marubumi 1

“എന്റെ പേര് ബെഷീർ. വൈക്കം മൊഹമ്മദ് ബെഷീർ” ഞാൻ എന്റെ കൈരളി മലയാളത്തിൽ ആവുന്നത്ര ഉറക്കെ പറഞ്ഞു.

ആ യാത്രാസംഘത്തിന്റെ തലവൻ ഒരുപാട് നേരം കണ്ണുകളെ ചുരുക്കി എന്നെ നോക്കിയിട്ട് പറഞ്ഞു “നല്ലവനേ, ഒറ്റയ്ക്ക് എങ്ങനെ നീ ഇത്ര വലിയ മണൽകാട് കടന്നു ഇവിടെ വന്നുചേർന്നു? മാഷാ അള്ളാ!”

ഞാൻ ഒന്നും പറയാതെ ചുവന്നു മറയുന്ന സന്ധ്യയെ നോക്കി നിന്നു . അകലെ മണകടലിൻ പൂഴിപ്പരപ്പിന്നു മീതെ വെറുമൊരു വെളിച്ചപുള്ളിയായി ഷംസ് എന്ന ഉഗ്രപ്രതാപിയായ അറബി സൂര്യൻ എല്ലാ ഗാംഭീര്യങ്ങളെയും കൈവെടിഞ്ഞു വലിയൊരു ആശ്വാസത്തോടുകൂടി വെളുത്ത പൂഴിയുടെ അലകളിൽ താണിറങ്ങിക്കോണ്ടിരുന്നു.

അറബി അടുത്തുവന്നു തന്റെ അരയിൽ തൂങ്ങിക്കിടന്ന തുകൽ സഞ്ചി തുറന്നു എനിക്ക് കുടിക്കാൻ വെള്ളം തന്നു. അയാൾ അടുത്ത് വന്നപ്പോഴാണ് ഞാൻ പ്രായം മനസ്സിലാക്കിയത്. മൈലാഞ്ചിയിട്ട നീണ്ട താടിക്കുള്ളിൽ അറുപത് വയസുകാരന്റെ മുഖം. വെയിലത്ത്  വെന്തു ഉണങ്ങിയ, മണ്ണിന്റെ നിറമുള്ള ചർമ്മത്തിൽ നാല് രേഖകളായി ചുളുങ്ങിയ നെറ്റിയും, കൂർത്ത മൂക്കും, വളരെ നേർത്ത ചുണ്ടുകളും. അയാളുടെ വെള്ളാരംകല്ല് പോലുള്ള കണ്ണുകളിലും ചിരിയിലും മരുഭൂമിയുടെത്  മാത്രമാണ് എന്ന് തോന്നിക്കുന്ന അലിവ് ഉണ്ടായിരുന്നു.

ഞാൻ നന്ദി പറഞ്ഞു അയാൾ തന്നെ കുടിവെള്ളം വാങ്ങി രണ്ടു മടക്ക് കുടിച്ചു. മരുഭൂമിയുടെ രീതി അനുസരിച്ച് കുറച്ചു വെള്ളം കൊണ്ട് ചുണ്ടുകൾ നനച്ച്, തണുത്ത വെള്ളം വായിൽ ഇട്ട് നന്നേ നുണഞ്, കണ്ണുകൾ അടച്ച്  തൊണ്ട മുഴുവൻ ആ വെള്ളം ഊർന്നിറങ്ങുന്നത് അറിഞ്ഞുകൊണ്ട് മെല്ലെ കുടിച്ചു . എന്റെ കൈ സ്വാഭാവികമായി ആകാശത്തേക്ക് ഉയർന്നു. മാഷാ അള്ളാ. കണ്ണുകൾ കൊണ്ട് അയാളെ വാഴ്ത്തി ഞാൻ സഞ്ചി മടക്കി കൊടുത്തു

“എവിടുന്നാണ് നീ വരുന്നത് നല്ലവനേ? എങ്ങോട്ടാണ് പോകുന്നത്?’

ആദ്യമായി ആ ചോദ്യം തീർത്തും അര്ഥമില്ലാത്തതായി എനിക്ക് തോന്നി. എവിടുന്നു വരുന്നോ അവിടെ നിന്ന്. എങ്ങോട്ട് പോകുന്നോ അവിടേക്ക്. അതിനപ്പുറം എന്തു പറയും?

അയാളുടെ കണ്ണുകൾ എന്നിൽ നിന്നും അകലാതെ നിലച്ചു നിന്നു.

“ഞാൻ മക്കയിൽ നിന്നാണ് വരുന്നത് സഹോദരാ . റിയാദ് വഴിയ ഇവിടെ എത്തിച്ചേർന്നു” തെല്ല് മടിച്ച് ഞാൻ പറഞ്ഞു “ഇപ്പോൾ ഞാൻ കിഴക്കോട്ടു പോകുന്നു

“യാ അള്ളാ! നിനക്കെന്ത് ഭ്രാന്താണോ? കിഴക്ക് മുഴുവൻ മരുഭൂമിയല്ലേ? ഞങ്ങളുടെ ഒപ്പം വന്നോളൂ”

ഞാൻ പുഞ്ചിരിച്ചു. “അല്ലാഹുവിന്റെ കാരുണ്യം എന്റെ മീതെ ഉണ്ടെങ്കിൽ ഞാൻ ബഹറിനിലേക്കു ചെന്നെത്തും. ഇനി എഴുപതു മൈലുകൾ മാത്രം എന്ന് യാത്രികർ പറഞ്ഞു

യാത്രസംഘത്തിന്റെ തലവൻ കാലുകൊണ്ട് മണൽ വാരി എറിഞ്ഞു കോപത്തോടെ തിരിഞ്ഞുനോക്കി. കയ്യിൽ ഉണ്ടായിരുന്നു റൈഫിൾ ഒട്ടകത്തിന്റെ പള്ളയിൽ കെട്ടിയിരുന്ന തുകൽ വാറിൽ തിരുകിവച്ചിട്ട് തിടുക്കത്തിൽ എന്നെ നോക്കി വന്നു. “നോക്കുക കൂട്ടുകാരാ, മനസ്സറിഞ്ഞ് നിന്നെ ഈ മരുഭൂമിയിലേക്ക് അയക്കാൻ എന്നെ കൊണ്ടാവില്ല. ഇനിയൊരു അറുപതു മൈൽ ദൂരത്തേക്ക് ഉഗ്രമായ മരുഭൂമി മാത്രമാണ്. ഒരു തുള്ളി വെള്ളം ഇല്ല. ഒരു മരം പോലുമില്ല. ഞരമ്പ് പോലെ പിന്നിപ്പിണഞ്ഞ മനൽകുന്നുകളുടെ വരികൾ മാത്രം. പക്ഷേ നിന്റെ കണ്ണുക നോക്കിയാൽ നിന്നെ ഒരു കാൽവെപ്പിൽ പോലും പിന്തിരിയിപ്പിക്കാൻ എന്നെക്കൊണ്ട് കഴിയില്ല എന്ന് എനിക്ക് തോന്നുന്നു . നീ ആരാണെന്ന് എനിക്കറിയില്ല. നിന്റെ മനസ്സ് അള്ളാഹു കാണട്ടെ. അളവില്ലാത്ത ആ കരുണ നിന്നോട് ഉണ്ടാകട്ടെ”

