എന്റെ കണ്ണിന്റെ മുന്നിൽ ഉയർന്നു നിന്നിരുന്ന മണൽകുന്നിൻ നിരകളെ അറബികൾ അത്തഹ്‌നാ എന്ന് വിളിചു. എന്റെ മനസ്സിൽ അത് ‘അത്തൻഹാ’ എന്ന് പതിഞ്ഞു. മൂന്ന് മരുഭൂമികൾ കൊണ്ടുണ്ടായതാണ് അറബിമണ്ണ് . തെക്കു വലിയൊരു കടൽ പോലെ വിരിഞ്ഞു കിടക്കുന്ന മരുഭൂമി റുബ്ബ് അൽ ഖാലി എന്ന് വിളിക്കപ്പെടുന്നു. ഒഴിഞ്ഞ സ്ഥലം എന്നാണ് പൊരുൾ. വടക്ക് ജോർദാനിൽ തുടങ്ങി പേർഷ്യ വരെ ഏതാനും ആയിരം മെൽ ദൂരത്തേയ്ക്കു നീണ്ടു കിടക്കുന്നത് അൽ നഫൂദ് . അവിടെ മിക്കവാറും എല്ലാ ഭാഗവും മനുഷ്യർ ജീവിക്കാൻ കഴിയാത്ത മണൽ മാത്രം. ഈ രണ്ട് മഹാമരുഭൂമികളും ഒരു വില്ലുപോലെ കിഴക്ക് തീരത്തിലൂടെ വിരിഞ്ഞു ചെന്നു തമ്മിൽ കണ്ടുമുട്ടുന്ന മരുഭൂമി അറുപതു മൈൽ വീതിയുള്ള അത്തഹ്‌നാ. വലിയൊരു മണൽ നദി പോലെ അത് അറേബ്യയ്ക്ക് നെടുകെ ഒഴുകി. അതിൻറെ രണ്ടു ഭാഗങ്ങളിലും ചെറിയ മരുഭൂമി ഗ്രാമങ്ങൾ ഉണ്ട്.ചോലകളും കിണറുകളും ഉണ്ട്. പക്ഷേ നടുക്ക് എണ്ണമില്ലാത്ത, ഒഴിഞ്ഞ മണൽകുന്നുകൾ നിലച്ച തിരകൾ പോലെ നിന്നു. അവ ചിലപ്പോൾ പത്താൾ പൊക്കം വരെ ഉണ്ടായിരുന്നു. അവയുടെ ഉച്ചിയിൽ അവ ചുട്ടുപഴുത്ത് ആവി പൊങ്ങുന്നത് പോലെ പൂഴിമണൽ പുകഞ്ഞു കൊണ്ടിരുന്നു. നിശ്ശബ്തമായി അവ ചക്രവാളം വരെ തലയുയർത്തി നിന്നു.
കാറ്റിന്റെ ഒഴുക്കു മരുഭൂമിയുടെ രൂപം തീരുമാനിക്കുന്നു. വരിവരിയായി വടക്കുനിന്നും തെക്കോട്ട് പോയ ഈ ഉയർന്ന മണൽമടക്കുകളെ അറബികൾ ഞരമ്പുകൾ എന്ന് വിളിച്ചു . ഉറൂക് എന്നാണ് അറബിയിൽ. ഏഴ് വലിയ ഉറൂക്കുകൾ ഉള്ള വൃദ്ധൻറെ പുറംകൈ അത്തൻഹാ മരുഭൂമി. ആ പേര് എന്റെയുള്ളിൽ മന്ത്രം പോലെ കേട്ട് തുടങ്ങി. അത്തൻഹാ. ഹാ, അത്രയ്ക്ക് ദാഹം. അത്രയ്ക്കുദാഹാ. ദാഹം. ഉറവ വറ്റാത്ത ദാഹം. ദാഹത്തിന്റെ മഹാനദി!
അത്തൻഹായ്ക്കുള്ളിൽ ഇറങ്ങിയപ്പോൾ എന്റെ മനസ്സിൽ ഉണ്ടായിരുന്നത് രണ്ട് ചിന്തകൾ മാത്രം. അന്ന് ഉച്ച ഒന്ന് കഴിച്ചു കിട്ടാൻ ആ മരത്തിന്റെ തണൽ. രാത്രി ഉറങ്ങാൻ ആ പാറയിലെ ഗുഹ.ബിസ്മില്ലാഹ് പറഞ്ഞു കാലെടുത്തു കിഴക്കോട്ട് വച്ച് ഞാൻ ഇറങ്ങി. മുന്നിലെത്തുന്ന മണൽകുന്നുകൾ എത്രയാണെന്ന് കണക്ക് നോക്കാൻ മുതിർന്നില്ല. ഒറ്റനോട്ടത്തിൽ നൂറുകുന്നുകളോളം കണ്ണിൽപ്പെട്ടു . കാറ്റിൽ ഉലഞ്ഞ പൂഴിത്തിരശ്ശീലയ്ക്ക് പിന്നിൽ ആയിരം മണൽ കുന്നുകൾ ഉണ്ടാവാം. പതിനായിരമാവാം. അല്ലെങ്കിൽ ലക്ഷം ആവാം. മഹാനദിയുടെ നിലച്ച തിരകൾ. അല്ലെങ്കിൽ അവ ചലിക്കുന്നുണ്ടോ, കണ്ണ് കൊണ്ട് കാണാനാവാത്ത പതിഞ്ഞ താളഗതിയിൽ?
എന്റെ ദേഹം ഒരു മഹാപ്രവർത്തിക്കു മുമ്പ് ഉണ്ടാകുന്ന ഒരുമ നേടിക്കഴിഞ്ഞു. കാലുകൾ മണലിൽ താഴ്ന്നു. എന്റെ മുന്നിൽ പൊന്തിയ മണൽകുന്ന് സൂര്യനെ മറച്ചുകൊണ്ട് ചെരിഞ്ഞ ചുവന്ന നിഴലോടെ വലിയൊരു ജിന്നുപോലെ മുന്നിൽ വന്നു നിന്നു. ഇരുപതടി പൊക്കം ഉണ്ടാകും.എന്നാൽ അത് ഒരു മലപോലെ തോന്നി.ഏത് ക്ഷണവും ആ മണൽത്തിര എന്റെ മീതെ വന്നടിഞ്ഞു എന്നെ മൂടിക്കളയും എന്നതുപോലെ. അതിന്റെ ചരിഞ്ഞിറങ്ങിയ ദേഹത്ത് ചുവന്ന പട്ടിലെ കസവ്തുന്നൽ പോലെ ഞൊറിവരകൾ. ഒരു ചെറിയ ചലനത്തിൽ പോലും മാഞ്ഞു പോകാൻ സാധ്യതയുള്ള മഹാസൗന്ദര്യം. ഓരോ മണൽ തരിയും കഴിയുന്നത്ര ഭാരം താങ്ങി അതിന്റെ ചരിവിൽ വിങ്ങിക്കാത്തു നിന്നു. കാറ്റു മൃദുവായി പറയാവുന്ന ഉത്തരവിന്ന് ചെവികൂർത്തുകൊണ്ട്.
