marubhumi 7

മൂന്നാമത്തെ ദിവസം കാലത്ത് ഞാൻ എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഒരു തീരുമാനം എടുക്കേണ്ടതായി വന്നു. ആ തീരുമാനത്തെക്കുറിച്ച് ഞാൻ ഒരുപാട് തവണ പിന്നീട് ദുഃഖിച്ചിട്ടുണ്ട്.

പുലർന്നു ഞാൻ എണീറ്റപ്പോൾ ആ ഖബറിന്റെ മീതെ ചരിഞ്ഞു കിടക്കുകയായിരുന്നു. ഞെട്ടി ഉണർന്നു ചിന്ത വീണ്ടെടുത്തപ്പോൾ എല്ലാം ഒരു സ്വപ്നമെന്ന് തോന്നി. എത്ര ശ്രമിച്ചിട്ടും ആ ചെറുപ്പക്കാരന്റെ മുഖം ഓർമ്മയിൽ എത്തിയില്ല. ശരിക്കും ഞാൻ അവനെ കണ്ടുവോ? ആ ഖബർ മാന്തി നോക്കാൻ തോന്നിയില്ല. ഞാൻ വലിച്ചെറിഞ്ഞ അവന്റെ കത്തി ഓർമ്മയിൽ എത്തി. അത് അവിടെ കിടക്കുന്നുവെങ്കിൽ ഉറപ്പിക്കാം. എന്നാൽ എവിടെയും അതില്ല.

വേദനയോടെ മൂത്രം അകത്ത് വന്നു മുട്ടി. മൂത്രമൊഴിച്ചപ്പോൾ ചുവന്ന മഞ്ഞ നിറത്തിൽ അമ്ലം പോലെ കത്തുന്ന നാലഞ്ച് തുള്ളി വന്നു മണ്ണിൽ വീണു . അരയാകെ വല്ലാത്ത നീറ്റൽ. ലിംഗം തീയിൽ കത്തി എരിയുന്നത് പോലെ. അതങ്ങു പറിച്ചു വലിച്ചെറിയണം എന്ന് തോന്നിപ്പോയി. വസ്ത്രം കൊണ്ട് ഒന്ന് തൂത്തപ്പോൾ വെന്ത ചർമം ഉരിഞ്ഞുവന്നു . ശ്വാസം കിട്ടാതെ ഞാൻ അവിടെ തന്നെ കിടന്നു പുളഞ്ഞു.

ഇപ്പോൾ തീരുമാനിക്കണം. ഈ മരത്തിന്റെ തണലിൽ കിടന്നു മരിക്കാം, അല്ലെങ്കിൽ വിധിയിൽ വിശ്വസിച്ചു പിന്നെയും നടക്കാം. ഇനി എനിക്ക് ഒരു രണ്ടുമണിക്കൂർ നടക്കാൻ കഴിയുമായിരിക്കും. എന്ന് വെച്ചാൽ ആറുമൈൽ . ഈ രണ്ടു ദിവസം കൊണ്ട് എന്റെ ഭാരം പകുതിയായി കുറഞ്ഞുകഴിഞ്ഞു. അവസാനത്തെ വെള്ളവും പുറത്തുപോയി ശരീരം ഉണക്കമീൻ പോലെ ആയി. അരക്കെട്ടിലും തോളിലും എല്ലുകൾ പൊന്തി ചർമം തുളച്ചു പുറത്തു വരാൻ മുട്ടി നിന്നു. വാരിയെല്ലുകൾ ഉടലിന്റെ പുറത്തുതന്നെ പൊന്തി നിന്നു. കണ്ണുകൾ രണ്ട് വ്രണങ്ങളെപ്പോലായി. മരണം തൊട്ടടുത്തുണ്ടെങ്കിലും എന്തുകൊണ്ടോ വഴുതിപ്പോകുന്നു.

ഞാൻ തുടർന്ന് നടക്കാൻതന്നെ തീരുമാനിച്ചു.