അയാൾ ഒറ്റ വായിൽ പറഞ്ഞിട്ട് എന്നെ നോക്കാതെ ഒട്ടകത്തിന്റെ അടുക്കലേക്ക് പോയി ചാട്ടയെടുത്ത് ഒന്ന് കുടഞ്ഞു. “മൂത്തവനെ” എന്ന് മകനെ വിളിച്ചു. ചെറിയൊരു വ്യത്യസ്തത തോന്നിയ നടത്തത്തോടെ അടുത്തേക്ക് വന്ന ആ ചെറുപ്പക്കാരനോട് “നമ്മുടെ വിരുന്നുകാരന് വേണ്ടതെല്ലാം കൊടുക്കുക. അദ്ദേഹം ഇന്ന് നമ്മുടെ ഒപ്പം താമസിക്കട്ടെ” എന്ന് പറഞ്ഞു.

എന്റെ കണ്ണുകളെ നോക്കി പിന്നെയും ഒരിക്കൽ ഉറപ്പ് വരുത്തിയതിട്ടു പറഞ്ഞു “നാളെ പുലർച്ചയ്ക്ക് അദ്ദേഹം യാത്രയാവുകയാണ്”

അയാളുടെ മൂത്തമകൻ ആ മണൽനിലത്തിൽ അവർ കെട്ടി ഉയർത്തിയിരുന്നു ആറ് വലിയ കൂടാരങ്ങളിൽ ഒന്നിലേക്ക് എന്നെ വിളിച്ചു കൊണ്ടുപോയി. മരുഭൂമിയിലെ ചെറിയ കിണറിന് സമീപത്ത് അവർ കൂടാരങ്ങൾ വളരെ വെടിപ്പായി കെട്ടിയുറപ്പിച്ചിരുന്നു. അന്തിയുടെ പകുതി ഇരുട്ടിൽ അവ ഇരുൾ വാരി കുടിക്കുന്ന ഭൂതങ്ങളെപ്പോലെ കാറ്റിൽ ചെറുതായി വിങ്ങി നിന്നു. ചില കൂടാരങ്ങളുടെ ഉള്ളിൽ നിന്നും സംഭാഷണങ്ങളും ഒച്ചകളും കേട്ടു.

ഒരു കൂടാരത്തിന്റെ മുന്നിൽ അല്പം പ്രായംചെന്ന രണ്ട് പെണ്ണുങ്ങൾ ഇരുന്ന് ആട്ടിൻ തുകലു കൊണ്ട് ഉണ്ടാക്കിയ, ആടിന്റെ രൂപത്തിൽ തന്നെ വിങ്ങിയിരുന്ന, ഒരു സഞ്ചി കയറിൽ കെട്ടി മാറിമാറി മുന്നിലേക്കും പിന്നിലേക്കും ആട്ടുകയായിരുന്നു. അതിന്റെ ഉള്ളിൽ ആട്ടിന്റെ പാൽ കൊണ്ട് ഉണ്ടാക്കിയ തൈര് ആയിരിക്കും. അതു അവർ വെണ്ണ ഉണ്ടാക്കുന്ന രീതി. നാട്ടിൽ പുഴയുടെ അരികത്ത് രാത്രിയിൽ കേൾക്കുന്ന തവളകളുടെ ശബ്ദങ്ങൾ പോലെ ആ സഞ്ചിയുടെ ഉള്ളിൽ തൈര് നുരയ്ക്കുന്ന ഒച്ച കേട്ടു . ഒപ്പം അതിന്റെ പുളിപ്പിന്റെ ചൂരും.

കൂടാരങ്ങൾക്ക് ചുറ്റും ആടുകളുടെ താവളം . അപ്പോഴേക്കും നന്നെ ഇരുട്ടിക്കഴിഞ്ഞിരുന്നു. എങ്കിലും അവ ഒച്ചയുണ്ടാക്കിക്കൊണ്ടേയിരുന്നു. കിണറ്റിൽ നിന്നും ചിലർ തുകൽ സഞ്ചികളിൽ വെള്ളം കോരി തുകൽ വാളികളിൽ കൊണ്ട് പോയി ആടുകളുടെ തൊട്ടികളിൽ ഒഴിച്ചു. ആടുകൾ തമ്മിൽ ഉന്തിയും തള്ളിയും വെള്ളം കുടിച്ചു. കാറ്റിൽ അവയുടെ മൂത്ര നാറ്റം ചെറിയ തിരകൾ ആയി വന്ന് എൻ്റെ മൂക്കിൽ കയറി. പക്ഷേ ഞാൻ അതിന് നന്നേ ശീലിച്ചു കഴിഞ്ഞിരുന്നു. മൂന്നു മാസത്തിലേറെയായി ഞാൻ പഷ്ഡൂൺ ഗോത്രവർഗ്ഗക്കാരുടെ ഒപ്പം ആടുമേച്ചു കഴിഞ്ഞു. അവയുടെ നാറ്റവും ഒച്ചയും എന്റെ ഉള്ളിൽ ആഴത്തിൽ പതിഞ്ഞിരുന്നു. ആടുകൾ മരുഭൂമിയുടെ കുടലുകൾ പോലെ ഒന്നൊഴിയാതെ എല്ലാം തിന്ന് ദഹിപ്പിച്ചു. കരിഞ്ഞ ഇലകളും, മുള്ളുകളും, കല്ലിൽ ഒട്ടിയിരുന്ന പായലുകളും എല്ലാം അവയ്ക്ക് തീററ തന്നെ. ഒന്ന് ശ്രദ്ധിച്ചില്ലെങ്കിൽ വസ്ത്രങ്ങളോ കയറുകളോ പോലും അവ തിന്നു കളയും. ഈ മരുഭൂമി മാത്രമേ ആ വിശപ്പ് ഉണ്ടാക്കുകയുള്ളൂ. മരുഭൂമിക്ക് മാത്രമേ അത്രയും വിശപ്പ് മനസ്സിലാക്കാനും കഴിയൂ.