ഞാൻ കുനിഞ്ഞ് മണലിൻറെ നനുത്ത ചർമ്മത്തിൽ ചെറുവിരൽ കൊണ്ട് തൊട്ടു. അവിടെ ചെറിയൊരു ചുഴി ഉണ്ടായി . അത് നീണ്ട് ഒലിച്ചിറങ്ങി അര നിമിഷം കൊണ്ട് പിന്നെയും നിലച്ചു.എന്റെ ഉള്ളിൽ എന്തോ വിങ്ങി ഉടനെ അടങ്ങി.പതിയെ ആ മണൽക്കുന്നിൻ മുകളിൽ കയറി. എന്റെ കാൽ പതിഞ്ഞ തടങ്ങളിൽ നിന്ന് വരിയായി പട്ടിന്റെ കസവ് ഞൊറികൾ ചുവന്ന മാലകൾ പോലെ വളഞ്ഞു വളഞ്ഞിറങ്ങിക്കൊണ്ടിരുന്നു. ശാന്തമായ നീർച്ചാല് പോലെ അവ താഴെയിറങ്ങി വഴിയിൽ നിലച്ചു.
മുകളിലേക്ക് കയറും തോറും മണൽ ചരിഞ്ഞു താഴോട്ടിറങ്ങി. പിടിക്കാൻ ഒന്നുമില്ലാതെ കയറുന്നത് ഞാൻ വിചാരിച്ചതിനേക്കാൾ പത്തിരട്ടി കഠിനമായിരുന്നു. മാംസം പോലെ മൃദുവായ മണൽ എന്റെ കാലുകളെ അകത്തോട്ട് വലിച്ചു .അതിൽ ഞാൻ ആഴ്ന്നിറങ്ങുന്നു എന്ന് തോന്നിപ്പോയി. മുമ്പോട്ട് പോകുന്നുണ്ടോ എന്ന് സംശയം വന്നു. പക്ഷേ എന്റെ തലയ്ക്ക് മുകളിൽ ആകാശത്തിനു താഴെ വാൾമുന പോലെ മൂർച്ചയോടെ നിന്നിരുന്ന തിളങ്ങുന്ന മണൽവിളുമ്പ് അൽപ്പാല്പമായി അടുത്ത് വരുന്നതുപോലെ തോന്നി. എന്തോ രഹസ്യം ഒളിച്ചു വെച്ചിട്ടുള്ള പുഞ്ചിരി പോലെ എന്നെ അത് വിളിച്ചു. കുനിഞ്ഞ് രണ്ട് കൈകളും മണലിൽ ഊന്നിയപ്പോൾ ഒന്നുകൂടി വേഗത്തിൽ കയറാൻ കഴിഞ്ഞു. ശ്വാസം മുട്ടിക്കൊണ്ട് ഞാൻ കുന്നിന്റെ മുകളിൽ കയറി. അപ്പോൾ എന്റെ തലയ്ക്ക് മുകളിൽ സൂര്യൻ പൂർണ പ്രകാശത്തോടെ കത്തി നിന്നു.
മരുഭൂമി അതിനിടയ്ക്ക് മറ്റൊന്നായി മാറിക്കഴിഞ്ഞിരുന്നു. എങ്ങും കണ്ണ് മഞ്ഞളിപ്പിക്കുന്ന ചുവന്ന പൊന്നിൻ നിറം. അതിൽ വജ്രം പൊടിച്ച്ചേർത്തത് പോലെ കോടിക്കണക്കിന് തിളക്കങ്ങൾ. മണലിന്‍റെ മടിയിൽ നൂറു നൂറു കാറ്റുകുഞ്ഞുങ്ങൾ ഇഴഞ്ഞു കളിച്ചു. അവ മണൽ വാരി വിതറി. പൂഴി പറപ്പിച്ചുകൊണ്ട് മത്സരിച്ചു ഓടി. മണൽ അവിടെ സംഭവിച്ചുകൊണ്ടിരുന്നു. മണലിന്റെ മീതെ മണൽ വീണൊലിച്ചു. മണൽ ഇഴഞ്ഞു. കുഴഞ്ഞു. ഉരുകി ഒലിച്ചു.
മരുഭൂമിയുടെ മഹാസൗന്ദര്യത്തെ വർണ്ണിക്കാനാവില്ല. അത് കാറ്റുകളുടെ കളിക്കളം. മണൽത്തരികളെ കൊണ്ട് അവിടെ കാറ്റ് ഒടുങ്ങാത്ത ലീലയിൽ ഏർപ്പെട്ടിരിക്കുന്നു . ഓരോ മണൽക്കുന്നിന്റെ വിളുമ്പും നിരന്തരം ചെത്തി കൂർപ്പിച്ചു കൊണ്ടിരിക്കുന്നു. പക്ഷേ വെണ്ണ വഴിച്ചെടുത്തത് പോലെ അവ വളരെ മൃദുലമായിട്ടും തോന്നി. മണൽകുന്നിന്റെ മുന ഒരു ഉറുമ്പ് ഊർന്നു പോകുന്നത്ര മാത്രം വീതിയുള്ളത്. കാറ്റൊന്നു തൊട്ടാൽ വിങ്ങിപ്പൊട്ടി ചലിക്കാൻ ഓരോ മണൽ കുന്നും കാത്തിരിക്കുന്നു. കൈയിൽ വാരി നോക്കിയപ്പോൾ ഒരു മണൽത്തരിയ്ക്ക് തലമുടിയുടെ കനം മാത്രമേ ഉണ്ടായിരുന്നു. ആകെ നോക്കുമ്പോൾ മണൽകുന്നുകളുടെ നിറം വെളുത്തിട്ടാണ്. പുലരിയിലും സന്ത്യയ്ക്കും ചുവപ്പു. കയ്യിൽ വാരി നോക്കിയപ്പോൾ എല്ലാ നിറങ്ങളുമുണ്ട് .വെളുപ്പ്, കറുപ്പ്, നീല, പച്ച, പൊൻമഞ്ഞൾ, പവിഴച്ചുവപ്പു. വിരലിടുക്കിലൂടെ ഒഴുകി അവ വഴുതിയിറങ്ങി മണൽപ്പരപ്പിൻ മടിയിൽ കുഞ്ഞുങ്ങളുടെ അടക്കത്തോടെ ചെന്നിരുന്നു. ശാന്തം,മനോഹരം. വശ്യം. അപ്പോൾ അവിടെ നമ്മേ കൊന്നു കുഴിച്ചിടുന്ന ഉഗ്രസൗന്തര്യം.