പുറപ്പെടുമ്പോൾ ഞാൻ എന്റെ പൊന്നുകുട്ടപ്പനെ തേടി. അവൻ കാലത്തുതന്നെ അന്നത്തെ നായാട്ടിനു പോയിട്ടുണ്ടാവും. എന്റെ തുകൽ സഞ്ചിയിൽ ഒരു കവിളിൽ വെള്ളം ബാക്കിയുണ്ടായിയിരുന്നു. ശരിക്കുപറഞ്ഞാൽ ഒറ്റക്കവിളായി കുടികാവുന്നത്ര വെള്ളം പിന്നെയും പിന്നെയും പകുതിയാക്കിക്കൊണ്ടു ഞാൻ അതിന്റെ അളവ് കൂട്ടിക്കൊണ്ടിരിക്കുന്നു. അത് വായിൽ വയ്ക്കാൻ പോയപ്പോൾ ഇന്നലെ കണ്ട ചെറുപ്പക്കാരന്റെ മുഖം ഓർമ്മ വന്നു. അവന്റെ മൂത്രത്തിൻ ചൂരും ചോരയുടെ നാറ്റവും. . എനിക്ക് ഓക്കാനം വന്നു. അവസാനത്തെ വെള്ളം ആവേശത്തോടെ കുടിക്കുമ്പോഴും മുഴുവനും കുടിച്ചു കളയരുത് എന്ന ബോധമുള്ള അറബി. ഇത് അവന്റെ വെള്ളം. താഴെ ഒരു ചെറിയ കുഴി ഉണ്ടാക്കി അതിൽ ആ വെള്ളം ഒഴിച്ചു. സഹോദരാ നന്ദി നന്ദി.

തുകൽ സഞ്ചിയും ശേഷിച്ച റൊട്ടിയും ഒക്കെ അവിടെത്തന്നെ വിട്ടിട്ട് ഞാൻ എഴുന്നേറ്റു. യാത്രയ്ക്കുമുമ്പ് ഞാൻ ആ മരത്തെ ഒന്ന് കെട്ടിപ്പിടിച്ചു. അതിന്റെ പരുക്കൻ പട്ട എന്റെ കവിളികളിൽ കുത്തി. ഒട്ടും മയമില്ലാതെ എന്നെ താങ്ങി നിന്നു ഉപ്പൂപ്പ. പ്രായത്തിൻറെ പക്വതയോടെ, ജീവിതം തന്ന അറിവോടെ.

എന്റെ പൊന്നു ഉപ്പൂപ്പാ, നന്ദി. ഇനിയും എനിക്ക് ഏകാന്തത തന്നെ. എന്റെ മാറാത്ത ഏകാന്തതയിൽ ഞാൻ എവിടെയാണെങ്കിലും എന്റെ കൂട്ടിന്ന് താങ്കൾ മാത്രം ഉണ്ടാകണം. ഈ ഭൂമിയിൽ ഞാൻ എവിടെ അടങ്ങിയാലും താങ്കളുടെ വേരുകൾ അവിടെ വന്ന് എന്നെ തഴുകണം. അനുഗ്രഹിക്കുക. ഒരു തുള്ളി കണ്ണീരോടെ ഞാൻ നടന്നു.

കിഴക്ക് പതിവിനെക്കാൾ ഇരുട്ടായിരുന്നു. മഴ അല്ലെങ്കിൽ മണൽ കാറ്റ്. ഏതായാലും ഇനി ഞാൻ ചിന്തിക്കാൻ ഒന്നുമില്ല. ഞാൻ എന്നെ മരുഭൂമിയുടെ കൈയിലേക്ക് കൊടുത്തു കഴിഞ്ഞു. ഇനി ഞാനും മരുഭൂമിയും മാത്രം. ഇനി തീരുമാനങ്ങൾ എടുക്കേണ്ടത് മണ്ണ്.