ആടുകൾ അല്ലാതെ അവിടെ കൂടാരങ്ങൾക്ക് ചുറ്റും ധാരാളം ഒട്ടകങ്ങളും കഴുതകളും നിൽപ്പുണ്ടു. അവ ഏതാണ്ട് മുന്നൂറു മൈൽ ദൂരത്തേക്ക് ചുമന്ന് കൊണ്ടുവന്ന പൊതിക്കെട്ടുൾ കൂടാരത്തിലേക്ക് കൊണ്ടുപോയി ചിട്ടയോടെ അടുക്കിവെച്ചു ചിലർ. ഞങ്ങൾ ഓരോ കൂടാരമായി കടന്നു ഒടുവിലത്തെ കൂടാരത്തിലേക്ക് എത്തിച്ചേർന്നു.

എന്നെ വിളിച്ചുകൊണ്ടുപോയ ചെറുപ്പക്കാരന്റെ നോട്ടത്തിലും നടത്തത്തിലും അവന്റെ അച്ഛന്റെ കൃത്യത ഉണ്ടായിരുന്നില്ല. പൊക്കം കുറവ് ] . അല്പം തടിച്ചതെങ്കിലും നല്ല ആരോഗ്യം ഉണ്ട് . ഇടംവലമായി ആടിക്കൊണ്ട് ,ബുദ്ധി കുറഞ്ഞവർക്ക് മാതമുള്ള ആഞ്ഞു ചവിട്ടിയുള്ള നടത്തത്തോടെ അവൻ മുമ്പേ പോയി. പെട്ടെന്ന് എനിക്ക് തോന്നി അവനെക്കൊണ്ട് ഈ ലോകത്ത് ആർക്കും ഒരു തിന്മയും വരാനില്ല എന്ന്. എത്ര മഹനീയമായ സ്‌ഥിതി. എത്ര സുന്ദരമായ മൂർച്ചയില്ലായ്മ!

കറുത്ത ആട്ടിൻതുകല് കൊണ്ട് ഉണ്ടാക്കിയ പരന്ന കൂടാരം അവിടെ ഉണ്ടായിരുന്നവയിൽ ഏറ്റവും വലുത് . അതിന്റെ ഉള്ളിൽ തിരശ്ശീലകൾ കൊണ്ട് മുറികൾ വേർതിരിച്ചിരുന്നു.

“സഹോദരാ അകത്തേക്ക് വരൂ” എന്ന് പറഞ്ഞു അവൻ എന്നെ ഉള്ളിൽ കൂട്ടിക്കൊണ്ടുപോയി നിലത്തു വിളിച്ചിരുന്ന പരവതാനിയിൽ ഇരുത്തി.

തിരശ്ശീലക്കു പിന്നിൽ ഏതാനും പെണ്ണുങ്ങൾ തുടർച്ചയായി കലപില കൂട്ടിക്കൊണ്ടിരുന്നു.

തിരശ്ശീലകളിലൂടെ നിഴലായും ഇടയ്ക്കിടയ്ക്ക് അവ ഉലഞ്ഞപ്പോൾ ഇടയിലൂടെ വർണ്ണങ്ങളായും അവരുടെ രൂപം മറഞ്ഞും തെളിഞ്ഞും കാണാനായി.

ആ ചെറുപ്പക്കാരൻ സ്വയം ഇസ്മായിൽ എന്ന് പരിചയപ്പെടുത്തി . ഞാൻ ഇരുന്നപ്പോൾ എന്റെ മുന്നിലെ മണൽ കൂമ്പാരമാക്കി, ഒന്നു തട്ടി മിനുസപ്പെടുത്തി അതിന്റെ മുകളിൽ ഒരു തുകൽ സഞ്ചിയിൽ നിന്നും വലിയ കരിത്തുണ്ടുകൾ എടുത്ത് അടുക്കിക്കൊണ്ട് അവൻ എന്നോട് സംസാരിച്ചു. എന്റെ ഉത്തരം പ്രതീക്ഷിക്കാതെ ഒരു ചുമതല എന്നപോലെ അവൻ സംസാരിച്ചു പോയി.

“നിങ്ങൾ ബാപ്പയോട് പറയുന്നത് ഞാൻ കേട്ടു. എന്തുകൊണ്ട് കിഴക്കോട്ട് തന്നെ പോകുന്നു? എന്താ അത്ര നിർബന്ധം ? ഞങ്ങളുടെ ഒപ്പം വടക്കോട്ട് വന്നാലെന്താ? ഞങ്ങൾ ബാഗ്ദാദിലേക്ക് പോകുന്നു. കുവൈത്തിൽ ഒരു മാസം ഉണ്ടാകും.പിന്നെ അവിടുന്ന് ഫൂറത്ത് പുഴയിലൂടെ നടന്നു ബാഗ്ദാദിലേക്ക് എത്തും. അത് നല്ല പശിമയുള്ള മണ്ണ് .എങ്ങും പച്ച നിറഞ്ഞിരിക്കും. ശരി , താങ്കളുടെ ഇഷ്ടം .ഞാനൊന്നും പറയാൻ പാടില്ല. പക്ഷേ ബാഗ്ദാദിൽ നിന്ന് നിങ്ങൾ എങ്ങോട്ട് വേണമെങ്കിലും പോകാൻ കഴിയും. അവിടെ വെളുത്ത വർഗ്ഗക്കാരുടെ വണ്ടികളുണ്ട് . സ്വയം കത്തുന്ന വിളക്കുകളുണ്ട് .അങ്ങിനെ എന്തൊക്കെയോ ഉണ്ട്. അവരുടെ വണ്ടികൾക്ക് ആകാശത്തിലേക്ക് പറക്കാനും വെള്ളത്തിലേക്ക് നീന്താനം ആഴത്തിൽ ഊളിയിടാനും അറിയാം . അവിടെ ഇല്ലാത്ത ഒന്നുമില്ല. ആലോചിച്ചു പറയുക. ഏതു കാര്യമായാലും നന്നായി ആലോചിച്ച് മാത്രമേ തീരുമാനിക്കാൻ പാടുള്ളൂ എന്ന് ബാപ്പ പറയും