ഞാൻ ഒരു ഞെട്ടലോടെ എന്നെ മണലിൽ നിന്നും പറിച്ചെടുത്ത് നടന്നു തുടങ്ങി. അന്ന് ഞാൻ നടന്നു തീർക്കേണ്ട ദൂരം ആയിരമായിരം കാൽവെപ്പുകളായി എന്റെ മുന്നിൽ കാത്തിരുന്നു. സൂര്യൻ താന്നിറങ്ങിയപ്പോൾ ഒരു സന്ധ്യ. മണലിന് അപ്പുറം സൂര്യൻ പൊങ്ങിയപ്പോൾ മറ്റൊരു പുലരി. മണൽരാത്രിയിൽ പറ്റിപ്പിടിച്ച് കേറിക്കടന്നപ്പോൾ കാത്തിരുന്ന ചുട്ടുപൊള്ളുന്ന പകൽ.നിഴൽതേടി ഞാൻ ചാടിയിറങ്ങി. തണലിൽ നിൽക്കാനാണ് തോന്നിയെങ്കിലും ശ്വാസം അകത്തേയ്ക്കു വലിച്ചു അടുത്ത കുന്നിൽ കയറി. ശ്വാസം വലിച്ചെറിഞ്ഞുകൊണ്ട് പിന്നെയും താഴെകുതിച്ചു. മണലിന്റെ തിരകൾ ഒന്നൊന്നായി എന്നെ കടന്നു പോയി. മണൽ തിരയടിച്ച് എന്നെ മുമ്പോട്ട് കൊണ്ടുപോകുന്നു. ഭീമാകാര തിരകൾക്കു മീതെ ഞാൻ അനങ്ങാതെ നിൽക്കുന്നു. ആ മണൽ ഞൊറികൾ എന്നെ പൊക്കി താഴ്ത്തി കളിച്ചു. ഓരോ കയറ്റവും ഒരു ഉൾശ്വാസം. ഓരോ ഇറക്കവും ഒരു വെളിശ്വാസം. ആകെ ഉലയ്ക്കുന്ന നെടുവീർപ്പുകളായി ഞാൻ തിരയടിച്ചുകൊണ്ടിരുന്നു. എന്റെ ശരീരം ആ താളത്തിൽ പതിഞ്ഞുകഴിഞ്ഞു. പേശികളിൽ ചോരയിൽ ചിന്തയിൽ ആ താളം. കയറ്റവും ഇറക്കവും. പൊക്കവും താഴ്ചയും. രാത്രിയും പകലും. സുഖവും ദുഃഖവും. വേദനയും ആശ്വാസവും. മഹത്വവും മലിനവും. എത്രഎത്ര ഇരട്ടകൾ!. മാറ്റമില്ലാതെ മാററം. അതൊരു ചുഴിയല്ലേ? ധ്യാനിയുടെ കൈയിൽ അനങ്ങുന്ന ജപമാല. നിലയ്ക്കാത്ത ഒഴുക്ക്.
ഓരോ തവണ മണലിൽ പൊത്തിപ്പിടിച്ച് കയറുമ്പോഴും ദേഹം മുഴുവൻ പേശികൾ മുറുകിത്തുടിച്ചു. നെറ്റിയിൽ ഞരമ്പുകൾ പൊന്തി ചലിച്ചുപ്പോൾ നോട്ടവും ഒപ്പം വിറച്ചു. എന്റെ മുഴുവൻ ശരീരവും കൊണ്ടും ഓരോ കുന്നും കയറി അപ്പുറത്ത് എത്തി. ഓരോ തവണയും മറുവശത്ത് തളർന്നു വീണു. ആ ചൂടിലും എന്റെ ശരീരം വിയർപ്പു പൊടിഞ്ഞു തണുത്തു രോമാഞ്ചമുണ്ടായി. തലമുതൽ കാലുവരെ മുഴുവൻ മണൽ. തിളക്കുന്ന ചോര പതഞ് കയറി കാതുകളിൽ തേനീച്ച പറക്കുന്ന മൂളലുണ്ടാക്കി. ഉടലിന്റെ ഉള്ളിൽ ഒരു കാട്ടാറു കുത്തിയൊഴുകുന്നത് പോലെ. ഹൃദയത്തിൻറെ ഒച്ച പെരുമ്പറ പോലെ എന്റെ ഉള്ളിൽ തന്നെ മുഴങ്ങി.
സമയം പോകുന്തോറും സൂര്യന്റെ ചൂട് കയറിക്കയറി വന്നു. തണുപ്പും ചൂടുമായി എൻറെ ഉടൽ മാറിക്കൊണ്ടിരുന്നു. എൻറെ ചിന്തകൾ നിന്നു കഴിഞ്ഞു. തിരകൾ, തിരകൾ. തിരകളെന്നത് ഒരുതരം ആവർത്തനം. ഏതു ആവർത്തനവും ഒരുതരം നിശ്ചലം.
കണ്ണുകൾ ഒന്ന് ശീലിച്ചപ്പോൾ മണൽമടക്കുകൾ തോറും പലതരം ജീവികൾ കണ്ടു തുടങ്ങി. മണലിൽ നിന്ന് വളരെ ചെറിയ വ്യത്യാസം മാത്രം കാണിച്ചിരുന്ന വർണങ്ങളും രൂപങ്ങളും. മണലിൽ മുളച്ച് മണലിൽ മരിച്ച് മണലായി തന്നെ ജീവിക്കുന്നവ. ചില ജീവികൾ വെയിലിൽ തണുപ്പ് അകറ്റുകയായിരുന്നു. ചിലത് നിഴലിൽ പതിഞ്ഞിരുന്നു. എന്റെ കാലൊച്ചാ കേട്ടപ്പോൾ അവ എങ്ങും ഓടാതെ സ്വന്തം ദേഹം മണലിന്റെ ഉള്ളിൽ ഇറക്കി മറഞ്ഞു. മണൽ മീനുകൾ. അങ്ങനെയാണ് അറബികൾ അവയെ വിളിച്ചത്. ഒരുതരം അരണകൾ. അവ എല്ലാ ഇടത്തും ഉണ്ടായിരുന്നു. പൊന്നിന്റെ നിറത്തിൽ, ഉള്ളം കൈ നീളത്തിൽ. മണലിന്‍റെ ഉള്ളിലൂടെ ചെറിയൊരു മണലനക്കമായി അവ ഊളിയിട്ട് പോയി. പിന്നെ അവ എപ്പോഴും ഇണയായിത്തന്നെ കാണപ്പെടുന്നു എന്ന് ഞാൻ ശ്രദ്ധിചു. അവയുടെ തീറ്റയായ തേളുകളും പഴുതാരകളും മണൽ മുഴുവൻ ഓടിയ തടം കാണാം. അവയെ പിടിക്കാൻ എത്തിയ ഇരുതലയൻ മണ്ണൂലികൾ തലയെവിടെ വാലെവിടെ എന്നറിയാത്ത വണ്ണം രണ്ട് അറ്റവും മണലിൽ താഴ്ത്തി ചെറിയൊരു വളവു മാത്രമായി കാത്തിരുന്നു . ജീവൻറെ രഹസ്യചങ്ങല. അതിന്റെ രണ്ടറ്റത്തും ആരാണ്?
