മണിക്കൂറുകൾ അല്ലെങ്കിൽ ഏതാനും നിമിഷങ്ങൾ മാത്രമോ എന്നറിയില്ല, ഞാൻ കണ്ണു തുറന്നപ്പോൾ നാല് ദിക്കിലും പൊടിപടലം തിരശീലപോലെ വളഞ്ഞിരിക്കുന്നതു കണ്ടു. അതിലൂടെ ആകാശം ഇരുണ്ടുവരുന്നുണ്ടായിരുന്നു. അവിടെയൊരു വൻ കോളിളക്കം പോലെ. ആ ദിൽക്കിൽ നിന്നും കാറ്റ് വന്നു തുടങ്ങി. തെല്ല് തണുത്ത കാറ്റ്. കാറ്റിൻതിരകൾ മണലിൽ കാൽവിരൽ തുമ്പു മാത്രം മാത്രം ഊന്നി ഓടി എന്റെ മീതെ തുള്ളിക്കയറി കടന്നുപോയി. രൂപമില്ലാത്ത മനുഷ്യർ തമ്മിൽ എന്തോ പറഞ്ഞുകൊണ്ട് ഓടുന്നു. ഓരോ ചവിട്ടിലും എന്റെ ശരീരം ഒന്നു തുടിച്ചു അനങ്ങി. വെയിൽ തീരെയില്ല. ആകാശം മുഴുവൻ കാച്ചിയ ലോഹം പോലെ നന്നേ ചുവന്നിരുന്നു.
പെട്ടെന്ന് ആരോ വലിച്ചു നീക്കിയത് പോലെ പുഴിയുടെ തിരശ്ശീല തെക്കോട്ടു അകന്നു. അപ്പോൾ ഞാൻ അത് കണ്ടു, കിഴക്കൻ ചക്രവാളം നിറച്ച്കൊണ്ട് ചുരുൾ ചുരുളായി പൊന്തി മാനം മുട്ടി വളർന്നു അടുത്ത് വരികയായിരുന്നു അത്. വലിയൊരു കുന്നു പോലെ അത് അനങ്ങാതെ നില്കുന്നുവെന്നും തോന്നി. ചെമ്പ് നിറമായിരുന്നു. നൂറോ ആയിരമോ അടി പ്പൊക്കം ഉണ്ടായിരിക്കും.
ഞാൻ എണീക്കാൻ ശ്രമിച്ചു. അനങ്ങാനായില്ല. എന്റെ ശരീരം ഭയം കൊണ്ട് വിറങ്ങലിച്ചിരുന്നു. അടുത്തെത്തുംതോറും അതിന്റെ വേഗം കൂടി വന്നത് ഞാൻ കണ്ടു. ചിനപ്പന്നിയുടെ അടിവയർ പോലെ അതിന്റെ ഉള്ളിൽ എത്രയോ തുള്ളുന്ന ചെറുമുലകൾ. കുമിളകൾ അതിന്റെ ദേഹമാകേ പൊട്ടിവിടർന്നു. അതിന്റെ ചർമ്മം കീറിപ്പൊട്ടിച്ചു കൊണ്ട് പാറകൾ പോലെ വലിയ കുമിളകൾ പുറത്തുവന്നു. തിളക്കുന്ന ദ്രവം പോലെ തൊട്ടുമുന്നിൽ ചെങ്കുത്തായി പൊന്തി നിൽക്കുന്ന മാമല. അതിസുന്ദരൻ. പ്രതാപി. ഉഗ്രകോപി. ഞാൻ മുഖം തുണികൊണ്ട് മൂടി. രണ്ട് കാതും കൈകൊണ്ട് പൊത്തി . ശരീരം മുന്നിലേക്ക് വളച്ചു മണ്ണിൽ ഒച്ച് പോലെ ഒട്ടിപ്പിടിച്ചു ഇരുന്നു. സർവ ഇന്ദ്രിയങളെയും മനസിനെയും ചിത്തത്തെയും ഒതുക്കി അത് അടുത്തെത്താൻ കാത്തിരുന്നു .മറ്റൊരു വഴിയുമില്ല. മണൽമഹാപ്രവാഹം ഒറ്റ കാലുകൊണ്ട് മരുഭൂമിയെ ചവിട്ടി ഞെരിച്ചുകൊണ്ടു എന്നെ നോക്കി വന്നു . ഇനി ഏതാനും ക്ഷണങ്ങൾ.ഇനി ഒരുപാട് യുഗങ്ങൾ.
മണൽമാരി എന്റെ മീതെ നിറഞ്ഞപ്പോൾ ശ്വാസം നെഞ്ചിൽ മുട്ടി ബോധം ഇല്ലാതായി. ഒരു ഞൊടി. അല്ലങ്കിൽ ഒരുപാട് കാലം. ഓർമ്മ വന്നപ്പോൾ തീർത്തും മറ്റൊരു ലോകത്ത് കടന്നു കഴിഞ്ഞിരുന്നു. ദിക്കുകളില്ലാത്ത പ്രപഞ്ചം. അങ്ങനെ ഒന്ന് ഉണ്ട് ഞാൻ ഒരിക്കലും വിചാരിച്ചിരുന്നില്ല. എട്ട് ദിക്കും ചുവന്ന പൂഴി മാത്രം. ഞാൻ നിൽക്കുന്നുവോ പൊന്തി ഒഴുകുന്നുവോ എന്നറിയില്ല. ചുട്ടുപഴുത്ത് കത്തുന്ന കാരിരുമ്പിന്റെ ചുവപ്പ് . മണൽ കയറി ശ്വാസത്തിൻറെ ഭാരം കൂടിയിരുന്നു. ശരീരം നന്നായി തുണികൊണ്ട് മൂടാൻ ഞാൻ ശ്രമിച്ചു. ശക്തമായ കൈകൾ എന്നെ പിടിച്ചുലച്ചു. പൊന്തിയെടുത്ത് അങ്ങോട്ടും ഇങ്ങോട്ടും വലിച്ചെറിയുകയും ഉരുട്ടുകയും ചെയ്തു. എന്റെ കുപ്പായം ദേഹത്ത് നിന്നും പറിച്ചെടുക്കാൻ അവ ശ്രമിച്ചു.