കുറച്ച് കഴിഞ്ഞു ഞാൻ തിരിഞ്ഞു നോക്കി. മരം വളരെ അകന്നു കഴിഞ്ഞു. പെട്ടെന്ന് എനിക്ക് വല്ലാത്ത ഒരു നഷ്ടബോധം തോന്നി .ഈ പൊഴിഞ്ഞതിന്റെ വേദനിക്കുന്ന പാട് എൻ്റെ ഉള്ളിൽ ഇനി എപ്പോഴും ഉണ്ടാവും. എന്റെ കാലിന് താഴെ പൂഴി പൊടിയായി അലകൊണ്ടു. ചുഴിയായി തിളച്ചു. വെളുത്ത പൂഴി അല്ലെങ്കിൽ ഇളം മഞ്ഞൾ. ഇനിയും സൂര്യ എത്താത്തത് എന്തുകൊണ്ട്? ചക്രവാളം നന്നേ കറുത്തിട്ടുണ്ട്. അതിൽ നിന്നും തണുത്ത കാറ്റ് വരുന്നതുപോലെ. അതിൽ അല്പം ഈർപ്പം ഉണ്ടോ? അല്ലെങ്കിൽ അത് വെറും മായാമോഹമോ?

ഞാൻ നടന്നു. ഒരുപാട് നേരം. കാലബോധമില്ലാതെ, ചിന്തയില്ലാതെ,പതിവുപോലെ. പെട്ടെന്നെന്തോ തോന്നി തിരിഞ്ഞു നോക്കിയപ്പോൾ മരം വളരെ അടുത്ത് നിൽക്കുന്നത് കണ്ടു. ഇതെന്ത് ഭ്രാന്ത്! എന്റെ കാഴ്ച ജലം കാട്ടുന്നുവോ?

പിന്നെയും ഒരുപാട് നേരം തിരിഞ്ഞു നോക്കാതെ നടന്നു. എന്റെ പിന്നിൽ മരവും നിശബ്ദമായി തുടർന്നു വരുന്നതുപോലെ. ഓരോ കാൽവെപ്പിനും അതെന്നെ സമീപിക്കുന്നത് പോലെ. ഞാൻ തിരിഞ്ഞു നോക്കിയില്ല. എന്റെ കാൽപ്പാടുകൾ എണ്ണിക്കൊണ്ടു നടന്നു. നൂറ് ഇരുനൂറ് മുന്നൂറ്… ഒരുപാട് ദൂരം അകന്നു കഴിഞ്ഞു. തിരിഞ്ഞുനോക്കിയപ്പോൾ അതില്ല. കണ്ണുകൊണ്ട് അന്വേഷിച്ചപ്പോൾ വളരെ അകലെ ഒരു ചെറിയ കറുത്ത പുള്ളിയായി അതിനെ കാണാൻ കഴിഞ്ഞു. വല്ലാത്ത ഒരു ആശ്വാസം. എന്നാൽ ഒപ്പം ഒരു നഷ്ടബോധവും. ജീവിതത്തിൻ്റെ അന്ത്യം വരെ അത് ഒപ്പമുണ്ടാവില്ലേ? പിന്നെയും കുറെ സമയം നടന്ന് തിരിഞ്ഞു നോക്കിയപ്പോൾ അത് മറഞ്ഞു കഴിഞ്ഞിരുന്നു . മരുഭൂമിയിലെ അപാര ശൂന്യത.

എന്റെ ഉള്ളിൽ നിന്നും കരച്ചിൽ പൊന്തിവന്നു. നിലവിളിച്ച് കരഞ്ഞുകൊണ്ട് ഞാൻ നിലത്ത് മുട്ടുമടക്കിയിരുന്നു. മണലിൽ കയ്യിട്ട് അടിച്ച് അലറി വിളിച്ചു. “പടച്ചവനെ എന്നെ നീ കൈവെടിഞ്ഞല്ലോ! ഒരു ക്ഷണത്തിന്റെ അഹന്ത കൊണ്ട് ഞാൻ നിന്നെ കൈവെടിഞ്ഞല്ലോ”

ശരീരം ഉലച്ചുകൊണ്ട് പുറത്ത് വന്ന കരച്ചിൽ എന്നിൽ അലയടിച്ചു. എന്തുകൊണ്ട് എന്ന ചോദ്യം പിന്നെയും പിന്നെയും എന്റെ ഉള്ളിൽ തുളച്ചു കയറി. എന്തുകൊണ്ട്? എന്തുകൊണ്ട്?