മണൽകുന്നിൻ നിഴലിൽ കിടന്നുറങ്ങുകയായിരുന്ന ഒരു നരി എന്നെ കണ്ടപ്പോൾ കൊച്ചുകുട്ടിയുടെ കരച്ചിൽ പോലെ ശബ്ദം ഉണ്ടാക്കി എഴുന്നേറ്റു ഓടി. ഒരു ചെറിയ പൂച്ചയോളം മാത്രമേ ഉണ്ടായിരുന്ന അതിൻറെ കാതുകൾ മാത്രം തലയുടെ രണ്ടു വശത്തും മൂന്നിരട്ടി വലുതായി ചിറകുകൾ പോലെ വിരിഞ്ഞിരുന്നു. മരുഭൂമിയുടെ ഓരോ ഒച്ചയും കേൾക്കുന്നവൻ. മിക്കവാറും ജീവിതത്തിൽ ആദ്യമായി അത് ഒരു മനുഷ്യനെ കാണുകയാണ്. ഒരുപാട് ദൂരം ഓടി ചെന്ന് നിന്ന് തെല്ലൊരു കൗതുകത്തോടെ അവൻ എന്നെ തിരിഞ്ഞുനോക്കി. ഞാനെന്റെ വിരൽ ഒന്നും ഞൊടിച്ചു. ആ നേർത്ത ഒച്ച അതിന്റെ ശരീരത്തിൽ പ്രതിഫലിച്ചു. ചെറുതായി ഞെട്ടി അവൻ ഓടിയകന്നു. ഞാൻ പുഞ്ചിരിയോടെ നടന്നു.
ഇനിയും എത്ര ദൂരം! ഇന്നുച്ച. പക്ഷെ ആ ചിന്ത എന്നോടൊപ്പം ഉണ്ടായിരുന്നില്ല. അത് വളരെ അകലെ നിൽക്കുകയായിരുന്നു. എന്നോടൊപ്പം നടത്തത്തിന്റെ താളം മാത്രം ഉണ്ടായിരുന്നു. മണലിൽ ഇരുണ്ട് പുലരുന്ന രാത്രിയും പകലും. ഇനിയുമെത്ര ദൂരം! അത് ദൂരമല്ല കാലം. മനുഷ്യരായ നാം ചവിട്ടി കടക്കുന്നത് അതിനെതത്തന്നെ. ഓടിയും, നീന്തിയും, സന്തതികളെ ഉണ്ടാക്കിയും, പെറ്റുപെരുകിയും, അനങ്ങാതെ ധ്യാനത്തിൽ ഇരുന്ന് ജപമാല ഉരുട്ടിയും. എന്റെ മുന്നിൽ കാലം അനന്തമായി, അനങ്ങാതെ വിരിഞ്ഞു കിടന്നു. ദിക്കുകൾ ഒന്നായിത്തീർന്നിരുന്നു. പുറകിൽ ഒരിക്കലും തിരിഞ്ഞ് നോക്കാൻ ആവാത്ത കഴിഞ്ഞകാലം. കഴിഞ്ഞകാലം എങ്ങനെ ഭൂതകാലമായി? മഹാഭൂതം എന്നെ മുമ്പോട്ട് ചവിട്ടി തള്ളിക്കൊണ്ടിരുന്നു. എന്റെ മുന്നിൽ വളരെ അകലെ എങ്ങോ അന്നത്തെ ഉച്ച കിടപ്പുണ്ടായിരുന്നു. അതിനുമപ്പുറത്ത് വളരെ വളരെ അകലെ എവിടെയോ സൂര്യന്റെ കാലടിയിൽ കിടന്നു അന്നത്തെ സന്ധ്യ .ഇനി വരാനിരിക്കുന്ന ആയിരമായിരം യുഗങ്ങൾക്ക് അപ്പുറത്ത് എവിടെയോ എന്റെ മരണം. ചുരുങ്ങി വരുന്ന ഒരു വട്ടം. ഒരുപക്ഷേ ഞാൻ ഇവിടെ അനങ്ങാതെ നിന്നാൽ കാലം നിന്നുകളയുമോ? കാലമുണ്ടാക്കുന്നത് കാലുകളോ?. മനസ്സാണ് കാലുകളിൽ ചലനമാകുന്നത്. അതെങ്ങിനെ പിടിച്ചു നിർത്തും? കാലുകൾ സ്വയം ചിന്തയും ജീവനും നേടിയവ പോലെ മുമ്പോട്ടുപോയി. മറ്റെന്തിന്റെയോ ഉത്തരവ് അനുസരിക്കുന്നത് പോലെ.
സൂര്യൻ വേഗം മുകളിലെത്തിക്കൊണ്ടിരുന്നു. തീപ്പൊന്തം പോലെ അതിൻറെ ജ്വാല നിന്ന് കത്തി. നാല് ദിക്കിലേക്കും പൊട്ടിച്ചിതറുന്ന അതിന്റെ വെളുത്ത പ്രകാശം കണ്ണു മഞ്ഞളിപ്പിച്ചു. കണ്ണുനീർ ഒലിച്ചു കവിളിലേക്ക് എത്തുന്നതിനുമുമ്പ് ഉണങ്ങി. ഇപ്പോൾ വിയർപ്പില്ല. വിയർക്കുന്നതിന് മുമ്പ് തന്നെ അത് കാറ്റിൽ ഉണങ്ങി. കാറ്റിൽ ഈർപ്പം തീരെയില്ല. അതുകൊണ്ട് അതിന്നു ഒടുങ്ങാത്ത ദാഹാം. വിയർപ്പ് നെറ്റിയുടെ അറ്റത്തും കണ്ണുകൾക്ക് താഴെയും പുരികത്തിലും അടിഞ്ഞുകൂടി. നാക്ക് കൊണ്ട് ചുണ്ടുകളെ തൊട്ടപ്പോൾ ഉപ്പുരുചി ഉണ്ടായിരുന്നു. തൊണ്ടയുണങ്ങി നാക്കു തളർന്നപ്പോൾ വളരെ കുറച്ച് വെള്ളം ഞാൻ ഈമ്പിക്കുടിച്ചു . വരുന്ന വഴിയിൽ തന്നെ എടുത്തു കരുതിയിരുന്ന മിനുസമുള്ള ചെറിയ കല്ലെടുത്ത് വായിലിട്ട് നുണച്ചു. കല്ലു വായിലിട്ട് നുണക്കുന്നത് നാക്ക് ഉണരാതിരിക്കാൻ നല്ലതു. അറബികളിൽ നിന്നും പഠിച്ച പാഠം.
മണൽനിരപ്പിൽ നിന്നും തീ പൊന്തി വരാൻ തുടങ്ങി. കാട്ടുതീയുടെ തൊട്ടടുത്ത് നിൽക്കുന്നതു പോലെ നെറ്റിയിലും മുഖത്തും അഗ്നിയുടെ മധുരമുള്ള തലോടൽ. ഞാൻ കുപ്പായത്തിൻറെ ഭാഗമായിരുന്ന മൂടുപടം എടുത്ത് മുഖത്തിട്ട് മറച്ചു. പുലരിയിൽ ഞാൻ കണ്ട അതിസുന്ദരമായ മരുഭൂമി ഇപ്പോൾ ക്രൂരമായ വന്യമൃഗമായി മാറിക്കഴിഞ്ഞിരുന്നു. അതിന്റെ മുരൾച്ച എനിക്ക് കേൾക്കാം. കൊടും വിശപ്പിന്റെ ശബ്ദം. കുന്നുകളുടെ നിഴലുകൾ ചെറുതായി കൊണ്ടേയിരുന്നു. അവയുടെ നിഴലിൽ ഇപ്പോൾ വിശ്രമിക്കാൻ കഴിയില്ല. ഞാൻ കയറിയിറങ്ങി കടന്നുവന്ന ഓരോ കുന്നും ഇപ്പോൾ ഓരോ പുതിയ രൂപം കൊണ്ടിരുന്നു. ഒറ്റനോട്ടത്തിൽ അവയെല്ലാം ഒന്ന് പോലിരിക്കുന്നതായും തോന്നി.