എന്റെ മനസ്സിലും ദിക്കുകൾ മാഞ്ഞു കഴിഞ്ഞു എന്ന് എനിക്ക് ഞാൻ അത്ഭുതത്തോടെ അറിഞ്ഞു. ദിക്കുകളില്ലാത്തപ്പോൾ ചിന്തകൾ മുമ്പോട്ടു പോകാറില്ല. ഇന്ദ്രിയങ്ങൾ മണലൊന്ന ഒന്നു മാത്രം അറിഞ്ഞുകൊണ്ടിരുന്നു. കാറ്റ് വലിയൊരു നദി പോലെ എന്നെ കൊണ്ടുപോയി. അതിൽ നിന്ന് രക്ഷപ്പെടാൻ ഞാൻ കുനിഞ്ഞ് മണ്ണിൽ അള്ളിപ്പിടിച്ചു. എന്റെ മീതെ മണൽ വെള്ളച്ചാട്ടം പോലെ തിളച്ചു നുരച്ചു വീന്നു. കാതുകൾ പൂർണമായി അടച്ച് കഴിഞ്ഞിരുന്നു. മണൽത്തരികൾ വളരെ നേർത്തവ ആയിരുന്നെങ്കിലും കാറ്റിന്റെ വേഗതയിൽ അവർ എന്നിലേക്ക് തുളച്ച് കയറി. തീ പോലെ മണലും ചർമ്മത്തു
പൊള്ളൂമെന്ന് അപ്പോൾ അറിഞ്ഞു. എന്റെ മീതെ മണൽ വലിയൊരു കരിമ്പടം പോലെ വീണു മൂടി. ഈറൻ കരിമ്പടം. ചുട്ടുപൊള്ളുന്ന ഈർപ്പം. അ ഭാരം കൂടിക്കൂടി വന്നു. മണ്ണിന്റെ ഉള്ളിലേക്ക് ഞാൻ ഇറങ്ങുകയായിരുന്നു. കൈയ്യും കാലും പത്തിരട്ടി ഭാരമായിത്തീർന്നു .
എൻറെ മീതെ കുന്നുകയറിയ മണ്ണൊന്ന് ചെരിച്ചിടണം എന്ന് ഞാൻ വിചാരിച്ചപ്പോൾ കാറ്റ് എന്നെ പൊക്കി എവിടേയ്ക്കോ എറിഞ്ഞു. എന്റെ കുപ്പായം എന്നിൽ നിന്നും തുടിച്ച് വിരിഞ്ഞു ചിറകുകൾ ആയി പറന്നു പിടഞ്ഞു. ഞാനത് വലിച്ച് എന്റെ കൈ കൊണ്ട് ശരീരത്തിലേക്ക് ചുറ്റി, മുറുകെ പിടിച്ചു കുനിഞ്ഞിരുന്നു. പ്രാർത്തന പോലെ. പെട്ടെന്ന് കാതുകൾ തുറന്നു, രീരീമ്മ്മ് എന്ന മൂളൽ തലയ്ക്കുള്ളിൽ നിറഞ്ഞു. ഞാൻ ഉണ്ട് എന്ന് എൻറെ ശരീരം വീണ്ടും അറിഞ്ഞു തുടങ്ങി. മുഖത്ത് തൊട്ടപ്പോൾ ഒരു മൺകലത്തിന്മേൽ തൊട്ടതുപോലെ. ഒന്ന് തട്ടിയാൽ പൊട്ടും. ദേഹത്തിന്റെ ഓരോ അനക്കത്തിലും മണൽ അരഞ്ഞു. വായ്ക്കുള്ളിൽ തൊണ്ടയിൽ ശ്വാസകോശങ്ങളിൽ വയറിനുള്ളിൽ ചോര കുത്തിയൊഴുകുന്ന ധമനികളിൽ ഒക്കെ മണൽ. പല്ലുകൾ കൂട്ടിമുട്ടിയപ്പോൾ മണല് കടിച്ചു. കണ്ണുകൾക്കുള്ളിൽ മണൽ ആണെന്ന് തോന്നി. അകത്തുനിന്നും കണ്ണുനീർ പൊന്തിവന്ന് മണൽ വാരിയെടുത്തു ഒഴുകി കവിളിലേക്ക് ഇറങ്ങി മണൽത്തുള്ളികളായി മാറിലേക്ക് വീണു . മൂക്കിൽ നിന്നും ജലം മണലായിത്തന്നെ ഇറ്റ് വീണു. കുപ്പായം ഒരു ചെറിയ കൂടാരമായി മാറ്റി, അതിന്റെ ഉള്ളിൽ സ്വയം ഒതുക്കിയിരുന്ന് , ചുമച്ചു ചുമച്ച് മണൽ തുപ്പി. എന്റെ ശരീരം വിറച്ചു തുള്ളി കൊണ്ടിരുന്നു.
പെട്ടെന്ന് മണൽക്കാറ്റ് എന്നെ പൊക്കിയെടുത്ത് മുള്ള് ചെടികളുടെ മീതെ എറിഞ്ഞു. എന്റെ മുതുകിലും കൈകളിലും മുള്ളുകൾ തുളച്ചുകയറി . വേദന കൊണ്ട് പുളഞ്ഞു ഞാൻ ഉരുണ്ടു എണീറ്റ് ഇരുന്നു .കൈകളുടെ മീതെ ചോര മൊട്ടുകളായി പൊടിഞ്ഞു.കണ്ണുനീരോടെ ഞാൻ ചിരിച്ചു പോയി. അതെ ഇടിവെട്ടിയവനെ തന്നെയാണ് പാമ്പ് കടിക്കേണ്ടത്. അതാണല്ലോ അതിന്റെ രീതി?
എനിക്ക് അവിടെ ഇരിക്കാൻ കഴിഞ്ഞില്ല.എഴുന്നേറ്റ് ദിക്കുകൾ ഒന്നും നോക്കാതെ നടന്നു തുടങ്ങി .എങ്ങും ചുവപ്പ്. ഇളം ചോരച്ചുവപ്പ്. അമ്മയുടെ ഗർഭപാത്രം പോലെ. വള്ളികളും കള്ളിമുള്ളുകളും കാലിലിടറി .വീണും എണീറ്റും ഞാൻ നടന്നു. അപ്പോൾ ആ ശബ്ദം. പതിഞ്ഞ ശബ്ദം, എന്നാൽ വളരെ തെളിഞ്ഞത്. “ആരാ?” ഞാൻ ഉറക്കെ വിളിച്ചു. കാറ്റിന്റെ ശബ്ദം മാത്രം. നിലവിളിക്കുകയായിരുന്നു ഭൂമി. കള്ളിമുള്ളിൽ കാറ്റ് കീറിപ്പറിയുന്ന ശബ്ദം. പെണ്ണിന്റെ ശീല്ക്കാരം. അല്ലെങ്കിൽ ചെറിയ കുട്ടിയുടെ കരച്ചിൽ.അല്ലെങ്കിൽ ചിരിയോ? “ആരാ? ആരാ അത് ?”