അവന്റെ മുഖത്ത് സുതാര്യമായ ഒരു അജ്ഞാത തിളങ്ങി നിന്നിരുന്നു. ഞാനൊന്നും പറഞ്ഞില്ല. എത്ര വലിയ നഗരം ബാഗ്‌ദാദ് ! എത്ര വലിയ സംസ്കാരം! മഹാ പണ്ഡിതൻമാരുടെ സ്ഥലം. കള്ളന്മാരുടെയും വേശ്യകളുടെയും നാട്. മൻസൂർ അൽ ഹലാജ് തങ്ങളുടെ ചോര ഒഴുകിയ മണ്ണ് .ഓരോ നഗരത്തിനും അതിന്റെതായ വിളിയുണ്ട്. ഉള്ളിൽ ആ വിളി വീണു കത്തിപ്പിടിച്ച് ഒഴിവാക്കാൻ കഴിയാത്തതായി മാറുമ്പോൾ ഞാൻ അവിടെ ചെന്നെത്തിയിരിക്കും. എവിടെയും ഒരേ ജനത തന്നെ. പാവങ്ങൾ, പണക്കാർ, പുഞ്ചിരിക്കുന്നവർ, ചീത്ത പറയുന്നവർ, അധ്വാനിക്കുന്നവർ, ചൂഷണം ചെയ്യുന്നവർ. മനുഷ്യന്റെ എല്ലാ നന്മകളും തുല്യമായ തിന്മ കൊണ്ട് സമപ്പെടുത്തിയിരിക്കുന്നു.

ഈ അഞ്ചു കൊല്ലത്തിൽ ഞാൻ പേർഷ്യയും ഈജിപ്തും കടന്നു അൽജീരിയ വരെ പോയി മടങ്ങി. എവിടെ തുടങ്ങിയെന്ന് ഓർമ്മയില്ല. ഇവിടെ ഇപ്പോൾ ഇങ്ങനെ വന്നെത്തുമെന്ന് ഞാൻ തുടങ്ങിയ ഏത് ക്ഷണത്തി തീരുമാനിക്കപ്പെട്ടു? ഞാൻ ജനിക്കുമ്പോഴോ? അല്ലെങ്കിൽ എന്റെ വീട്ടിൽ നിന്നും ആദ്യത്തെ ചുവടു എടുത്ത് വയ്ക്കുമ്പോഴോ? വൈക്കത്തിനടുത്ത് ആ ചെറിയ ഗ്രാമം, തലയോലപ്പറമ്പ്, അതിനും ഈ മരുഭൂമിയ്ക്കും എന്തു ബന്ധം ? ഇതുവരെ ഞാൻ വന്നത് അല്ലാഹുവിന്റെ ഉത്തരവ് കൊണ്ടെങ്കിൽ അത് തന്നെ എന്നെ നയിക്കട്ടെ.

അവൻ കരിത്തുണ്ടുകളിൽ ചെറിയൊരു തീ പൊരുത്തി, മുളച്ച കനലിനെ വിശറി കൊണ്ട് വീശി വലിയ തീയാക്കിക്കൊണ്ടു എന്നോട് ചോദിച്ചു “എവിടുന്നുന്നു? കിഴക്ക് ഒരുപാട് അകലെ നിന്നോ?”

“അതേ ഹിന്ദുസ്ഥാൻ”

“യാ അള്ളാ” അവൻ ആശ്ചര്യത്തോടെ പറഞ്ഞുകൊണ്ട് അടുത്തേക്ക് വന്നു. കണ്ണുകൾ വിടർന്നിരുന്നു. “ഞാൻ കൊച്ചുനാളിൽ കൈബർ കടന്നു മുൾത്താൻ വരെ വന്നിട്ടുണ്ട്. ഒരുപാട് മരുഭൂമികൾ പിന്നിടണം. ഞങ്ങൾ ഈന്തപ്പഴവും അത്തറും കൊണ്ടുപോയിരുന്നു. വലിയൊരു പുഴയ്ക്ക് അപ്പുറത്ത്ഹിന്ദുസ്ഥാൻ.അത് കഴിഞ്ഞു അപ്പുറത്തും അതുപോലെ സ്ഥലങ്ങൾ ഉണ്ടോ?”

“അതേ. നിറയെ നാടുകൾ ഉണ്ട്. നോക്കത്താ ദൂരം വരെ അവ നീണ്ടുനീണ്ടു പോയി കൊണ്ടേയിരിക്കും. അങ്ങനെ പൊയ്ക്കൊണ്ടേയിരുന്നാൽ നമ്മൾ തുടങ്ങി ടത്ത് തന്നെ വന്നുചേരും എന്നു ഇപ്പോൾ ചില പറയുന്നു

ഇസ്മായിൽ തെല്ലു നേരം എന്നെ കണ്ണ്ചിമ്മാതെ നോക്കി. ആവശ്യമില്ലാത്തത് പറഞ്ഞു അവനെ ഇടങ്ങേറാക്കണ്ട എന്ന് ഞാൻ കരുതി. കാലുകൾ നീട്ടിക്കൊണ്ട് ഒന്ന് അയഞ്ഞ് ഇരുന്ന് ഞാൻ പറഞ്ഞു.” സായിപ്പന്മാർ അങ്ങനെ പല മണ്ടത്തങ്ങളും വിളിച്ചു പറയും. അവർക്കെന്തും ആകാം.”

അവൻ പെട്ടെന്ന് ബോധം വീണ്ടെടുത്ത് കണ്ണുകൾ മലർത്തി ഉറക്കെ ചിരിച്ചു. “അതേ. തനി പോഴത്തം, അല്ലാതെന്തു?”

ഞാനും ഒപ്പം ചേർന്ന് ചിരിച്ചു. പല മാസങ്ങൾക്ക് ശേഷം ഞാൻ അന്നു ചിരിച്ചു. അപ്പോൾ തിരസീലയുട അപ്പുറത്തുനിന്ന് ഒരു ചിരിയൊച്ച കേട്ടു .കറുത്ത ആകാശത്ത് വെളുത്ത വരയായി നേർത്ത മിന്നൽ തുടിച്ച് അമരുന്നതുപോലെ. ലളിതം,മധുരതരം. ആരോ ഇടയ്ക്ക് കയറി അവളെ പതുക്കെ ശാസിച്ചു. കാറ്റിൽ തിരശ്ശീല പൊന്തി താഴ്ന്നപ്പോൾ വിളക്കുകളുടെ വെളിച്ചത്തിൽ കനല് പോലെ കത്തി നിന്ന മുഖങ്ങൾ തെളിഞ്ഞു മറഞ്ഞു. ഞാൻ സംസാരിക്കുമ്പോൾ അവിടെ നിന്നും ഒച്ച കേൾക്കാറില്ല എന്ന് ഞാൻ ഓർത്തു. അവൾ ആരാണ്? വേറാരുമല്ല.!അവ തന്നെ. അവളും അവളുടെ അനേകം പ്രതിഛായകളും. . ഇങ്ങിനെ ആയിരമായിരം സ്ത്രീകളായി രൂപം കൊണ്ട് വരുന്നതൊക്കെ അവൾ മാത്രം. അവളുടെ കുറുമ്പും ധിക്കാരവും പരിഹാസവും സ്നേഹവും ദേശങ്ങൾ തോറും നാടുകൾതോറും നിറഞ്ഞിരിക്കുന്നു .നിഴൽ പോലെ അവ എന്നെ തുടർന്നു വരുന്നു.