മടുപ്പില്ലാതെ പിന്നെയും പിന്നെയും പാടുന്ന പാട്ടിലെ വരി പോലെ. ചെറിയ മാറ്റത്തോടെ വീണ്ടും വീണ്ടും അവ സ്വയം ആവർത്തിച്ചു. സന്തോഷത്തോടെ, ഉദാസീനതയോടെ, മടിയോടെ, വീണ്ടും ഉത്സാഹത്തോടെ. നിന്റെ പേരുകളോ അവ? അല്ലെങ്കിൽ നിന്റെ നെടുവീർപ്പുകളോ? നഫസ് എ റഹ്‌മാൻ! നഫസ് എ റഹ്‌മാൻ! നഫസ് എ റഹ്‌മാൻ!
എത്ര ദൂരം കഴിഞ്ഞിട്ടുണ്ടാവും.അതെ ഞാൻ എണ്ണി നോക്കിയില്ല. എന്നാൽ എപ്പോഴുണ് ആ വാക്കുകൾ ഒപ്പമുണ്ട്. പുലർച്ചയ്ക്ക് കണ്ട ചെറിയ ജീവികളൊക്കെ വെറും മായാരൂപങ്ങളായി മാറി എന്റെ കണ്ണുകൾക്കുള്ളിൽ തന്നെ കയറി മടങ്ങി കഴിഞ്ഞു. എവിടെ നോക്കിയാലും ചുട്ടുപൊള്ളൂന്ന മണൽ മാത്രം. മണൽ വാരി ഒതുക്കിയും, കോരി വിതറിയും ഒഴുകുന്ന കാറ്റ് . കടൽശംഖിൽ ചെവിവച്ചു നോക്കിയതുപോലെ ഒരു ചെറിയ മുഴക്കം. ഒട്ടും കരുണയില്ലാത്ത ശബ്ദം. ശൂന്യതയുടെ. ഒടുങ്ങാത്ത ഏതോ വെറുപ്പിന്റെ.
എന്റെ വേഗത വളരെ കുറഞ്ഞു വന്നു . അല്ലെങ്കിൽ എന്റെ കാലം വലിഞ്ഞു വലുതായി. സൂര്യൻ വളരെ പതുക്കെ ചലിച്ചു .വാനത്തു നിന്ന് നെറ്റിയിൽ ഇറങ്ങിയ വെളുത്ത അഗ്നിയെ ഞാൻ മൂടുപടമിട്ട് മറച്ചിരുന്നു. വസ്ത്രത്തെ കടന്ന് അതിന്റെ ചൂട് ശരീരത്തെ തഴുകി. കുറച്ച് തുപ്പൽ എടുത്ത് നെറ്റിയും കണ്ണും നനച്ചു .പക്ഷേ ഉടൻതന്നെ ആ ഈർപ്പം ഉണങ്ങി മറഞ്ഞു. മരുഭൂമിക്ക് വേണ്ടി അടിഭാഗം മരം കൊണ്ട് ചെയ്ത തുകൽ ചെരിപ്പുകൾ ഞാൻ ധരിച്ചിരുന്നുവെങ്കിലും മണലിന്റെ ചൂട് അകത്തേക്ക് കടന്ന് കാലുപൊള്ളി . കൂടിപ്പോയാൽ ഇനിയും രണ്ടു മണിക്കൂർ നേരത്തിനുള്ളിൽ എന്തെങ്കിലും ഒരു നിഴൽ ഞാൻ കണ്ടെത്തേണ്ടതുണ്ടു. ഇല്ലെങ്കിൽ ബോധംകെട്ടു വീണുപോകും. അത് മരണം.
ഇടവേളകളിൽ അൽപാൽപമായി ഞാൻ വെള്ളം കുടിച്ചു കൊണ്ടിരുന്നു. ഇപ്പോൾ ദാഹം ഇല്ല. ശരീരം തന്നെ ദാഹം ഏറ്റുവാങ്ങി കഴിയുമ്പോൾ തൊണ്ടയും വായും വെള്ളം ചോദിക്കുന്നില്ല. സ്വയം കരുതിക്കൂട്ടി വെള്ളം കുടിക്കണം. ചുണ്ട് നനക്കുക മാത്രമേ പാടുള്ളൂ. കണ്ണു തൊടുന്ന ദൂരം വരെ മരമോ ച്ചെടിയോ പാറകളോ ഒന്നും ഇല്ല. വിറങ്ങലിച്ച ഏകാന്തതയുടെ മണൽ കുന്നുകൾ മാത്രം. ഈ ലോകത്ത് മറ്റൊന്നുമില്ല. അണ്ഡചരാചരങ്ങളിൽപോലും മറ്റൊന്നുമില്ല.
അതുവരെ ഞാൻ യാത്ര ചെയ്തിരുന്ന മരുഭൂമികളിൽ ഒരിടത്തും ഇങ്ങനെ തീരെ നിഴലില്ലാതെ കണ്ടിട്ടില്ല. അകലെയെങ്കിലും ഒരു കള്ളിച്ചെടിയോ കാറ്റിൽ ഉരുകി അലിഞ്ഞു നിൽക്കുന്ന പാറയോ കണ്ണിൽ പെടും.ഇവിടെ ഒന്നുമില്ല. ഒരു കൈപ്പിടിയിൽ ഒതുങ്ങാവുന്ന ചെറിയ കുത്തുചെടികൾ മാത്രം. കാറ്റ് അവയിൽ നിന്നും വെള്ളം ഊറ്റികുടിച്ച് വെറും ചവറാക്കി കഴിഞ്ഞിരുന്നു.
മണൽക്കുന്നുകളുടെ പൊക്കം ഞാൻ മരുഭൂയുടെ അകത്തേക്ക് കടക്കുന്തോറും ചെറുതായി വരുന്നു എന്ന് തോന്നി . നദിയുടെ തിരകൾ പോലെ തന്നെ, അകത്തേക്ക് ചെല്ലുംതോറും ചെറിയവ. ആ കൊച്ചു മാറ്റം വലിയ സമാധാനം ഉണ്ടാക്കി. ഒരുപക്ഷേ അപ്പുറത്ത് നിരപ്പുള്ള ഭൂമി ഉണ്ടാകാൻ ഇടയുണ്ട്. അപ്പുറത്ത് എന്നാൽ ഇനിയും പത്ത് മൈൽ അകലെ. അവിടെ പാറകൾ ഉണ്ടാവാം . മരങ്ങൾ ഉണ്ടാവാം. ഉറവകളുണ്ടാവാം. ഇനിയും എന്തൊക്കെയോ ഉണ്ടാവാം. എന്തായാലും ഒന്നും കാണാൻ കഴിഞ്ഞില്ല. അകത്ത് ചെല്ലുംതോറും മണലിന്റെ നിറം വെളുത്തു. പാലിന്റെ നിറം.ചുട്ട ശംഖിന്റെ നിറം. അല്ലെങ്കിൽ ചിതയിൽ വെന്ത തലയോട്ടിയുടെ നിറം .