മണൽമഴ അലയലയായി മണ്ണിൽ പതിച്ചു. മഴ തന്ന .വെള്ളം തന്നെ. ചാറൽ. ഇടവപ്പാതി. മണൽനതി ചുഴികുത്തി ഒഴുകി. വെള്ളത്തിൽ മുങ്ങിയത് പോലെ ശ്വാസംമുട്ടി. ശരീരം ഉലയിച്ചുകൊണ്ട് ചുമച്ചപ്പോൾ കഫമായി മണൽ പുറത്തുവന്നു. എങ്ങോട്ടെന്നില്ലാതെ ഞാൻ നടന്നുകൊണ്ടിരുന്നു. പെട്ടെന്ന് മണൽ ഒരു കയറായി മാറി എന്റെ കാലിൽ ചുറ്റികയറി. ഞെട്ടിത്തരിച്ചു ഞാൻ കാലു കുടഞ്ഞ് തുള്ളിച്ചാടി. അത് കയറി തുടയിലേക്കു അടുത്തു . നട്ടെല്ലിലൊരു തണുത്ത സൂചി കയറിയത് പോലെ അതിന്റെ ഇഴച്ചിൽ. ഒടുവിൽ ഒന്ന് ആഞ്ഞു കുതറിയപ്പോൾ അത് മണലിൽ തെറിച്ച് വീണ് തുള്ളി അകന്നു. ചാട്ട പോലെ മണൽതകിടിയെ അടിച്ചടിച്ച് അകന്നു പോയി. എല്ലാം ഒറ്റ ഞൊടിയിടയിൽ .എന്റെ ഹൃദയം പിടച്ച് പുറത്ത് ചാടുമെന്ന് തോന്നി. യാ അള്ളാഹ് ! ഞാൻ മുട്ടിട്ടിരുന്നു പ്രാർത്ഥിച്ചു .
ഒന്നും കാണാനായില്ല. കാറ്റ് പിന്നെയും പിന്നെയും കടുത്തു . കാലവും ഇടവും അതിന്റെ മുന്നിൽ പിടഞ്ഞു തുടിച്ചു പറന്നു പോയി. പ്രപഞ്ചത്തിന്റെ ആദ്യത്തെ ചുഴി. ബഷീർ! ബഷീർ!
“ആരാ?” ഞാൻ ഉറക്കെ ഉറക്കെ കൂകി വിളിച്ചു. ശബ്ദം ഉണ്ടായില്ല. തൊണ്ട കീറിയ ശ്വാസം മാത്രം മണലായി പുറത്തെത്തി. കുപ്പായം തലയ്ക്കു മീതെ വലിച്ചു മുടി ഞാൻ ഇരുന്നു. എന്റെ മീതെ കാറ്റുമനുഷ്യർ ചവിട്ടി കയറി കടന്നുപോയി. ഞാൻ അനങ്ങിയില്ല. എൻറെ ഉള്ളിൽ നിന്നും തേങ്ങൽ പോലെ എന്തൊക്കെയോ വാക്കുകൾ വന്നുകൊണ്ടിരുന്നു.
ഒരുപാട് സമയം കടന്നു പോയിട്ടുണ്ടാവും.എനിക്ക് ചുറ്റും കാറ്റിന്റെ ഭ്രാന്തമായ നിലവിളിയും മണൽ മഴയുടെ ഒടുങ്ങാത്ത മുഴക്കവും മാത്രം. ദേഹത്തിന്റെ ശക്തി മുഴുവൻ കാറിനെ ഓരോ ക്ഷണവും എതിർത്തു നിന്ന് ഇല്ലാതായി കഴിഞ്ഞു . ഇടയ്ക്കിടയ്ക്ക് ആഞ്ഞടിച്ച കാറ്റ് എന്നെ പൊക്കിയെടുത്ത് അങ്ങോട്ടുമിങ്ങോട്ടും ഇട്ട് കളിച്ചു. നൂറു നൂറു ചെന്നായകളുടെ ഗർജനം. എന്നെ അവ കടിച്ചു അങ്ങോട്ടുമിങ്ങോട്ടും വലിച്ചിഴച്ചു .നെറ്റി മണ്ണിൽ പതിച്ചു ഞാൻ സുജൂദിൽ ഇരുന്നു .വിശപ്പും ദാഹവും കൊണ്ട് ഞാനെപ്പോൾ വേണമെങ്കിലും ചാകുമെന്നായി. എന്റെ സഞ്ചിയിൽ തന്നെ ആഹാരവും വെള്ളവും ഉണ്ടായിരുന്നു .എന്നാൽ കഴിക്കാൻ പറ്റില്ല. ഞാൻ കെട്ടിപ്പിടിച്ചിരുന്ന കുപ്പായം ഒരു ക്ഷണം പിടി വിട്ടാലും എന്റെ ജീവൻ പോലെ തന്നെ പറന്നു പോകും . എങ്ങോട്ട് പോകണം എന്ന് ഇനി നോക്കേണ്ടതില്ല. ജീവനോടെ ഇരിക്കുക മാത്രം. മന്ത്രം പോലെ ഞാൻ അത് പറഞ്ഞു കൊണ്ടേയിരുന്നു. ലപൈക്ക് യാ അള്ളാ. ഞാനിവിടെയുണ്ട്! ദൈവമേ! ലോകമായ ലോകമേ അറിയുക! ഞാനിവിടെയുണ്ട്! എടാ ബെഷീറേ നീ ഇവിടെയുണ്ട്!
സന്ധ്യയ്ക്ക് കാറ്റ് നിലച്ചു. നിലച്ചുവോ സന്ധ്യയോ പറയാൻ ആയില്ല .കാറ്റിൽ പൊന്തി കിടന്ന പൂഴി ഇനിയും അടങ്ങിയിട്ടില്ല . എങ്ങും അതേ ചുവന്ന നിറം മാത്രം . ഇപ്പോൾ അത് ഒന്നുകൂടി തുടുത്തിട്ടുണ്ട്, തോൽ ഉരിച്ചെടുത്ത ബലിമൃഗം. മരുഭൂമിയുടെ മീതെ ഞാൻ ഒച്ചു പോലെ ചുരുണ്ട് കിടക്കുകയായിരുന്നു. എന്റെ മുതുകിൽ മണൽ കൂമ്പാരമായി കൂടിയിരുന്നു . ശരീരം തന്നെ ചുവന്ന മണ്ണ് കൊണ്ടുണ്ടായതുപോലെ. കൈയ്യൂന്നി എണീറ്റിരുന്നു പൊടി ഒന്ന് കുടഞ്ഞു . ശരീരംതന്നെ പൊടിഞ്ഞു പൊഴിയുന്നതുപോലെ. വസ്ത്രം കുടഞ്ഞപ്പോൾ മൃദുലമായ ചുവന്ന ഇതളുകൾ പോലെ പൂഴിമണ്ണ് പൂത്തു വിരിഞ്ഞു.
വയറ്റിനുള്ളിൽ വിശപ്പിൻറെ വേദന. ദാഹം ശരീരം തന്നെയായിരുന്നു. തുകൽ സഞ്ചിയിൽ നിന്നും അല്പം വെള്ളം എടുത്ത് ഈമ്പി കുടിച്ചു. തൊണ്ടയിലും അകത്തും കൂർത്ത നഗം കൊണ്ട് കീറുന്നത് പോലെ. കുറച്ചു വെള്ളം എടുത്തു ഇമകളുടെ മീതെ പുരട്ടി അവയെ ആളിക്കത്തിച്ചു. ഇനി ഇരുട്ടാൻ രണ്ടോ മൂന്നോ മണിക്കൂർ. സഞ്ചിയിൽ നിന്നും റൊട്ടി പുറത്തെടുത്ത് ഓരോ കവിളിൽ വെള്ളത്തോടൊപ്പം വിഴുങ്ങി . ഒപ്പം പൂഴിയും.