“സഹോദരാ തേ- പാനം കഴിക്കുന്നോ?”

നെടുകേ രണ്ടായി പിളർന്നു എൻറെ ഒരു ഭാഗം മടങ്ങി. ഞാൻ കണ്ണ് തുറന്നു നെടുവീർപ്പിട്ട് “തരിക” എന്ന് പറഞ്ഞു . അവൻ ഒരു ചെറിയ കിണ്ടിയിൽ വെള്ളം നിറച്ച് , നന്നേ ചുവന്ന് വണ്ട് പോലെ മൂളിക്കൊണ്ടിരിന്ന കനലിൻറെ മീതെ വചിട്ട് വിശറി കൊണ്ട് വീശിതുടങ്ങി. തീ ചീറി ഫണം വിടർത്തി, വാ തുറന്നു തീപ്പൊരികൽ തുപ്പിത്തുടങ്ങി. അതിൽ നിന്നും ചൂട് ചെറിയ തിരകളായി വന്നു എന്റെ പുറംകയ്യിൽ പടർന്നു. ചൂട് പടർന്ന സ്ഥലത്തേക്ക് തണുത്ത ഉള്ളംകൈ വച്ച് ഞാൻ ആശ്വസിപ്പിച്ചു.

“സഹോദരാ ഹബൂബകളെ പറ്റി നിനക്ക് അറിയാമോ? ആകാശം തൊട്ട് അവ പൊങ്ങി വരും. ഹബീബി അല്ല, ഹബൂബ്.” ആ വാക്കു കൊണ്ടുള്ള കളി അവന്നുതന്നെ നന്നേ രസിച്ചു.. കണ്ണടച്ച് വാ തുറന്നു ചിരിച്ചുകൊണ്ട് അവൻ പറഞ്ഞു “ഹബീബി പോലെയല്ല ഹബൂബ് തഴുകുന്നത്. ആളെ കൊല്ലുന്നതാത്. ഒറ്റയ്ക്ക് പോകുന്ന ഒരാൾ അതിൽനിന്നും രക്ഷപ്പെടുന്നത് വളരെ അപൂർവം. മണലിന്റെ ഒപ്പം പൂഴിയും കലർന്നു വരുമ്പോൾ നേർത്ത പൊടി മൂക്കിൽ കയറി ശ്വാസം മുട്ടും. ശ്വാസം വലിക്കും തോറും മരുഭൂമി അകത്തേക്ക് കടന്നുവരും. യാ അള്ളാ!”

അത് ഭാവന ചെയ്തത് പോലെ അവൻ സ്വന്തം ശരീരം ഒന്നുലച്ചു . “ഞങ്ങൾ എപ്പോഴും അത് വരാത്ത പാതയിലൂടെ മാത്രമേ യാത്ര ചെയ്യുകയുള്ളൂ. മരുഭൂമിയുടെ മക്കളായ ബദൂക്കൾക്കു മാത്രമേ അവയെ മുമ്പേ കണ്ടെത്താനാവും

അവൻ ചെറിയൊരു പാത്രത്തിൽ നിന്ന് എന്തോ ഉണങ്ങിയ പച്ചില തിളയ്ക്കുന്ന വെള്ളത്തിലിട്ടു. പാത്രത്തിൽ നിന്നും മൃദുവായ ആവി പൊങ്ങിത്തുടങ്ങി. അത് ഏതാനും നേരം തിളയ്ക്കാൻ വിട്ടു, പിന്നെ വാങ്ങി വെളുത്ത തുണിയിൽ ഒഴിച്ച് അരിച്ചെടുത്ത് എന്റെ അടുത്ത് വന്ന് ,ശരീരം കുനിച്ച് തൊഴുത് , രണ്ട് കൈകൊണ്ട് ആ പാത്രം എന്നെ നോക്കി നീട്ടി അവൻ പറഞ്ഞു. “ഞങ്ങളുടെ സൽക്കാരം സ്വീകരിക്കുക കൂട്ടുകാരാ “

ഞാൻ നന്ദി പറഞ് അത് സ്വീകരിച്ചു .മണമുള്ള ആവി പിപിഞ്ഞാണത്തിൽ നിന്നും പൊന്തി നൃത്തം പോലെ ഉലഞ്ഞാടി. ഒരു കവിൾ കുടിച്ചപ്പോൾ മനസ്സിലായി അത് ചായ അല്ല. ഇവിടെ മരുഭൂമിയിൽ ദൂക്കൾ കുടിയ്ക്കുന്ന ഒരു പാനം. ഒരുതരം മരപ്പട്ട വെള്ളത്തിലിട്ട് കാച്ചി ഇറുത്തെടുക്കും. പക്ഷേ അപ്പോൾ അത് എന്റെ തലയുടെ രണ്ടു വശത്തും വന്നു ഞെക്കുന്ന വല്ലാത്ത ഭാരത്തിന്നു ആശ്വാസമായി തോന്നി. അന്ന് മാത്രം ഞാൻ നല്ല മധുര മനോഹരമായ കൊടുംവെയിലിൽ ഇരുപത്തുനാല് മൈലുകൾ നടന്നിരുന്നു. ആ കട്ടകഷായം കുടിച്ചു ഇടതു കൈകൊണ്ട് മെല്ലെ എൻ്റെ പാദങ്ങൾ ഉരുമ്മിക്കൊണ്ട് അവിടെയിരുന്നു. മധുരതരമായ ഒരു വേദന വിരലിൽ കൊളുത്തിക്കേറി ഞറാമ്പുകളെ വിറപ്പിച്ച്ചുകൊണ്ടു മുകളിലെത്തി തലയ്ക്കുളിൽ കടന്നു. കൊള്ളാം. നല്ല രസമുണ്ട്.

ഞാൻ അവനോട് ചോദിച്ചു “അപ്പോൾ നിങ്ങൾ മരുഭൂമിയുടെ മക്കൾ അല്ലേ?”