പെട്ടെന്നൊരു തണുത്ത കാറ്റ് വലിയൊരു തിരമാല പോലെ എന്നെ വന്ന് അടിച്ചു പൊതിഞ്ഞു. തണുത്ത വെള്ളത്തിൽ എന്നെ വാരിയെടുത്തിട്ടതുപോലെ എന്റെ ദേഹം രോമാഞ്ചം കൊണ്ടു വിറങ്ങലിച്ചു.

ഞാൻ അപ്പോൾ കേട്ടു, ലക്ഷക്കണക്കിന് കുതിരകൾ പെരുംപടയോട്ടമായി വരുന്നതു. ലക്ഷം കുളമ്പുകളുടെ ഒച്ച. കുനിഞ്ഞിരുന്ന് തല കൈകൊണ്ട് പിടിച്ചു മണ്ണിൽ ചൂഴ്ന്നിറങ്ങാൻ ശ്രമിക്കുന്നതുപോലെ ഞാൻ ശരീരം മുറുക്കി ഒതുക്കി. ആകാശത്ത് വലിയൊരു ഉരുൾപൊട്ടൽ പോലെ ഇടിമുഴക്കം. എനിക്ക് ചുറ്റും കറുത്ത മേഹം പെട്ടെന്നുണ്ടായ ഇരുട്ടു പോലെ. കഴുത്തിലെ നീണ്ട രോമം ജ്വല പോലെ പറപ്പിച്ചുകൊണ്ട് കറുത്ത കുതിരകളുടെ പെരുമ്പട വരുന്നത് ഞാൻ കേട്ടു , ഇതാ അത് അടുത്തെത്തിക്കഴിഞ്ഞു.

എന്തൊക്കെയോ പൊളിഞ്ഞു വീഴുന്നത് പോലെ ആകാശത്തുനിന്നൊരു ഉഗ്രമായ ശബ്ദം ഇറങ്ങി വന്നു. ചെവി അടച്ച്പിടിച്ചു എന്തെന്ന് നോക്കുന്നനിള്ളിൽ ആകാശത്തുനിന്നും ചെറിയ കല്ലുകൾ മഴപോലെ എന്റെ മീതെ വീണു. തലയിലും പുറത്തും അവ വീണ് പൊട്ടി ചിതറി. രണ്ട് കൈകൊണ്ടും ഞാൻ എന്റെ തല പൊത്തിപ്പിടിച്ചിരുന്നു. കൈയുടെ മീതെ കല്ലുകൾ വീണുകൊണ്ടിരുന്നു. കുപ്പായം കുടപോലെ ആക്കി അതിന്റെ താഴെ ഇരുന്നു. തലയുയർത്താതെ എന്റെ അടുത്ത് വീണു കിടന്നവ എന്തെന്ന് ഞാൻ ശ്രദ്ധിച്ചു . ഇരട്ടി വലിപ്പമുള്ള കുടമുല്ലപ്പൂവുകൾ പോലെ മഞ്ഞുകെട്ടികൾ. അതിമൃദുലമായ വെൺമ. മരുഭൂമിയിലെ ചുട്ട മണലിൽ വന്നു തൊട്ടതുംതന്നെ അവ അലിഞ്ഞു മറഞ്ഞു . അവ വീണ സ്ഥലത്ത് ചെറിയൊരു പൊക്കിൾ രൂപപ്പെട്ടു, ഉടൻ അതിൻറെ മീതെ വീണ്ടും മഞ്ഞുകല്ലുകൾ.