പനിച്ചതുപോലെ ദേഹം നടുങ്ങിക്കൊണ്ടിരുന്നു. ഏകാന്തത, ഒപ്പം അത് മാത്രം. രണ്ടുമൂന്നോ വാരക്കപ്പുറം ഒന്നും കാണാനായില്ല. ചുവന്ന നിറം ഒരു ഗോളം പോലെ എന്നെ വളഞ്ഞിരുന്നു. പരിപൂർണ്ണ നിശബ്ദത. കള്ളിച്ചെടിയുടെ ശില്‍ക്കാരം ഇടയ്ക്കിടയ്ക്ക് കേൾക്കാം. താങ്ങാനാവാത്ത ദുഃഖത്തോടെ അവ ഞരങ്ങുന്നതുപോലെ. സമയം ചെല്ലുന്തോറും ചുവന്ന ഗോളം എന്നെ ചുറ്റി ചുരുങ്ങി ചുരുങ്ങി വന്നു. ചുവന്ന ഗോളത്തിൽ വെളിച്ചം കൂടുതൽ ഉണ്ടായിരുന്ന ദിക്കിലേക്ക് ഞാൻ നടന്നു.
കള്ളിച്ചെടികളുടെ സിൽക്കാരം തുടർന്നു. ചിലപ്പോൾ അവ എന്തോ വാചകങ്ങൾ ആണെന്ന് തോന്നി. ഒടുങ്ങാത്ത വിരഹത്തോടെ അവ കാത്തിരിക്കുന്നു. ആർക്ക് വേണ്ടി ? കാറ്റിൽ വീണ്ടും നീലപ്പൂക്കളുടെ ഗന്ധം . വെറുമൊരു ഓർമ്മ എന്ന് തോന്നുന്നത്ര നേർത്ത വാസന. നടന്നപ്പോൾ എന്റെ കാൽചുവടുകളിൽ നിന്ന് പശിമയുള്ള പൂഴി പൊന്തി അടങ്ങി. ഞാൻ വെള്ളത്തിന്റെ മീതെ നടക്കുകയാണെന്ന് തോന്നി.കാലുകളിൽ ഇടയ്ക്കിടെ വിഷകനികൾ ചവിട്ടി അരഞ്ഞു .വള്ളികളിൽ നിന്നും വേർപെട്ട അവ ഒരുപാട് ദൂരം യാത്ര ചെയ്തിരുന്നു. അവയുടെ മധുരമുള്ള രസം. മരുഭൂമിയുടെ ഏക മധു, മരണം !
കാറ്റിൽ കുളിരും ഇരുട്ടും ഓരോ നിമിഷവും കൂടിക്കൂടി വന്നു . ഇനിയും കുറെ സമയത്തിനുള്ളിൽ കാരിരുൾ വന്നേക്കും. അതിനുമുമ്പ് ഞാൻ ആ ഇരട്ടപ്പാറമുഖത്തിന് അടുത്തേയ്ക്കു എത്തിക്കഴിഞ്ഞിരിക്കണം. കഴിയുമെന്ന വിശ്വാസം എനിക്ക് ഉണ്ടായിരുന്നില്ല. എന്നാൽ നാളെ ഉച്ചയ്ക്കുള്ളിൽ ഏതെങ്കിലും ഒരു ഉറവയോ കിണറോ ഞാൻ കണ്ടെത്തേണ്ടതുണ്ട് . എന്റെ അരയിൽ തൂങ്ങിക്കിടന്ന തുകൽ സഞ്ചിയിൽ വളരെ കുറച്ച് മാത്രമേ വെള്ളം ഉണ്ടായിരുന്നു . അതിന്റെ അവസാന തുള്ളി ബാക്കിയാവും വരെ എനിക്ക് ജീവിക്കാനാവും.
പിന്നിലൊരു ചിരി കേട്ടു. എന്റെ പുറം കഴുത്തിൽ രോമാഞ്ചമുണ്ടായി. തിരിഞ്ഞു നോക്കിയപ്പോൾ പൂഴിയിൽ ഒരു ചലനം മാത്രം. എന്നെ ആരോ വളരെ അടുത്ത പിന്തുടർന്ന് വരുന്നതുപോലെ. എന്റെ കാൽവെപ്പ് കൊണ്ടുണ്ടായ പൊടിയോ, അതോ? ഞാൻ വേഗം നടന്നു. പുറകിൽ അവൻ വരുന്നത് കേട്ടു. ഞാൻ തിരിഞ്ഞുനോക്കിയില്ല. ചെറുതായികൊണ്ടേ വന്ന എന്റെ ചുവന്ന ഗോളത്തിനുള്ളിൽ നീലപ്പൂക്കൾ ചൂടിയ മുള്ളുചെടികൾ വന്നു വന്നു മറഞ്ഞു കൊണ്ടിരുന്നു. കാലുകളിൽ അരഞ്ഞു വിഷമാംസം . ഞാൻ പെട്ടെന്ന് തിരിഞ്ഞുനോക്കി കൈയ്യോങ്ങി “ആരെടാ? എടാ, ആരാ?”
അവനൊന്നും പറഞ്ഞില്ല . ഒച്ചയില്ലാതെ അവൻ പൂഴിത്തിരശീലയ്ക്ക് അപ്പുറത്തു നിന്നു. ഞാൻ പിന്നെയും നടന്നു. മുന്നിലും പിന്നിലും പൂഴിമറ അല്ലാതെ മറ്റൊന്നുമില്ല. അതിന്റെ മറുവശത്ത് വെളിച്ചം നിറഞ്ഞിരിക്കുന്നത് പോലെ ചുവന്ന തിളക്കം. എന്റെ മുന്നിൽ മറ്റൊരു കാൽപ്പാട് നിരയായി പോകുന്നത് കണ്ടു. ഞാൻ അതിനെ പിന്തുടരുന്നുവോ?
രാത്രി അടുക്കുംതോറും ഏകാന്തത ഉഗ്രമായി. നീലപ്പൂവിന്റെ ഗന്ധം കനത്തു . എനിക്ക് ശ്വാസം മുട്ടി തുടങ്ങി. നടക്കുംതോറും അതിന്റെ ഗന്ധം വളർന്നു ചത്തു മലച്ചു. ദ്രവിച്ചു തുടങ്ങിയ ചപ്പിലയുടെ ചൂര്. എന്റെ മുന്നിൽ കാൽപ്പാടുകൾ തെളിച്ചു കണ്ടു. അതെ കാൽപ്പാടുകൾ തന്നെ! എന്റെ ഭാവനയല്ല! ഞാനത് കൃത്യമായി കാണുന്നു. പക്ഷേ എൻറെ കാലൊച്ച പുറകിൽ കേൾക്കുന്നു. അണ്ടചരാചരങ്ങളുടെ സൃഷ്‌ടാവേ, ഞാൻ എവിടെയാണ്.