“യാ അള്ളാ! ഞങ്ങൾ കച്ചവടക്കാർ സഹോദരാ. ഞങ്ങളുടെ കയ്യിൽ തങ്കവും വെള്ളിയും ഒക്കെ ഉണ്ട് .ഞങ്ങൾ പദുക്കളോട് അടുക്കാറില്ല. അവർ കുളിക്കില്ല. നിസ്കരിക്കുകയും ഇല്ല. ഞങ്ങൾ ഒട്ടകങ്ങളെ മാത്രം അവരിൽ നിന്നും വാങ്ങും. അവരെപ്പോലെ ഒട്ടകം വളർത്താൻ മറ്റുള്ളവർക്ക് കഴിയില്ല. പുറത്ത് നോക്കിയില്ലേ, അൽ മഹ്റാ ഒട്ടകങ്ങൾ. മുന്തിയ ജാതിയാണവ. മാഷാള്ളാ. ഞങ്ങൾ ബദുക്കൾ അല്ല. ഞങ്ങൾ വേറെ. ഇൻഷാഅള്ളാ !”

അവൻ സംസാരിച്ചുകൊണ്ട് ഒരു തുണിസഞ്ചിയിൽ നിന്നും ഗോതമ്പുമാവ് കൈകൊണ്ടു വാരി എടുത്ത് വെള്ളം ഒഴിച്ച് കുഴച്ചു തുടങ്ങി. ആ ചെറിയ വെളിച്ചത്തിൽതന്നെ ഞാൻ പുഞ്ചിരിക്കുന്നത് അവൻ കണ്ടു. അവൻ പറഞ്ഞു “റിയാദിലും ബാഗ്ദാദിലും യെമനിലും ഉള്ളവർ ഞങ്ങളെ പദുക്കൾ എന്നു കരുതുന്നു. അവിടെയുള്ള ആളുകൾക്ക് മനസ്സിലാവില്ല. അവർ അറബികളായ ഞങ്ങളെല്ലാം ഒന്ന് എന്ന് കരുതുന്നു . ഞങ്ങൾക്കും അവർക്കും ഒരു ബന്ധവുമില്ല. മനസ്സിലാക്കുക. ഞാങ്ങൾ വേറെ”

ആദ്യമായി അവന്റെ മുഖത്തിൽ ഒരു ചെറിയ വെറുപ്പ് ഞാൻ കണ്ടു. അതേ, അവന്റെ മുഖത്തിലും വെറുപ്പ് ഉണ്ടാവാൻ കഴിയും. അത് ദൈവത്തിന്റെ വഴി.

ആ പാനം കുടിച്ചു കൊണ്ട് ഞാൻ അവൻ മാവു കുഴക്കുന്നത് വെറുതെ നോക്കിയിരുന്നു. ബ്രിട്ടീഷുകാർ ഇവിടെ ഭരണത്തിൽ വന്നതിനുശേഷം മരുഭൂമിയിലെ നാടോടി ജനങ്ങൾക്ക് പൊതുവേ ബദൂയിനുകൾ എന്ന വാക്ക് അവർ ഇട്ടുകൊടുത്തു. വളരെ പ്രാകൃതമായവർ എന്ന് ആ വാക്ക് അറബിയിൽ അർത്ഥമാകുന്നു. അതുകൊണ്ട് അറബികളിൽ കച്ചവടക്കാർ വാക്കു വെറുത്തു. അവർ ബദുക്കൾ അല്ല എന്ന് ഉറപ്പിക്കാൻ കച്ചവടക്കാർ പല രീതിയിലും ശ്രമിക്കാറുണ്ട്. ഇവരും നാടോടികൾ തന്നെ. ഇവർക്കും സ്ഥിരമായി വീടും നാടും ഒന്നും ഇല്ല. പക്ഷേ യൂറോപ്യന്മാരോട് നല്ല ബന്ധം ഉണ്ടായിരുന്നു. അവർ കച്ചവടത്തിന്നായി മൊറോക്കോ മുതൽ പേർഷ്യ വരെ യാത്ര ചെയ്യുകയും ധാരാളം കാശുണ്ടാക്കുകയും ചെയ്തു.

പക്ഷേ ആടുകളും ഒട്ടകങ്ങളും മാത്രം മേയ്ച്ച് കൊണ്ട് ജീവിച്ച ഒരു ഭാഗം ജനത ബ്രിട്ടീഷുകാർ ഉണ്ടാക്കിയ സാമ്പത്തിക ചട്ടക്കൂട്ടിനുള്ളിൽ കയറാതെ പഴയ ജീവിതത്തിൽ തന്നെ നിന്നുപോയി. പിന്നിപ്പറിഞ്ഞ വസ്ത്രങ്ങളും, ആട്ടിൻതുകൽ സഞ്ചികളിൽ കുടിവെള്ളവുമായി അവർ മരുഭൂമിയിൽ തന്നെ തനിച്ചു ജീവിച്ചു. അവർക്ക് അറബി ഭാഷയുടെ ശരിക്കുള്ള രൂപം തന്നെ സംസാരിക്കാൻ അറിയില്ല. അവരിപ്പോഴും ആയിരക്കണക്കിന് കൊല്ലം ചരിത്രമുള്ള മരുഭൂമി സംസ്കാരത്തെ കൊണ്ടുനടക്കുന്നു അവർക്ക് പുതിയ ആയുധം കൊണ്ട് പൊരുതാൻ ആവില്ല. അതുകൊണ്ട് അവർ യൂറോപ്യൻ യാത്രികരോട് അല്ലെങ്കിൽ അറബി കച്ചവടക്കാരോട് യാതൊരു മത്സരത്തിനും എത്തിയില്ല. അവർ കൊള്ളക്കാരുമല്ല.

അറപ്പുണ്ടെങ്കിലും ഒപ്പം കച്ചവടക്കാർക്ക് ഉള്ളിൽ അവരോടു വല്ലാത്ത ബഹുമാനവും ഉണ്ടായിരുന്നു . മരുഭൂമിയുടെ ആത്മാവിൽ ജീവിക്കുന്നവർ എന്നു അവരെപ്പററി കച്ചവട സംഘത്തിന്റെ തലവൻ പറഞ്ഞു. അവരുടെ വാക്കുകളിൽ ആദരവ് എപ്പോഴുമുണ്ടാവും. അല്ലാഹുവിന്റെ കരുണയിൽ മാത്രം വിശ്വസിച്ചു ജീവിക്കുന്നവർ എന്ന് പറയും. എന്നാൽ ഇവരും സ്വന്തം കൈയിലുള്ള പൊന്നിനും വെള്ളിക്കും ഈ മരുഭൂമിയിൽ എന്ത് പ്രയോജനം എന്ന് എന്ന് അറിയാത്ത നാടോടികൾ തന്നെ.