എന്റെ മീതെ വീണ്ടും വീണ്ടും വല്ലാത്തൊരു ആവേശത്തോടെ വന്നറഞ്ഞു ആ കരുണ. ശ്വാസകോശം പൊട്ടുന്നത് പോലെ അത് എന്നെ വീർപ്പിച്ചു. ഒരു ചെറുതുണ്ടെടുത്ത് ഞാൻ വായിലിട്ട് കടിച്ചു . പൊട്ടിയ മഞ്ഞുകട്ടിയിൽ പെട്ട് എൻറെ നാക്കു മുറിഞ്ഞു. കൊഴുത്ത ചോരയോടൊപ്പം ഞാൻ അത് വിഴുങ്ങി. തൊണ്ടയിലേക്ക് ഇറങ്ങി തണുത്ത വെള്ളം. ധമനികളിലൂടെ ഉടൽ മുഴുവൻ ഒഴുകി. ഓരോ അവയവത്തെയും തണുപ്പിച്ചു. എനിക്ക് ചുററും മഞ്ഞുകാട്ടികൾ വീഴുന്ന മുഴക്കാം. അവ മരുഭൂമിയെ തിളപ്പിച്ചു . പിന്നെ തണുപ്പിച്ചു. പിന്നെ മരുഭൂമി വെളുത്ത മഞ്ഞ്കൊണ്ട് മൂടി. മണൽകാട് പുത്തുലഞ്ഞതുപോലെ. വെളുത്ത ചെളിയിൽ പിന്നെയും പിന്നെയും അവ വീണു പൊട്ടിച്ചിതറി. ചിരിച്ചും തുള്ളികുതിച്ചും കളിച്ചു. പിന്നെ അവ ഉരുകി വെള്ളമായി, മൃദുവായ തിളക്കമായി, ചൂടായി വിയായി മാറി. ചെറു കുമിളകളായി മണലിൽ ഇറങ്ങി. മരുഭൂമിയുടെ ആത്മാവിൽ ചെന്നെത്തി.

മഴപെയ്തു തുടങ്ങി. തണുത്ത മഴ . ആകാശത്തിന്റെ അനന്തകോടി വേരുകൾ. എന്റെ ദേഹം തണുപ്പ് കൊണ്ട് വിറച്ചു. മണ്ണ് മൃദുലമായ ചെളിയായിക്കഴിഞ്ഞു. എന്റെ കാലുക മഞ്ഞിന്റെ ചെളിയിൽ തെന്നി അടിതെറ്റി. ഞാൻ അതിൽ പിന്നെയും പിന്നെയും വഴുതി മുഖമടിച്ചു വീണു .എഴുന്നേറ്റ് കണ്ണിലും വായിലും പുരികങ്ങളിലും ഓടിപ്പിടിച്ചിരുന്ന ചെളി തൂത്ത് മാറ്റി. നിലത്ത് ഊന്നിയ കൈ വഴുതി ചേറിൽത്തന്നെ ഞാൻ പിന്നെയും വീണു. പെട്ടെന്ന് എനിക്ക് ചിരി പൊട്ടി. അടക്കാനാവാതെ ചെളിയിൽ വീണ് പുളഞ്ഞു ഞാൻ ചിരിച്ചു. ചെളിയിൽ വഴിയും ചറുക്കിയും കുറെ ദൂരം പോയി. ഇഴഞ്ഞും, നടന്നും, വീണും, എഴുന്നേറ്റും ഞാൻ കിഴക്ക് നോക്കി നടന്നു. എൻറെ മീതെ ആകാശതിന്റെ ഒടുങ്ങാത്ത കരുണ ചെയ്തുകൊണ്ടിരുന്നു. ഒരു തുള്ളിപോലും ബാക്കിയില്ലാത്ത അനന്തമായ കരുണ.