ദ്രവിക്കുന്നതിന്റെ ചുരു കൂടിക്കൂടി വന്നു . അതിൽ ചോര കലർന്നിരുന്നു.കാറ്റ് വട്ടംചുറ്റി എന്നെ നോക്കി വന്നപ്പോൾ അതിന്റെ നാറ്റം കൊണ്ട് എനിക്ക് ഓക്കാനം വന്നു . എന്നാൽ അതിനെ നോക്കിത്തന്നെ ഞാൻ നടന്നുകൊണ്ടിരുന്നു. എന്റെ മുതുകത്ത് തന്റെ നോട്ടം ഉറപ്പിച്ചുകൊണ്ട് പിന്നിൽ അവനും.
പെട്ടെന്ന് പൂഴിയിൽ നിന്ന് അത് ഉയർന്നു വന്നു. എൻറെ അകത്തുനിന്നും വയറു ചുരുണ്ടു പൊന്തി വായിലെത്തി .ഞാൻ വാപൊത്തിപ്പിടിച്ചു മുമ്പോട്ട് വളഞ്ഞു. എൻറെ മുന്നിൽ ചീഞ്ഞു ഉണങ്ങിയ ഒട്ടകത്തിന്റെ ശവം. പകുതി ദേഹം മണലിൽ താന്നിരുന്നു. അതിന്റെ വാരിയെല്ലുകൾ മടക്കിപ്പിടിച്ച രാക്ഷസന്റെ കൈവിരലുകൾ പോലെ അരയോളം പൊക്കത്തിൽ ഉയർന്നു നിന്നു . പിഞ്ഞിപ്പോയ കൂടാരത്തിന്റെ തുണി പോലെ അവയുടെ മുകളിൽ ഒട്ടകത്തിന്റെ ദ്രവിച്ച ചർമം പതിഞ്ഞുകിടന്നു. അതിൻറെ മീതെ മുടി തീകൊണ്ട് കത്തിയത് പോലെ അവിടെയുമിവിടെയും കരിഞ്ഞിരുന്നു. വാ പോലെ തുറന്ന അതിൻറെ വയറിൽ നിന്നും ഒഴുകിയെത്തിയ ചോരയും കുടൽമാലകളും മണലിൽ കലർന്നു കട്ടപിടിച്ചിരുന്നു. പൊഴിഞ്ഞ മുടി ചെറിയ തൂവലുകൾ പോലെ ആ ഭാഗത്ത് പല സ്ഥലത്തും മണലിൽ പഞ്ഞി പോലെ പറന്നും തങ്ങിയും അലഞ്ഞു. ഉണക്കമീൻ കുന്നായി കൂട്ടിയിട്ടതു പോലെ ദുർഗന്ധം.
പക്ഷേ ഒട്ടകത്തിന്റെ മുഖം ശാന്തമായിരുന്നു. കണ്ണുകൾ ഉണങ്ങി അകത്ത്തോട്ടു വലിഞ്ഞ കുഴികൾകൊണ്ട് പകച്ചു നോക്കുന്നതുപോലെ. ചുണ്ടുകൾ വറ്റി ചുരുങ്ങി വലിഞ്ഞു വായിലെ പല്ലുകൾ മുഴുവൻ പുറത്തായി ഒരു ചിരി അതിന്റെ മുഖത്ത് വിടർന്നിരുന്നു. അത് ശരിക്കും മരിച്ചു കഴിഞ്ഞുവോ? എന്റെ റബ്ബേ! മരണവും തൊടാത്ത ഏകാന്തത എന്നൊന്നുണ്ടോ? ഒരു ക്ഷണം ശരീരത്തിന്റെ ഭാരം കൊണ്ട് ഞാൻ പുറകിലേക്കാഞ്ഞു. എന്നിട്ട് ഭ്രാന്തനെപ്പോലെ മണൽ വാരി അതിൻറെ മീതെ എറിഞ്ഞു തുടങ്ങി. എന്തൊക്കെയോ പറഞ്ഞസ് കൊണ്ട് ഞാൻ മണ്ണ് വാരിയിട്ടുകൊണ്ടേയിരുന്നു. കണ്ണുകളുടെ കുഴിയിലും തുറന്ന വായിലേ പല്ലുകൾക്ക് നടുവിലും നനുത്ത മണൽ കിനിഞ്ഞിറങ്ങിയപ്പോൾ മൂടുപടം നീക്കി വീണ്ടും വീണ്ടും അതിന്റെ പുഞ്ചിരി പുറത്തു വന്നു.
അലറിക്കൊണ്ട് ഞാൻ പിന്മാറി തിരിഞ്ഞോടി. അവിടുന്ന് ഓടി. ഇരുട്ട് എനിക്ക് ചുറ്റും തിങ്ങി എന്നെ ഞെരിച്ചു. പൂർണമായും സ്വയം നഷ്ടപ്പെട്ടു കഴിഞ്ഞു. ഈ ചുവന്ന കോളത്തിൽ ഞാൻ മാത്രം. അല്ല, ഞാനും അവനും.
തിരിയൂതി അണച്ചത് പോലെ മരുഭൂമി വേഗം ഇരുണ്ടു. വരാനിരിക്കുന്ന ഇരുട്ട് എനിക്ക് സങ്കൽപ്പിക്കാൻ കഴിഞ്ഞില്ല. ഇവയെല്ലാം ഇല്ലാതാകുന്നു. എവിടുന്ന് വന്നുവോ അവിടേക്ക് മടങ്ങുന്നു . പ്രപഞ്ചം മുഴുവൻ നിറഞ്ഞിരിക്കുന്ന മഹാരാത്രിയുടെ ഉള്ളിലേക്ക്. മടക്കമില്ലാത്ത അനന്തതയിലേക്ക്. മടങ്ങി വരുന്നത് മറ്റൊന്നു . അതിൽ ഞാൻ ഉണ്ടാവുമോ? കണ്ണിന്റെ മുന്നിൽ പറന്നിളകിക്കൊണ്ടിരുന്ന പുഴിയുടെ തരികൾ ഓരോന്നും ഞാൻ വേർതിരിച്ചു കണ്ടു. അവ പൊന്നിൻ അണുക്കളായി തിളങ്ങി. അന്ത്യ ക്ഷണത്തിന്റെ ആഘോഷം . ഇല്ലാതാകുന്നതിന്റെ ലഹരി . ഭ്രാന്ത് പിടിപ്പിക്കുന്ന ചോരച്ചുവപ്പിൽ എല്ലാം ഒന്നോടൊന്നു കലർന്നു . ഒരു മായക്ഷണത്തിൽ മണൽത്തരികൾ മറഞ്ഞു. ഇരുട്ടിനെ കണ്ണിന്റെ വെളിച്ചം നികത്താൻ ശ്രമിച്ചു . എന്തൊക്കെയോ വർണ്ണങ്ങൾ കണ്ണിന്റെ മുന്നിൽ മായാജാലം കാട്ടി. ചുവപ്പും നീലയും മഞ്ഞയും തിളങ്ങുന്ന വരകളായി, ചുറ്റിത്തിരിയുന്ന പുള്ളികളായി . കറുത്ത ചാന്തിൻറെ നിറം ഒഴുകിവന്നു നിറഞ്ഞപ്പോൾ ചുവപ്പു അതിൽ കലർന്നു മറഞ്ഞു . ഒരു ഇന്ദ്രിയം തീർത്തും ഇല്ലാതായി.