ഞാൻ പൂർണമായും തളർന്നു കഴിഞ്ഞിരുന്നു . ഒടുവിലത്തെ ജീവശക്തിയും ഞെക്കിപ്പിഴിഞ്ഞ് എടുത്തുതുപോലെ. ഓരോ കാൽവെപ്പും അതാണ് അവസാനത്തേതെന്ന് ചിന്തിച്ചു ഞാൻ എടുത്തുവച്ചു. മുമ്പോട്ടു നോക്കുന്നത് നിർത്തി. അടുത്ത കാലടി മാത്രം ആലോചിച്ചു. ശരീരത്തിന്റെ ഓരോ ബിന്ദുവും മതി മതി എന്നു എന്നോട് കെഞ്ചി . ഇനിയൊന്ന് മാത്രം, ഇതാ ഇനിയും ഒന്നു മാത്രം, ഒന്നുകൂടി എന്ന് ഓരോ തവണയും ഞാനതിനെ സമാധാനിപ്പിച്ചു. വേറെ ചിന്തകൾ ഒന്നും മനസ്സിൽ ഉണ്ടായിരുന്നില്ല . ഇനിയും ഒരു കാൽവെപ്പു. ഒറ്റ കാൽവെപ്പു മാത്രം. അത് മാത്രം. അർത്ഥമുള്ളത് അത് മാത്രം.
മുമ്പത്തെ പോലെ മണലിൽ പിടിച്ചു കയറാൻ കഴിഞ്ഞില്ല. ചീനച്ചട്ടിയിൽ ഇട്ട് വറുത്തത് പോലെ മണലിൽ നിന്നും ചൂട് പൊങ്ങി. കൈ കൊണ്ടൊന്ന് അറിയാതെ തൊട്ടു പോയാൽ പൊള്ളി ഞാൻ തുള്ളിച്ചാടി. ഓരോ കുന്നിലും ഞാൻ പൊക്കം കുറഞ്ഞതു തേടി പോയി . ഒരു കുന്ന് വലതുവശത്തിലൂടെയാണെങ്കിൽ മറ്റൊന്നു ഇടതു വശത്തിലൂടെ കയറി. അങ്ങനെ ഓരോ തവണയും എന്റെ ദിക്ക് ഞാൻ ഓർത്തെടുത്ത് നിലനിർത്തി. നേരേ പോയിക്കൊണ്ടിരുന്നാൽ ശരീരത്തിന്റെ ജന്മനായുള്ള ചരിവ് കാലിൽ എത്തുകയും, എൻറെ കാലുകളുടെ പാത ചെരിയുകയും ചെയ്യും. ചെറിയ ചെരിവ് മതി, ഒരുപാട് വഴിതെറ്റും.
സൂര്യന്റെ ദിക്ക് ഒരിക്കലും വിശ്വസിക്കരുത് എന്നെനിക്കറിയാം. മരുഭൂമിയിലെ സൂര്യൻ ഒരുപാട് കളികൾ അറിയാവുന്നവൻ. ഞാൻ പോകേണ്ട ദിക്ക് കിഴക്കു. നേർക്കിഴക്ക്. ഒരല്പം വഴി മാറിയാലും ഈ അനന്തസൂന്യതയിൽ സ്വയം കളഞ്ഞു പോകും. ഇന്ന് രാത്രി ആ ഗുഹയിലേക്ക് ചെന്നെത്തണം. രാത്രി! എന്നാൽ അത് വളരെ അകലെ എവിടെയോ.
ഓരോ ഇടത്തെ ചവിട്ടും വലത്തേ ചവിട്ടു കൊണ്ട് സമമാക്കണം. ഓരോ വലത് കയറ്റവും ഇറക്കം കൊണ്ട് നേരാക്കണം. പക്ഷേ അതും യാന്ത്രികമാകുന്നു എന്ന് തോന്നിയപ്പോൾ രണ്ട് തവണ വലതു വശത്ത് കയറി രണ്ടുതവണ ഇടതുവശത്ത് ഇറങ്ങി. കുന്നുകളുടെ രൂപമനുസരിച്ച് എന്റെ കണക്കുകൾ ഞാൻ മാറ്റിക്കൊണ്ടിരുന്നു . കണക്കുകൾ പിഴയ്ക്കുന്നുവോ എന്ന ചിന്ത കത്തി അണഞ്ഞ് ചാരമായി കൊണ്ടിരുന്ന തലച്ചോറിനെ പിന്നെയും ഊതി ജ്വലിപ്പിച്ചു. വിരൽ മടക്കി ഞാൻ എണ്ണി. ഇടത് -വലത്- ഇടത് രണ്ട് -വലത് രണ്ട്… ഞാൻ വഴി തെറ്റിക്കഴിഞ്ഞു. മരുഭൂമിയിൽ സ്വയം വലിച്ചെറിഞ്ഞു കഴിഞ്ഞു . എനിക്കെന്നെ നഷ്ടപ്പെടുന്നു. ശരീരത്തിനും മനസ്സിനും ലയമില്ലാതെ ആവുന്നു. ഇനിയും എത്ര ദൂരം.
കാലുകൾ മണലിൽ ആണിറങ്ങി. അവയെ വലിച്ചെടുത്തു വലിച്ചെടുത്ത് ഞാൻ മുമ്പോട്ട് പോയി. അവയുടെ ഭാരം കൂടി വന്നു .ചെരിപ്പുകൾ ഇരുമ്പു കൊണ്ടുണ്ടാക്കിയവ പോലെ. ഓരോ കുന്നിന്റെ മടക്കിലും ഒരു കുടം ജലം. പക്ഷെ ഒരു കാൽവെപ്പിൻറെ അനക്കം കേട്ടു മുഴുവൻ വെള്ളവും മണൽകുന്ന് വലിച്ചെടുത്ത്. മരുഭൂമിയുടെ ഉള്ളിൽ പോകുന്തോറും മരീചിക കൂടിക്കൂടി വന്നു. നേർത്ത ഉറവകൾ, ചെറിയ കുളങ്ങൾ… അകലെ അലയിളകും വൻചിറകൾ. എവിടെയോ കടൽ. കൈയൊന്ന് നീട്ടിയാൽ തൊടാം . തല ഉയർത്തി നോക്കിയാൽ കണ്ണാടി ഉരുകി ഒഴുകുന്നത് പോലെ നാല് ചുറ്റും മണൽകുന്നുകൾ മുഴുവൻ വെള്ളം കൊണ്ട് നനഞ്ഞു ഒലിച്ചു. വെള്ളം തിളച്ചു മറിയുകയായിരുന്നു.