ഇസ്മായിൽ കുഴച്ചെടുത്ത് മാവ് ഒരു വലിയ റൊട്ടിയായി പരത്തി, കൈകൊണ്ട് തന്നെ അടിച്ച് വലുതാക്കി, അത് കാറ്റിൽ പൊക്കി എറിഞ്ഞും പിടിച്ചും ഒരു ആകാശഗോളം പോലെ വായുവിൽ നിർത്തിയും വലുതാക്കി. തുണി പോലെ മാറിക്കഴിഞ്ഞിരുന്ന അതിനെ കീറാതെ ചുവന്നു കത്തിക്കൊണ്ടിരുന്ന കനലിന്റെ മീതെ വിരിച്ചു. അത് വെന്തു ഒന്നു മുറുകിയപ്പോൾ എടുത്ത് ചുട്ടുപഴുത്ത മണലിന്റെ മീതെ തന്നെ പരത്തിയിട്ടു. റൊട്ടി മണലിൽ കിടന്നു തന്നെ വെന്തു വിടർന്നു. ബദുക്കൾ വളരെ കുറച്ചു മാത്രമേ പാത്രങ്ങളെ പ്രയോജനപ്പെടുതാറുള്ളു . ഇങ്ങനെ മണലിൽ ഇട്ട് ചുട്ടെടുക്കുന്നതുകൊണ്ടു റൊട്ടിയുടെ എല്ലാ എല്ലാ ഭാഗവും ഒപ്പത്തിന് വെന്ത് വരും.

ഗോതമ്പ് മാവ് പൊന്നായി മാറി. അത് അവിടെയും ഇവിടെയും ലേശം കരിഞ്ഞു തുടങ്ങിയപ്പോൾ ഭക്ഷണത്തിന്റെ മണം പൊങ്ങി. എൻറെ നാക്കിൽ വെള്ളമൂറി . ഞാൻ ഭക്ഷണം കഴിച്ചു രണ്ടു നാൾ കഴിഞ്ഞിരുന്നു. അതൊന്നും വലിയ കാര്യമല്ല. ഈ അഞ്ചുകൊല്ലത്തിൽ ഞാൻ കൂടുതൽ അറിഞ്ഞത് വിശപ്പിന്റെ രുചി. ഒഴിഞ്ഞ വയറ്റിൽ കത്തിപ്പടർന്ന് പടർന്ന് മുകളിൽ എത്തുമ്പോൾ അതിനു എന്തൊരു മണം! നാക്കിൽ ഉറവയുണ്ടാകും. അതിനെ ഞാൻ നുണച്ചിറക്കും. എന്തൊരു മണം. എത്ര മധുരം! പലപ്പോഴും ഞാൻ കഴിച്ചത് അത് മാത്രം. നല്ല യോഗമുണ്ടെങ്കിൽ ചിലപ്പോൾ വിശപ്പിൻറെ ഏമ്പക്കവും ഉണ്ടാവും.മരുഭൂമിയിൽ ആയതു കൊണ്ട് ഒടുവിൽ ഇത്തിരി ചൂടുള്ള ദാഹത്തെയും കുടിച്ചിറക്കാം. വിശപ്പിനും ആഹാരത്തിനും ബന്ധമുണ്ട് എന്നതുതന്നെ ഞാൻ മറന്നു കഴിഞ്ഞിരുന്നു . വിശപ്പ് എന്റെ ശരീരത്തിന്റെ ഒരു ഭാഗം എന്നോണം മാറിയിരുന്നു.

ഇസ്മായിൽ റൊട്ടി മറിച്ചിട്ട് അതിന്റെ മീതെ കനൽ പോലെ ചുട്ട മണൽ വാരി പരത്തി. റൊട്ടിയിൽ നിന്നും ചൂടുള്ള ആവി പൊന്തിയപ്പോൾ മണൽ വെള്ളം തിളക്കുന്നത് പോലെ നിന്ന് തുള്ളി. മണൽപാകം പൊതുവേ ബദുക്കൾ ചെയ്യുന്നതു. റൊട്ടിയുടെ മീതെ മണൽ വാരിയിട്ടു വേവിക്കുന്ന പതിവ് ഇവിടെ സാധാരണം. ഇസ്മായിൽ അത് എടുത്ത് കൈകൊണ്ടും മാറിമാറി അടിച്ചു മണൽ കളഞ്ഞിട്ട് എടുത്തു മണലിൽ പരത്തിയിട്ട വൃത്തിയുള്ള തുണിയിൽ വച്ചു. കുറച്ചു പൂഴി ഏതായാലും റൊട്ടിയിൽ ഉണ്ടാകും.

ഇസ്മായിലിന്റെ കൈകൾ നന്നേ മുരടിച്ചവ . അവന്നു ചൂട് ഒരു പ്രശ്നമല്ല. അരയിഞ്ച് കനത്തിൽ, ഒരു മുഴം വീഥിയിൽ നീണ്ട വട്ടത്തിലുള്ള റൊട്ടി നാലാൾക്ക് ധാരാളമായി മതിയാകും.

“സാഹിബാ മോളെ, എൻറെ ചെല്ലകുട്ടീ” എന്നു അവൻ വിളിച്ചപ്പോൾ അടുത്ത മുറിയിൽ നിന്നും അവന്റെ അനുജത്തി പുറത്തേക്കു വന്നു. എന്നെ കൈ വീശി ആദരിച്ചിട്ടു അവൾ അടുത്തുതന്നെ കാൽ മടക്കി ഇരുന്ന് ഞങ്ങൾക്ക് വിളമ്പി തുടങ്ങി. തിരശ്ശീലയ്ക്ക് അപ്പുറത്തുനിന്നും നനൂത്ത ചിരികൾ കേട്ടു. അവൾ കൈയിൽ കൊണ്ടുവന്ന വാളിയിൽ ആട്ടിന്പാല് പുളിച്ച തൈരിൽ കുരുമുളകും ഉപ്പും ഇട്ട് വേവിച്ചെടുത്ത ആട്ടിറച്ചി വലിയ വെളുത്ത തുണ്ടുകളായി പൊന്തിക്കിടന്നു. റൊട്ടിയിൽ നിന്നും കീറിയെടുത്ത് നാലിൽ ഒരു ഭാഗത്തിന് മുകളിൽ ഒരു വലിയ കഷണം ആട്ടിറച്ചി തൈരോടുകൂടി എടുത്തു വെച്ച് പുഞ്ചിരിയോടെ അവൾ എനിക്ക് നൽകി. ഒരു റാത്തൽ തൂക്കമുണ്ടാവും ഒരു തുണ്ടു ആട്ടിറച്ചിക്ക്. അവളുടെ നോട്ടം എൻറെ കണ്ണുകളെ ഒരു ക്ഷണം മുട്ടി ഉടനെ താണ്,വീണ്ടും പൊന്തി. പിന്നെയും ഒറ്റ ക്ഷണത്തിൽ ഒരു തൊട്ട്മടക്കം.