ഞാനെന്റെ കൈ കണ്ണിനു മുമ്പിൽ പൊക്കിപ്പിടിച്ചു. മൂക്കിന്റെ തുമ്പോളം കൊണ്ടുവന്നു നോക്കി. പിന്നെ അകറ്റി നോക്കി. ഒരു മാറ്റവുമില്ല. പൂജ്യം.ശൂന്യത. കറുത്ത മഷിയിൽ വീണ ഈച്ചയെപ്പോലെ പോലെ ഈ ഇരുട്ടിൽ ഞാൻ പെട്ടു പോയിരിക്കുന്നു. ശബ്ദങ്ങൾ, എന്തൊക്കെയോ ഞരക്കങ്ങൾ, പിറുപിറുപ്പുകൾ. ” ആരാ? ആരാ അത്?”
ഒന്ന് നിന്ന് ശ്രദ്ധിച്ചതിനുശേഷം ഞാൻ പിന്നെyum നടന്നു തുടങ്ങി . ഒരേ സ്ഥലത്ത് ഞാൻ ചുറ്റിച്ചുറ്റി വരികയാണ്. ആകാശമില്ല, ഭൂമിയില്ല, ഇരുട്ടു മാത്രം . ദൈവമേ ആകാശമില്ലാതെയാവുന്ന ഒരു സന്ദർഭം ഈ ഭൂമിയിൽ ഉണ്ടോ?
കാറ്റിൽ കുളിരു കൂടി വന്നു. ഞാൻ എന്റെ കുപ്പായം ഊരി. തുകൽ സഞ്ചി അരയിൽ നിന്നെടുത്ത് നിലത്തുവച്ചു . വസ്ത്രങ്ങൾ ഒന്നൊന്നായി അതിന്റെ മുകളിൽ വചു. പിറന്നപടി വസ്ത്രങ്ങളുടെ മീതെ ചമ്രം പടിഞ്ഞിരുന്നു. കണ്ണടച്ച്, കാറ്റിൻറെ ഭാഷ ശ്രദ്ധിച്ചുകൊണ്ട്. ചിന്തകളില്ല . മനസ്സ് എന്ന ഒന്നില്ല. ശ്വാസം മാത്രം അകത്തും പുറത്തുമായി. പിന്നെയും പിന്നെയും .എടോ മരണം , ഇതാ ഇവിടെ ഞാനുണ്ട്.
എന്റെ ആകാംക്ഷയം അഭയവും ഇല്ലാതെയായി. ഹൃദയം പതിഞ്ഞു തുടിക്കുന്നത് ഞാൻ കേട്ടു. എന്റെ പിന്നിൽ തൊട്ടടുത്ത് അവൻ വന്നു നിന്നു . “എന്താ വേണ്ടത് ? എടോ എന്താണെന്നല്ലേ ചോദിച്ചത് ?”
അവൻ ഒന്നും പറഞ്ഞില്ല . പിന്നെയും കുറെ നിമിഷങ്ങൾ നീണ്ടു . ശാന്തത .അനന്തമായ ഇരുട്ട് . നിശബ്ദത.
പലതവണ അവൻ സംസാരിക്കാൻ ശ്രമിച്ച് ശ്വാസം എടുക്കുന്നതു ഞാനറിഞ്ഞു. തിരിഞ്ഞു നോക്കാതെ ഞാൻ പുഞ്ചിരിച്ചു . പിന്നെ ഉറച്ച ശബ്ദത്തിൽ ശാന്തതയോടെ ഞാൻ പറഞ്ഞു “പൊയ്ക്കോളൂ.. ഇന്നല്ല”
അവന്റെ ഉത്തരം വരുന്നത് കാത്തിരുന്നു. നിശബ്ദത മാത്രം. പിന്നെ ഞാൻ എണീറ്റ് വസ്ത്രങ്ങൾ ഒന്നൊന്നായി അണിഞ്ഞു. തലമുടി കുടഞ്ഞ്, കുപ്പായം തലയിലൂടെ ഇട്ടു. കയറുകൊണ്ട് മൂടുപടം നന്നായി കെട്ടി വചു.. അരയിൽ കുടിവെള്ളത്തിൻ സഞ്ചിയും തോളിൽ ഭക്ഷണസഞ്ചിയും തൂക്കി .അവൻ തൊട്ടടുത്ത് എന്നെ നോക്കി നിൽക്കുകയായിരുന്നു. ഞാൻ നോക്കിയപ്പോൾ അവനൊന്നു മടിച്ചു. ഞാൻ മുമ്പോട്ടാഞ്ഞു തോളിലൂടെ കൈയിട്ട് അവനെ മാറോടു ചേർത്ത് പുൽകി. “കൂട്ടുകാരാ നീണ്ടു പോകുന്ന ഈ മഹാരാത്രി വാഴ്ത്തപ്പെടെട്ടെ . ഞാൻ ഇതിന്റെ അന്തം വരെ ചെന്ന് നോക്കാൻ ആഗ്രഹിക്കുന്നു. എന്നെ അനുഗ്രഹിക്കുക”
വിഹാരാധീനനായി അവൻ എന്നെ വാരിപ്പുണർന്നു. അവന്റെ ദേഹം വിറയ്ക്കുന്നത് ഞാൻ അറിഞ്ഞു. അവന്റെ മുതുകിൽ പതുക്കെ തട്ടി മൃദുവായി അവന്റെ ചെവിയിൽ ഞാൻ പറഞ്ഞു “നീ എനിക്കെന്നും പ്രിയപ്പെട്ടവൻ. പരമകാരുണികന്റെ അടുത്തേക്ക് വിളിച്ചുകൊണ്ടുപോകുന്നവൻ അല്ലേ നീ?”
അവൻ എന്റെ കൈകളെ കൂട്ടിപ്പിടിച്ച് ഒന്ന് ചലിപ്പിച്ചതിനു ശേഷം പുഞ്ചിരിച്ചു തലയനക്കി യാത്ര പറഞ്ഞു അകന്നു.