കാനൽജലം എന്നിൽ ദാഹം ഉണർത്തി. ഓരോ കാൽവെപ്പിലും ദാഹം വളർന്നു. ഞാൻ കൊണ്ടുവന്നിരുന്ന വെള്ളം പകുതിയായി. പക്ഷേ എന്റെ ഉള്ളിൽ എല്ലാ അവയവങ്ങളും ഉണങ്ങിക്കഴിഞ്ഞിരുന്നു. അകത്തേക്ക് എടുക്കുന്ന ശ്വാസത്തിൻറെ അഗ്നിതന്നെ പുറത്തേക്ക് ഒഴുകുന്ന ശ്വാസത്തിലും. കണ്ണിന്റെ ഇമകളും മൂക്കും വെന്ത് നീറി. തുടകളിലും കണങ്കാലിലും വേദന നിന്ന് തുടിച്ചു. തിരകളുടെ മീതെ തോണി പോലെ എന്റെ കാലുകൾക്കു താഴെ നിലം ഉലഞ്ഞാടി . ഏത് ക്ഷണവും ഞാൻ–
ഞാൻ കാലിടറി വീണു. അറിയാതെ മുഖം തുണികൊണ്ട് മൂടി കൈകളെ മണലിൽ ഊന്നിയതുകൊണ്ട് മുഖം രക്ഷപ്പെട്ടു. അര നിമിഷം കൈകൾ മണലിൽ താണിറങ്ങി. ചർമം ചുട്ടുപൊള്ളി നിലവിളിച്ചുകൊണ്ട് ഞാൻ കുതറാൻ ശ്രമിച്ചു. എന്നാൽ ചരിഞ്ഞു മണലിൽ തന്നെ പിന്നെയും വീണു. എന്തെന്നു ചിന്തിക്കുന്നതിനുള്ളിൽ മണലിൽ വീണ് ഉരുണ്ട് ഇറങ്ങി കുന്നിന്റെ താഴെ ചെന്നെത്തി. വസ്ത്രങ്ങൾക്കുള്ളിൽ ചുട്ടുപഴുത്ത മണൽ കയറി. ഉടൽ തീപിടിച്ചു കത്തുന്നതുപോലെ. വേദന കൊണ്ട് എന്തൊക്കെ വിളിച്ചുപറഞ്ഞുകൊണ്ട് ഞാൻ എന്നെ തന്നെ കുടഞ്ഞു. കണ്ണുകളിൽ കണ്ണീർ നിറഞ്ഞു ഒഴുകി . ശരീരത്തിലെ രക്തം മുഴുവൻ തിളച്ച് ലാവ പോലെ തലയ്ക്കുള്ളിൽ ഇടിച്ചുകയറി. എൻറെ അകത്തുനിന്ന് ഉറവെടുത്ത് ശക്തി മുഴുവൻ ഒന്നാക്കി പല്ലുകടിച്ച് കൈ ചുരുട്ടി ഇറുക്കി എന്നെ ഞാൻ മുകളിലേക്ക് കയറ്റി.
കാലുകൾ രണ്ടും വിറച്ച് തളർന്നു തീയിൽ ഉരുകുന്ന റബ്ബർ പോലെ ആയി. പലതവണ ഞാൻ കൈ മണലിൽ ഊന്നിയെങ്ങിലും വെന്തു കഴിഞ്ഞ ചർമ്മത്തിൽ പുതിയ വേദന തോന്നിയില്ല. അല്ലെങ്കിൽ വേദന അറിയാൻ ഞാൻ കൂട്ടാക്കിയില്ല. കണ്ണടച്ച് ശ്വാസം പിടിച്ച് എന്റെ മുന്നിലെ കുന്നു ഞാൻ കയറി. ഒരു മഹാക്ഷേത്ര പോലെ അത് വഴി മൂടി പൊങ്ങി നിൽക്കുകയായിരുന്നു. ഉടൽ മുഴുവൻ മണൽ വരികൾ വിടർന്ന തൈവികമായ മഹാശില്പം. കാറ്റോടുമ്പോൾ അത് രോമാഞ്ചം കൊണ്ടു. അതിനപ്പുറത്ത് മരീചികയുടെ തിരകൾ തിളങ്ങി മറിയുന്ന സമനിലം! സത്യമോ ? പടച്ചോനെ സത്യമോ ?
എത്ര കുന്നുകയറിയിറങ്ങി എന്നറിയില്ല. അവസാനത്തെ കുഞ്ഞ് എങ്ങനെ കയറിയെന്ന് ഒട്ടുമറിയില്ല. പുറകിലേക്ക് നോക്കിയപ്പോൾ മനസ്സ് പകച്ചു . ഞാൻ കടന്നുവന്ന പാതയല്ല അത്. വേറെയേതോ. പക്ഷേ എന്റെ കാൽപ്പാടുകളുടെ നിര ആ മരുഭൂമിയെ രണ്ടായി വേർതിരിക്കുന്നത് ഞാൻ കണ്ടു. അല്ലെങ്കിൽ ചേർത്ത് തുന്നിയിരിക്കുന്നു. അവ കാറ്റിൽ അലിഞ്ഞു മറഞ്ഞുകൊണ്ടുമിരുന്നു. പുളയുന്ന മണല്കടൽ. ഞാൻ തുടങ്ങിയ സ്ഥലം അകലെ എവിടെയോ. കാലത്തിനപ്പുറത്ത് എവിടെയോ.
സൂര്യൻ തലയ്ക്കു മുകളിൽ വളരെ അടുത്ത് നിന്നു. എത്ര സമയമായിട്ടുണ്ടാവും? ഞാൻ നിന്ന ഇടത്തിൽ തന്നെ തിരകളിൽ കയറിയിറങ്ങുകയായിരുന്നുവോ? ഈ കാൽവെപ്പുകൾ മുകളിലോട്ട് ആണെങ്കിൽ പടച്ചവനെ ചെന്നെത്തിയിരിക്കും. താഴോട്ടു ചെല്ലുകയാണെങ്കിൽ നരകം കണ്ടിരിക്കും. പാവം ബഷീർ, എളിയ ചരിത്രകാരൻ, ഈ ഭൂലോകത്ത് എന്നും ഒറ്റപ്പെട്ടവർ, എവിടെയും ഒറ്റപെട്ടവൻ.
കുന്നിന്റെ താഴെ ആഴത്തിൽ പച്ച നിറം കണ്ണിൽപ്പെട്ടു. പക്ഷേ മരങ്ങൾ ഒന്നും കണ്ടില്ല. ഞാൻ ആഞ്ഞു നടന്നു.കാലിന്റെ താഴെ നിന്ന് വിചിത്രമായ മുരളൽ ശബ്ദം കേട്ടു. ആന വലിപ്പത്തിലുള്ള വണ്ടിന്റെ ചിറകൊച്ച പോലെ. പനി വന്ന പോലെ എന്റെ ശരീരം നടുങ്ങി. ഈ ഭൂലോകത്തിന്റെ ശബ്ദമല്ല ഇത്. കുന്നുകളിൽ മണൽ ചെരിയുമ്പോൾ ഉണ്ടാകുന്നതു. അറബികൾ അതിനെ മണലിന്റെ പാട്ട് എന്നു വിളിക്കും. മധുരധ്വാനി. പക്ഷേ ഭയം കൊണ്ട് വിറപ്പിക്കുന്നതു.
