെ അടിയിലെ ചർമം ചെരിപ്പിന്റെ തുകലിനോട് ചേർന്ന് ഒട്ടിപ്പിടിച്ചിരിക്കുന്നതു കണ്ടു. ഒന്ന് ഇളക്കി നോക്കിയപ്പോൾ വേദന സഹിക്കാനാവാതെ ഞാൻ “ആ! ആ! അയ്യോ!” എന്ന് നിലവിളിച്ചുപോയി. തലക്കടിച്ച വേദന കൊണ്ട് പല്ലുകടിച്ചു ഞാൻ ചീറി, “എടാ ബെഷീറേ, ഹറാമീ, നീയിതുവരെ ചത്തില്ലേടാ?” ആ ചോദ്യം കാറിൽ ഉത്തരമില്ലാതെ അലകൊണ്ടു അലിഞ്ഞു. അതെ, അവൻ ഇനിയും ചത്തിട്ടില്ല.
വെള്ളം കണ്ടുപിടിക്കുന്നത് വരെ ഇനി മറ്റൊന്നും ചെയ്യാനില്ല. കയ്യിലിരിക്കുന്ന ഏതാനും കവിൾ വെള്ളം ഞാൻ കരുതലോടെ എടുത്ത് നോക്കി. വെള്ളം കിട്ടാതെ മരിക്കരുത്. ബാക്കിയായ ആ നാല് കവിൾ വെള്ളം പിന്നെ കൈയിലെടുക്കാൻ എനിക്ക് തോന്നിയില്ല . അതിൽ രണ്ട് കവിൾ ഇന്ന് രാത്രിക്ക് മുമ്പ് ഞാൻ കുടിക്കും . ഹോ എത്ര മധുരമായ ചിന്ത! മരിച്ചില്ലെങ്കിൽ നാളെ പിന്നെയും രണ്ട് കവിൾ! അന്ത്യ രുചി!
മരത്തിനു താഴെ ചെറിയ പൂക്കൾ പൊഴിഞ്ഞു കിടന്നു. പൊന്ന് ചെത്തി വിരിച്ചിട്ടതുപോലെ ചെറിയ ചെറിയ കൂമ്പാരങ്ങളായി. ഓരോ പൂവിനും ഒരു ചുവന്ന കുടുമ. ഞാനവ . പെറുക്കിയെടുത്ത് ഉരുട്ടി ഒന്നാക്കി വായിലിട്ട് മുറുക്കാൻ പോലെ കവിളിൽ ഒതുക്കി. നല്ല കയ്പ്പും ചെറിയൊരു ഈർപ്പവും ഉണ്ടായിരുന്നു . അത് രസമായി മാറി എന്റെ ഉള്ളിൽ കടക്കുന്നു എന്ന് ഞാൻ ഭാവിച്ചു. കണ്ണടച്ച് മരത്തിന്റെ പരുക്കൻ തടിയിലും വേരിലുമായി ഞാൻ ചരിഞ്ഞു. പണിയെടുക്കുവന്റെ തഴമ്പിച്ച കൈ പോലെ അവ എന്നെ തഴുകി.
ഈ പൂക്കളുടെ ധാതുക്കൾ എങ്ങോട്ട് പോകും? എത്രയോ കാലമായി ഇവ മരുഭൂമിയിൽ പറന്ന് വീണുകൊണ്ടിരിക്കുന്നു. എവിടുന്നെങ്കിലും ഇതിനായി ഒരു കൊടുംകാറ്റ് തേടി വരുമോ? ഈ മോഹംനിറഞ്ഞ ബീജങ്ങൾ പെൺപ്പൂക്കളെ ചെന്നെത്തുമോ? എന്തൊക്കെയോ അർത്ഥമില്ലാത്ത ചിന്തകൾ. കണ്ണൊന്നു മയങ്ങി. ഉണർന്നപ്പോൾ മരുഭൂമിയിൽ ഒന്നും മാറിയിട്ടുണ്ടായിരുന്നില്ല . അല്ല എല്ലാം മാറിക്കഴിഞ്ഞിരുന്നു. അതിരില്ലാത്ത ചുവന്ന ചർമം അതിമൃതലമായി കൺമുന്നിൽ വിരിഞ്ഞു കിടന്നു.
കള്ള ബടുക്കൂസിനെ കാണാനില്ല. അവൻ നായാട്ടിന്നു ഇറങ്ങിയിട്ടുണ്ടാവും .നേരം മുറുകി സന്ധ്യയായിക്കൊണ്ടിരുന്നു . ഞാൻ എങ്ങോട്ടും ഇല്ല, ഇതാ ഇവിടെയുണ്ട് .എന്റെ ദേഹത്തോടൊപ്പം, എന്റെ ചിന്തകൾ മാത്രമായി. ലബൈക് യാ അള്ളാ! !ലബൈക്