കാറ്റിൽ കള്ളിപ്പൂക്കളുടെ വാസന . നടത്തുംതോറും അത് കൂടുതൽ ശക്തിയോടെ സമീപിച്ചു. വാസന തന്നെ ഒരു തിരശ്ശീലയായി മാറിയത് പോലെ. പെട്ടെന്ന് എന്തോ വർണ്ണങ്ങൾ കണ്ണിനു മുമ്പിൽ മിന്നി മറഞ്ഞു. വാസന നിറങ്ങകളായോ? എന്തോ ഇന്ദ്രിയജലം. ചൈത്രികന്റെ അലക്ഷ്യമായ വരകൾ.
ഉറക്കം ഉണർന്ന വന്യമൃഗം പോലെ കാറ്റു പിന്നെയും ഗർജിച്ചുകൊണ്ടു സമീപിച്ചു .മണലിന്റെ ചാറൽ മാത്രം എന്റെ മീതെ വീണുകൊണ്ടിരുന്നു. കാലുകളിൽ വെള്ളം പോലെ പൊടി തിളച്ചുമറിഞ്ഞു. പിന്നെയും ആ മണം. ഇപ്പോൾ അതൊരു പെണ്ണിന്റെ മുടിയുടെ സുഗന്ധം. എവിടുന്നു അത് വരുന്നു? ഞാൻ ആ കള്ളിച്ചെടികളെ കടന്നു ഒരുപാട് വന്നു കഴിഞ്ഞു. വള്ളികൾ ഇപ്പോൾ കാലിൽ തട്ടുന്നുമില്ല. ഇത്രയും ദൂരം അവയുടെ വാസന വരുമോ? ഇരുട്ടിൽ ചലനങ്ങൾ . ആരോ ചിരിച്ചുകൊണ്ട് ഓടുന്നു. സ്ത്രീകൾതന്നെ. കഴുത്തിലെ വിയർപ്പിന്റെ മദഗന്ധം. കൃത്യമായി എന്റെ തൊട്ടു മുന്നിൽ.
എന്റെ കൈയൊന്നു നീട്ടിയപ്പോൾ അഴിഞ്ഞുലഞ്ഞ തലമുടിയിൽ വിരലുകൾ ഒന്ന് തൊട്ട് ഉടക്കി. കൂന്തലിൻറെ തണുത്ത മൃദുത്വം. എന്റെ രോമങ്ങൾ ഓരോന്നും ചുറ്റിയടിച്ച കാറ്റിൽ ചെറിയ വേദനയോടെ ഉണർന്നുനിന്നു . ശ്വാസോച്ഛ്ങ്ങൾ, പിറുപിറുപ്പുകൾ, ഞരക്കങ്ങൾ. ചുണ്ടുകളിലെ അമൃത് എന്റെ ദേഹത്ത് തെറിച്ചു. പതിഞ്ഞ ചാറലോ? കാറ്റ് എന്റെ മുന്നിലൂടെ ഊളിയിട്ട് ഓടി .ഞാൻ ഒന്നും ചിന്തിക്കാതെ ഭ്രാന്തനെ പോലെ അതിന്റെ പിന്നിൽ പാഞ്ഞു.
എന്റെ കാലുകൾക്ക് താഴെ നിലം ചെരിഞ്ഞു ചെരിഞ്ഞു പോയി. വെള്ളം പോലുള്ള പൂഴി എന്റെ കാലുകളെ അകത്തേക്ക് വലിച്ചു. കണ്ണില്ലതായിക്കഴിഞ്ഞ ഇരുട്ടിൽ മണ്ണ് പെട്ടെന്നു കുത്തനെ മടങ്ങി അനന്തമായ കൂരിരുട്ടിലേക്ക് ഞാൻ കൂപ്പ് കുത്തി. ലോകത്തിന്റെ അറ്റത്തേക്ക് വന്നു കഴിഞ്ഞുവോ? ഇനി അങ്ങോട്ട് മഹാശൂന്യത മാത്രം എന്നോ? വെളിച്ചം പോലും ചെന്നെത്താത്ത അപാരതയിലേക്ക് ഞാൻ നടന്നു. എപ്പോഴോ കാലുടക്കി മുമ്പോട്ട് ചെരിഞ്ഞു വീണു. കൈ ഊന്നുന്നതിനു മുമ്പ് പിന്നെയും പിന്നെയും ചരിഞ്ഞു ഉരുണ്ടു കൊണ്ടിരുന്നു. ഒരുപാട് കാലം അങ്ങനെ ഉരുണ്ട് എങ്ങോട്ടോ പോയി എവിടെയോ ചെന്ന് അടിഞ്ഞു. നരകത്തിന്റെ അടിത്തട്ടിലേക്ക്.
എന്റെ തലയ്ക്ക് മുകളിൽ കാറ്റ് വലിയൊരു നദി പോലെ ഒഴുകി. അതിൽ മണലും പൊടിയും ചുഴിഞ്ഞൊഴുകിപ്പോയി. മണൽ ഒരു ശരീരമായി മാറി ആയിരം കൈകൊണ്ടു എന്നെ തൊട്ട് തലോടി തഴുകി. ആ മൃദുചര്മത്തിൽ എൻറെ കൈയും കാലും കൊണ്ട് തുഴഞ്ഞു ഞാൻ പുളഞ്ഞു. പിന്നെയും ആ വാസന. ഒരേ മണംതന്നെ ഇത്രയേറെ രുപങ്ങൾ നേടൂന്നതെങ്ങിനെ?
ഒരുത്തി എൻറെ ചെവിയിൽ പതിയെ ചിരിച്ചു. എന്നെ കെട്ടിപ്പിടിച്ച് മണലിൽ പതുക്കെ മറിച്ചിട്ടു. മറ്റൊരുത്തി എൻറെ തോളിൽ തന്റെ കവിളുകൾ ചേർത്ത് പുൽകി. കുരുന്നു മുലക്കണ്ണുകൾ എന്നെ തൊട്ടുരുമ്മി. ദേഹം മുഴുവൻ അവളുടെ ചുംബനങ്ങൾ കൊണ്ട് നിറഞ്ഞു. എന്റെ ശരീരത്തിൽ വല്ലാത്തൊരു മുറുക്കം. എന്റെ കവിളിൽ മൂക്കിന്റെ തുമ്പു ഉരസി ഒരാൾ. മദമണത്തോടെ ചിരിച്ചുകൊണ്ട് ഒരാൾ എൻറെ കാതിന്റെ തുമ്പ് പല്ലുകൊണ്ട് കടിച്ച് വലിച്ചു. കാമാവേശത്തോടെ ഒരുത്തി ഞെരങ്ങി. അവരെ തള്ളിമാറ്റി എന്നെ വലിച്ച് സ്വന്തം മുലകളോട് മുഖം ചേർത്ത് തഴുകി ഒരുത്തി. വിയർപ്പുള്ള കൈകൊണ്ട് എന്റെ മുഖത്ത് അവൾ തലോടി. തിളച്ചുകൊണ്ടിരുന്ന എൻറെ നിറുകയിൽ വിരലോടിച്ചു.