പതുക്കെ ഞാൻ കുന്നിറങ്ങി സമനിലത്തിൽ എത്തി. ഞാൻ നടക്കുകയല്ല എന്റെ ശരീരം മുമ്പോട്ട് വീഴുകയാണുണ്ടായത്. അവിടെ കള്ളിച്ചെടികൾ അരയോളം പൊക്കത്തിൽ വളർന്നു നിന്നു. ഓരോന്നിന്റെയും തലയിൽ നീലനിറമുള്ള പൂക്കൾ. മുള്ളുകൾ കൊണ്ട് അവ കാറ്റ് കീരിക്കീറി കളിച്ചു. മുള്ളുമുനകളിൽ ഒരു സീൽക്കാര നാദം കേട്ടു. ഏതോ ദേവസംഗീതം. കാമമുണർന്ന വിധവയുടെ രഹസ്യ ശ്വാസം. എങ്ങും നീല നിറം മാത്രം. നീലത്തിന്റെ വർണ്ണഭേദങ്ങൾ . മഷിനീലം തുടങ്ങി ആകാശനീലം വരെ. അവയിൽ നിന്നും മൃദുവായ മണം പൊന്തി. മരുഭൂമി എന്റെ ഇന്ദ്രിയങ്ങളെ സൂക്ഷ്മമാക്കിയിരുന്നു. ഈ ഏകാന്ത അപാരതയിൽ സുഗന്ധം പരത്തി ആ പൂക്കൾ കാത്തുനിൽക്കുന്നത് ആർക്കുവേണ്ടി?
അവിടെല്ലാം നിലത്ത് വള്ളികൾ പടർന്നിരുന്നു.അവയുടെ ഇല മറവിൽ ചോരച്ചുവപ്പ് നിറത്തിൽ പഴങ്ങൾ. ഓരോന്നിനും കൈചുരുട്ടിയതിൻറെയത്ര വലിപ്പം. ചുവന്ന ചോര പോലുള്ള ചാറ് നിറഞ്ഞു തുടുത്ത് അവ നിഴലിൽ കാത്ത് കിടന്നു. മറഞ്ഞിരിക്കുന്നതല്ലേ നോട്ടം പിടിച്ചെടുക്കാൻ ഏറ്റവും നല്ല വഴി? എല്ലാ ദിക്കിലും ആ കനി മാത്രം എൻ്റെ കണ്ണിൽപ്പെട്ടു . പഴുത്ത് കനിഞ്ഞു നിന്നിരുന്ന അവയെ കാണുമ്പോഴൊക്കെ വായിൽ വെള്ളം നിറഞ്ഞു. തിന്നാൽ അര മണിക്കൂറിനുള്ളിൽ ജീവൻ കവരുന്ന വിഷക്കനികൾ. പക്ഷേ ഞാനറിഞ്ഞ ആ സത്യം എന്റെ അകം സമ്മതിച്ചില്ല . അവ എന്നെ മാടി വിളിച്ചു. നിർബന്ധിച്ചു. “നോക്കൂ” എന്ന് കൊഞ്ചി. ഞാൻ തിരിഞ്ഞു നോക്കാതെ നടന്നു . ഇല്ല ഇല്ല എന്ന് ഞാൻ മനസ്സിനുള്ളിൽ വീണും വീണ്ടും പറഞ്ഞു. പക്ഷെ എൻറെ ചിന്ത മുഴുവൻ അവ നിറഞ്ഞിരുന്നു . അവയുടെ തുടുത്ത നിറം, യുവ മൃദു ചർമ്മം, നിഷ്ക്കളങ്കതയുടെ തിളക്കം. നിഴലിൽ ഊറി നിൽക്കുന്ന മധുരമുള്ള രസം.
ദാഹം കൊണ്ട് എന്റെ ദേഹം ജ്വാലയായി കത്തുകയായിരുന്നു . ചുട്ട് പഴുത്ത മണൽത്തരികൾ ചർമ്മത്തിൽ തുളച്ച് കടന്നിരുന്നു. ഒരു വള്ളി എന്റെ കാലിലിടറി, അതിൽ നിന്നും ഒരു പഴം വേർപെട്ട് മുമ്പിൽ ഉരുണ്ടു. ഞാൻ പോയി അത് കയ്യിലെടുത്തു.മോഹിപ്പിക്കുന്ന തുടുത്ത നിറം. മനസ്സ് ഭ്രമിപ്പിക്കുന്ന മുഴുപ്പു. വിരലുകൊണ്ട് പതുക്കെ ഞെക്കിയപ്പോൾ മൃദുവായ മാംസം പോലെ അതിനെ മിനുസമുള്ള ഭാഗം കുഴിഞ്ഞു , ചുവന്ന ചാറു പുറത്തേയ്ക്കൊഴുകി. ചുണ്ടുകൾ. യൗവനത്തിന്റെ മദം നിറഞ്ഞവ. എന്റെ ഉടൽ മുഴുവൻ കാമം കത്തിക്കയറി. വായിൽ വെള്ളമൂറി. എന്റെ കണ്ണുകൾ ലഹരിയിൽ സ്വയം അടഞ്ഞു. ചുണ്ടു കവിഞ്ഞു ജലം ഇറ്റു വീണു. മധുരം! അതിമധുരം! അതിനപ്പുറത്ത് ഇപ്പോൾ എന്താണ് വേണ്ടത്?
പെട്ടെന്ന് എന്റെ തലയിൽ ഒരു അടി വീണതുപോലെ ബോധം എത്തി. ഞാൻ ചെയ്യുന്നത് എന്ത്? മരണത്തിന്റെ വശ്യത! മരണത്തിന്റെ രുചി! ദേഹം മുഴുവൻ കയ്പ്പു നിറഞ്ഞു. വായിലെ ദുഷിച്ചവെള്ളം മുഴുവൻ ഞാൻ കാർക്കിച്ചു തുപ്പി. പിന്നെയും പിന്നെയും ഓക്കാനിച്ചു തുപ്പിക്കൊണ്ടിരുന്നു. പുറം കഴുത്തിൽ നിന്നും ഒരു തണുപ്പ് കയറി തലയോട്ടി നിറഞ്ഞു.ഭാരം കൊണ്ട് നിവർന്ന് നിൽക്കാനാവാതെ എന്നെ ഒരു ഭാഗത്തേക്ക് അത് തള്ളി. താഴെ നിന്ന് നിലം പൊന്തിവന്നെന്റെ മുഖത്തടിച്ചു.ഞാൻ മണലിൽ മുഖം അമർത്തി കിടന്നു.