ഞാൻ ഭക്ഷണം കയ്യിൽ വാങ്ങി അവളെ നോക്കി പുഞ്ചിരിച്ചു. എന്റെ ശരീരം ഒന്ന് തുടിച്ചു. താടിയും മീശയുമായി ഞാനൊരു കാട്ടുജീവിയുടെ കോലത്തിൽ ആയിരുന്നു. എന്റെ വലിയ മൂക്ക് അവൾക്ക് കളിയായി തോന്നിയിരിക്കാൻ ഇടയുണ്ട്. അല്ല. അല്ലേ അല്ല. അവളുടെ നോട്ടത്തിന്നു ചൂടേറിക്കുന്ന മൂർച്ച ഉണ്ടായിരുന്നു. എന്റെ ശരീരം രോമാഞ്ചം കൊണ്ട് തിമിർത്തു. ഞാൻ നോട്ടം മാറ്റി. തലയ്ക്കുള്ളിൽ ആയിരം മിന്നലുകൾ വെട്ടുന്നതു പോലെ അവളുടെ നോട്ടം പിന്നെയും പിന്നെയും ജ്വലിച്ചുക്കൊണ്ടിരുന്നു. അപ്പോൾ അവരോടൊപ്പം പാഗ്ദാദിലേക്കു പോയാലെന്തു എന്ന് എനിക്ക് തോന്നി . അടുത്ത ക്ഷണം എന്നെ ഞാൻ നിന്ദിച്ചു. അവൾ എണീറ്റുപോയി. അവളുടെ മൃദുവായ ഗന്ധം മാത്രം അവിടെ ബാക്കിയായി. എല്ലാത്തിനും അപ്പുറത്ത് ഈ ഭൂമിയിൽ മനുഷ്യനെ ജീവിപ്പിക്കാൻ പ്രേരിപ്പിക്കുന്ന ആ സുഗന്ധം. അതിന് ഞാൻ ആയിരം ആയിരം മധുര ചുംബനങ്ങൾ നൽകും.

ഇസ്മായിൽ ബാക്കിയായ റൊട്ടിയിൽ ഒരു തുണ്ടു മാത്രം എടുത്തുകൊണ്ട് എന്റെ അടുത്തു വന്നിരുന്നു. അവൻ ഇറച്ചി എടുത്തില്ല എന്നത് ഞാൻ ശ്രദ്ധിച്ചു. “ബാപ്പ ഈ ഭാഗങ്ങൾ ഒന്ന് ചുറ്റി നോക്കാൻ പോയിരിക്കുന്നു . ഇവിടെ കള്ളന്മാരും കൊള്ളക്കാരും കൂടുതലുണ്ട്. ഒന്ന് നോട്ടം അയഞ്ഞാൽ ആടുകളോ ഒട്ടകങ്ങളോ മോഷണം പോകും. അല്ലെങ്കിൽ ചെന്നായകൾ വരും. രണ്ടുമൂന്നു മൈൽ അകലം വിട്ട് ചെന്നായകൾ ഞങ്ങളെ തുടർന്നു വന്നു കൊണ്ടേയിരിക്കും . പക്ഷേ ബാപ്പയുടെ കണ്ണുകളിൽ നിന്നും ഒന്നും രക്ഷപ്പെടില്ല. ഒറ്റ കണ്ണടച്ച് വെടിവെച്ച് ഒരു മൈൽ ദൂരത്ത് ഇരിക്കുന്ന ഒരു കുരുവിയെ വീഴ്ത്താൻ ബാപ്പയ്ക്ക് കഴിയും.”

“നീ അത് കണ്ടിട്ടുണ്ടോ?”

“ഇല്ല, അങ്ങനെ ഒത്ത കുരുവികളൊന്നും ഇതുവരെ വന്നിട്ടില്ല”

ഞാൻ റൊട്ടി ചീന്തിയെടുത്തു . പുറമേയ്ക്ക് അത് ഉറച്ചതാണെങ്കിലും ഉള്ളിൽ വളരെ മൃദുവായിരുന്നു. ആട്ടിറച്ചി തൈരിൽ വേവിച്ചതുകൊണ്ട് മൃദുവായി മാറിയിരുന്നു. ഞാൻ അതിൽ ഒരു തുണ്ട് എടുത്തു ചവച്ചു .അപ്പോൾ എന്റെ വയറു ഒരു വന്യമൃഗത്തെ പോലെ മുരണ്ടു. വിശപ്പു ആകാരത്തിനോട് ക്രുരമായി പൊരുതുന്നത് പോലെ. എന്നോട് എന്റെ വയറിനു ഒടുങ്ങാത്ത വൈരാഗ്യം ഉള്ളതുപോലെ. ഞാൻ ആ മാംസം നന്നായി ചവച്ചു തൊണ്ടയിൽ പതിയെ ഇറക്കി. ആമാശയത്തിലെ തീ ആയിരം കൈ വിരിച്ചു പൊന്തിവന്നു അത് ഏറ്റുവാങ്ങി. പിന്നെയും പിന്നെയും വയറിന്റെ ഗർജനം. കത്തികൊണ്ട് കുത്തി അകത്തുള്ള പേശികളെ കീറുന്ന വേദന. ഞാൻ ആ വേദനയെ ചവച്ച് ചവച്ചിറകി. എനിക്ക് ശ്വാസംമുട്ടി .

ഇസ്മായിൽ എന്നെ നോക്കി പുഞ്ചിരിച്ചു. “നല്ല വിശപ്പുണ്ടായിരിക്കും എന്ന് തോന്നി സഹോദരാ. അതുകൊണ്ടാണ് ഞാൻ മുഴുവൻ ഇറച്ചിയും താങ്കൾക്കു തന്നെ വെക്കാൻ പറഞ്ഞത്”.വെളുത്ത പല്ലുകൾ കാട്ടി അവൻ ചിരിച്ചു. എന്റെ കണ്ണുകളിൽ നിന്ന് കണ്ണുനീർ ഒലിച്ചിറങ്ങി

அடுத்த கட்டுரைmarubhumi 2