അവിടുന്ന് പിന്നെയും പത്തു മൈൽ കഴിഞ്ഞ് ബദുക്കളുടെ ഒരു സംഘം എന്നെ കണ്ടെത്തിയപ്പോൾ ചെളിയിൽ കിടന്നുരുണ്ടു ചിരിച്ചു കളിച്ചു കൊണ്ടിരിക്കുന്ന ഒരു ഭ്രാന്തനായിരുന്നു ഞാൻ. അവർ പലതവണ എന്നോട് എന്റെ പേര് ചോദിച്ചു. എങ്ങോട്ടാണെന്ന് അനേഷിച്ചു. എവിടുന്നു വരുന്നു? ഏതു വർഗക്കാരൻ? എന്ത് ചോദിച്ചാലും എനിക്ക് ഉത്തരമില്ലായിരുന്നു. മരുഭൂമിയെ ചൂണ്ടിക്കടി ഞാൻ ചിരിച്ചുകൊണ്ടേയിരുന്നുl കുട്ടികളും സ്ത്രീകളും എനിക്ക് ചുറ്റും നിന്ന് വിസ്മയത്തോടെ എന്നെ നോക്കി, പിന്നെ അവരും ചിരിച്ചു തുടങ്ങി. അവർക്ക് വല്ലാത്ത അത്ഭുതം. ഒരാൾ ഒറ്റയ്ക്ക് അത്തൻഹാ മരുഭൂമി കടന്നുവന്നിരിക്കുന്നു

അവരെന്നെ ഒട്ടകത്തിൽ കയറ്റി കൊണ്ടുപോയി. പത്ത് ദിവസം വരെ എനിക്ക് ചികിത്സ വേണ്ടിവന്നു. എന്റെ പേര് അറിയാത്തതുകൊണ്ട് അവരെന്നെ അൽ ഹസീസ് എന്ന് വിളിച്ചു. ഭാഗ്യം ചെയ്തവൻ. അവർ എന്നെ ദമ്മാമിലേക്കും അവിടുന്ന് തോണിയിൽ ബഹ്റൈനിലേക്കും കൊണ്ടു പോയി. അവിടുന്ന് എന്നെ കപ്പൽ കയറ്റിവിട്ടു.

ഒട്ടകത്തിന്റെ മീതെ ഇരുന്നു ആ അനന്ത ദാഹത്തിന്റെ മഹാനദി കടന്നപ്പോൾ എന്റെ ദേഹത്ത് ഉണ്ടായിരുന്ന മണ്ണ് ഉണങ്ങി ചർമ്മത്തോടൊപ്പം പൊടിഞ്ഞു പൊഴിഞ്ഞു. മരുഭൂമിയിലെ മണ്ണ് പരിശുദ്ധം. അത് നല്ല മരുന്ന്. ആ മണ്ണിന്റെ ഉള്ളിൽ എന്റെ ചർമം തളിരിട്ട് മിനുസത്തോടെ മുളച്ചു വന്നിരുന്നു. ഞാൻ തേജസ്സുള്ളവനായിത്തീർന്നിരുന്നു.

ഒട്ടകത്തിന്റെ ചലനത്തോടൊപ്പം ഞാൻ കണ്ണുകൾ അടച്ച് നിരന്തരം പ്രാർത്ഥിച്ചു. ലോഹാലോകങ്ങളുടെ സൃഷ്ടാവേ, ഞാൻ ഇനിയൊരിക്കൽ വരും. എന്റെ യാത്രകളും കടമകളും ഒന്ന് തീരട്ടെ. എന്റെ എല്ലാ ദാഹവും ഭ്രാന്തും ശ്രമിക്കട്ടെ. പൂർണ്ണമായും നിന്നിലേക്ക് ഞാൻ മടങ്ങും. നിന്നിൽ അലിഞ്ഞില്ലാതാവും. ഒട്ടും ബാക്കിയുണ്ടാവില്ല. അതിനുശേഷം നീ മാത്രം ബാക്കിയാവും. നീ മാത്രം.

സുഖം മംഗളം.

முந்தைய கட்டுரைmarubhumi 6
அடுத்த கட்டுரைமேடையுரைப் பயிற்சி, கடிதம்