എൻറെ ശരീരം മുഴുവൻ കുളിരു കോരിയിടുന്ന തണുത്ത, ചുട്ടുപൊള്ളുന്ന, മാംസമണമുള്ള ചുംബനങ്ങൾ. ഞാൻ ആ മുഴുത്ത മുലകളിൽ മുഖം ചേർത്തു. മൃദുലമായ മാറിടത്തിന്റെ ചർമ്മത്തിൽ എന്റെ ചുണ്ടുകൾ പതിഞ്ഞു. തിളയ്ക്കുന്ന ചൂടുള്ള വലിയ തുടകൾ കൊണ്ട് അവൾ എന്റെ അരയിൽ ചുറ്റി പിടിച്ചിരുത്തി. എന്റെ ലിംഗം ഉണർന്നുനിന്നു. എന്റെ വസ്ത്രങ്ങൾക്കുള്ളിൽ വന്ന അവരുടെ കൈവിരലുകൾ ഉണർന്നു കഴിഞ്ഞിരുന്ന ചർമ്മത്തിൽ തലോടി ഉരുമ്മി വിളയാടി. നഗം കൊണ്ട് പതിയെ പോറലേല്പിച്ചു. രോമങ്ങളെ വലിച്ചു പതുക്കെ ചുഴറ്റി. പിന്നെ വളരെ വളരെ മൃദുവായി, ചൂടുള്ള ചുണ്ടുകൾ പോലെ, എന്നിൽ അത് ചേർന്നു. അകത്ത് ഉയിരിൻറെ തീ കത്തുകയായിരുന്നു. മുടി നിറഞ്ഞ ഈറൻ തീ. ഞാൻ കലികൊണ്ടു വാരിപ്പുണർന്നു ചുംബിച്ചുകൊണ്ടിരുന്നു.
ശരീരം ! മൃദുവായ ചൂടുള്ള തിളയ്ക്കുന്ന ശരീരം! മുലകൾ, അരക്കെട്ടുകളുടെ വളവുകൾ, തലമുടിയുടെ തിരകൾ . എന്റെ ദേഹം മുഴുവൻ അവരുടെ ശ്വാസം തൊട്ട് തലോടി കൊണ്ടെന്നു. നഗംകൊണ്ടു എൻറെ ചുണ്ടുകീറി ആ ചോരയിൽ ചുംബിച്ചു ഒരുത്തി. അവൾ തന്നെ! അവളുടെ ചുണ്ടിന്റെ മധുരം എനിക്ക് നന്നായിട്ടറിയാം. ദാഹം നിറഞ്ഞ ഉണങ്ങിയ ചുണ്ടിൽ പിന്നെയും പിന്നെയും അവൾ ചോരകൊണ്ട് ചുംബിച്ചു. ഞാൻ കണ്ണുകൾ പൂട്ടി കാത്തുകിടന്നു. “ഉം?’ എന്ന് അവൾ വാക്കില്ലാതെ ചോദിച്ചു. പിന്നെ നാണിച്ചു ചിരിച്ചുകൊണ്ടു നാക്കിൻറെ തുമ്പു കൊണ്ട് കൊണ്ട് എന്റെ ചുണ്ടിൽ ഒന്ന് സ്പർശിച്ചു .ഒരു ചെറു മിന്നൽ പോലെ എന്റെയുള്ളിൽ പടർന്ന സ്പർശം .പുതിയൊരു ആവേശത്തോടെ സർപ്പംപോലെ ചീറിക്കൊണ്ട് അവൾ എന്നിലേക്ക് കയറി തഴുകി പിന്നെയും ചുംബിച്ചു. ചുംബനങ്ങൾ കൊണ്ട് എന്റെ ദേഹം തുടിച്ചു. തോളുകളിലും നെഞ്ചിലും അരയിലും വയറിലും രോമാഞ്ചം പരന്നു. ഓരോ മുടിയിഴയും തരിച്ചു നിന്നു.
ദേഹത്തെ ഉലച്ചുകൊണ്ട് ബീജം ഉറവയെടുത്ത് കാലുകൾ നനഞ്ഞു. സർപ്പം വിഷം വമിച്ചു പിന്നെയും ഉറഞ്ഞാടി. പിന്നെ ഞാൻ സ്വയം തെല്ലു നാണിച്ച് മുഖം കുനിച്ചു. തീ തൊട്ട ചിലന്തിവല പോലെ അവർ തൽക്ഷണം അകന്നു പോയി. എന്റെ ശരീരം ഭാരം വീണ്ടെടുത്ത് മണലിൽ താഴ്ന്നിറങ്ങാൻ തുടങ്ങി. കാലുകൾക്ക് നടുവിൽ എന്റെ ബീജത്തിന്റെ തണുപ്പ് . എന്നിലേക്ക് ഒട്ടിപ്പിടിച്ചു കയറാൻ നോക്കിയ അതിനെ കാലുകൾ കുടഞ്ഞു ഒഴിവാക്കാൻ ശ്രമിച്ചപ്പോൾ എന്റെ കൈരണ്ടും ആരോ പുറകിൽ നിന്ന് പിടിച്ചു. അവൻ ചിരിച്ചുകൊണ്ട് നില്കുന്നത് ഞാൻ അറിഞ്ഞു. തീ കത്തുന്ന അവന്റെ കണ്ണുകളെ അടുത്ത് കണ്ടു. അവൻ തന്നെ. അർ റജീം. വിലക്കപ്പെട്ടവൻ ,ശപിക്കപ്പെട്ടവൻ. എന്റെ പിടിച്ചു അവൻ താഴോട്ട് വലിച്ചു. ഞാൻ എതിർക്കാൻ പോയില്ല.മണലിൽ മുങ്ങുന്ന എന്റെ ദേഹം വെറുതെ നോക്കിക്കൊണ്ടിരുന്നു. നോക്കുകയല്ല അറിയുകയാണ്. ചെറിയൊരു തുടിപ്പോടെ അത് എന്നിൽ നിന്നും അകന്നു പോയി. മണലിന്റെ ആഴത്തിലേക്ക്. മുഴുവനായും ഭാരം നഷ്ടപ്പെട്ട് ഞാൻ മണലിൽ മലർന്നു കിടന്നു. എന്റെ ഒപ്പം ഉണ്ടായിരുന്നത് മറ്റൊരു ദേഹം ഇത്. പൊഴിഞ്ഞുപോയത് ഏത്?
കാറ്റിന്റെ മഹാനദി തലയ്ക്കു മുകളിൽ തിരയടിച്ചു ഒഴുകി. ഇരട്ടിനുള്ളിൽ ചെവിയടപ്പിക്കുന്ന ആ ശബ്ദം മാത്രം കേട്ടുകൊണ്ട് ഞാൻ മണലിന്റെ മീതെ കിടന്നു.










